ഭോപ്പാല്‍: പ്രമുഖ കോണ്‍ഗ്രസ് നേതാവും രണ്ടുതവണ മന്ത്രിയുമായ നേതാവിന്‍റെ മകളെയാണ് ഇത്തവണ ബിജെപി മധ്യപ്രദേശിൽ മുസ്ലീം മുഖമായി ഉയര്‍ത്തിക്കാട്ടുന്നത്. ഫാത്തിമ റസ്സൂൽ സിദ്ദിഖി മധ്യപ്രദേശിലെ ബിജെപിയുടെ ഏക മുസ്ലീം സ്ഥാനാര്‍ത്ഥി കൂടിയാണ്.

ഗോളിയോറിലെ രാജാവായിരുന്ന മാധവ്റാവു സിന്ധ്യയുടെ അടുത്ത കൂട്ടുകാരനും കോണ്‍ഗ്രസ് നേതാവുമായിരുന്ന റസൂൽ സിദ്ദിഖിയുടെ മകളാണ് ബി.ജെ.പിയുടെ ഭോപ്പാൽ നോര്‍ത്ത് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ഫാത്തിമ റസൂൽ സിദ്ദിഖി. എതിര്‍ക്കുന്നത് അഞ്ച് തവണ ഈ മണ്ഡലത്തിൽ നിന്ന് വിജയിച്ചുവരുന്ന ആരിഫ് അക്യൂലിനെ. സീറ്റ് നിഷേധിച്ചതിലുള്ള അതൃപ്തിയാണ് ഫാത്തിമ സിദ്ദിഖിയെ ബിജെ.പിയിലെത്തിച്ചത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നേരിട്ടെത്തിയാണ് ഫാത്തിമയക്ക് ബി ജെ പിയിൽ അംഗത്വം നൽകിയത്.

മുത്തലാഖ് പോലുള്ള വിഷയത്തിൽ ബി.ജെ.പിയെടുത്ത തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ടാണ് ഫാത്തിമയുടെ പ്രചരണം. ഒപ്പം റസൂൽ സിദ്ദിഖിയുടെ കാലത്തെ വികസന നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടുന്നു. ഫാത്തിമ സിദ്ദിഖിയിലൂടെ ന്യൂനപക്ഷ വോട്ടുകൾ സ്വന്തമാക്കാമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. ഭോപ്പാൽ നോര്‍ത്ത് മണ്ഡലത്തിന് പുറത്തും ഫാത്തിമയെ അതുകൊണ്ട് ബി.ജെ.പി പ്രചരണത്തിനിറക്കുന്നു.

ഏഴുകോടിയിലധികം വരുന്ന മധ്യപ്രദേശിലെ ജനസംഖ്യയിൽ 40 ലക്ഷത്തോളം മുസ്ലിം സമുദായ വോട്ടര്‍മാരുണ്ട്. 230 സീറ്റിൽ 25 ഇടത്തെങ്കിലും മുസ്ലിം വോട്ട് നിര്‍ണായകമാണ്. ഇവിടങ്ങളിൽ ഫാത്തിമ സിദ്ദിഖിയിലൂടെ ചലനമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബിജെപി.