Asianet News MalayalamAsianet News Malayalam

'രാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിൻ്റെ വിജയം', നന്ദിയറിയിച്ച് പ്രിയങ്ക ഗാന്ധി

ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിൽ വലിയ വിജയം നേടി കോൺഗ്രസ് ബിജെപിയെ നിലംപരിശാക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. 

Priyanka Gandhi thanks to the voters of Karnataka JRJ
Author
First Published May 13, 2023, 4:25 PM IST

ബെംഗളുരു : കർണാടകയിലെ മിന്നും വിജയത്തിൽ കർണ്ണാടകയിലെ വോട്ടർമാർക്ക് നന്ദിയറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിൻ്റെ വിജയമാണ് കർണാടകയിലേതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി. കേവല ഭൂരിപക്ഷത്തിനും മുകളിൽ 137 സീറ്റുകളാണ് കർണാടകയിൽ കോൺഗ്രസിന് ലഭിച്ചിരിക്കുന്നത്. ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിൽ വലിയ വിജയം നേടി കോൺഗ്രസ് ബിജെപിയെ നിലംപരിശാക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. 

കർണാടകത്തിൽ ജയിച്ച മുഴുവൻ സ്ഥാനാർത്ഥികളോടും ഉടൻ ബെംഗളൂരുവിൽ എത്താൻ പാർട്ടി നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. സിദ്ദരാമയ്യയെ ആണ് മുഖ്യമന്ത്രി ആക്കേണ്ടതെന്ന് മകൻ യതീന്ദ്ര അഭിപ്രായപ്പെട്ടിട്ടുണ്ട്.  ഭരണ വിരുദ്ധ വികാരം ശക്തമായി അലയടിച്ച കർണാടകത്തിൽ വൻ വിജയമാണ് കോൺഗ്രസ് നേടിയത്. സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റിൽ 137 സീറ്റിലാണ് കോൺഗ്രസിന്റെ മുന്നേറ്റം. ബിജെപി 63 സീറ്റിലേക്ക് താഴ്ന്നു. കിങ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിന് വെറും 20 സീറ്റിലാണ് ഇപ്പോൾ നേട്ടമുണ്ടാക്കാനായത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി ആറ് ശതമാനം വോട്ടിന്റെ വർധനയാണ് കോൺഗ്രസിന് ഉണ്ടായത്. മൈസൂർ മേഖലയിൽ മാത്രം ആകെയുള്ള 61 സീറ്റിൽ 35 ഉം കോൺഗ്രസ് നേടി. ജെഡിഎസിന്റെ ശക്തികേന്ദ്രമായിരുന്നു ഇവിടം. മധ്യ കർണാടകയിൽ 25 ൽ 16 സീറ്റും ഹൈദരാബാദ് കർണാടകയിൽ 41 ൽ 23 സീറ്റും കോൺഗ്രസ് നേടി. വടക്കൻ കർണാടകയിൽ അൻപതിൽ 32 സീറ്റിൽ കോൺഗ്രസ് ജയിച്ചു. തീര മേഖലയും ബംഗളൂരുവും ആണ് ബിജെപിക്ക് ഒപ്പം നിന്നത്. ഈ രണ്ടു മേഖലകളിലെ 47 സീറ്റിൽ 29 എണ്ണം ബിജെപി നേടി. ന്യൂനപക്ഷ മേഖലകളിൽ മിക്കയിടത്തും കോൺഗ്രസിന് അനുകൂലമായി വോട്ടുകളുടെ ഏകീകരണം ഉണ്ടായി.

Read More: ദക്ഷിണേന്ത്യയില്‍നിന്ന് ബിജെപിയെ തൂത്തെറിഞ്ഞു,മോദിയെ മുട്ടുകുത്തിച്ചു,കേരളത്തിന്‍റെ കൂടി ജയമെന്ന് കെ സുധാകരന്‍

Follow Us:
Download App:
  • android
  • ios