ദില്ലി: പാര്‍ലമെന്റ് അംഗങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി സമയം ചെലവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അംഗങ്ങള്‍ക്കും പാര്‍ട്ടിക്കും വേണ്ടിയല്ല സമയം ചെലവാക്കേണ്ടത് രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശീതകാല സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റിലേക്ക് എത്തിയതായിരുന്നു പ്രധാനമന്ത്രി.  

ശീതകാല സമ്മേളനം പ്രക്ഷുബ്ധമാകുമെന്ന് തന്നെയാണ് നിലവില്‍ ലഭ്യമാകുന്ന സൂചനകള്‍. ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ രാജിയും അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. 

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങാനിരിക്കെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നല്‍കുക കടുത്ത വെല്ലുവിളിയെന്ന് സൂചന. നിർണ്ണായകമായ 5 സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രഭാവം മങ്ങിയിട്ടുണ്ട്. ശക്തമായ തിരിച്ച് വരവിന്‍റെ പാതയിലാണ് കോൺഗ്രസ്. 

മോദി പ്രഭാവം മങ്ങലേറ്റ് തുടങ്ങുന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഫലത്തിനോട് പ്രതികരിച്ച ജനങ്ങൾ പറയുന്നത്. എൻഡിഎയുടെ വാഗ്ദാന ലംഘനമാണ് മിക്കവരും കാരണമായി ചൂണ്ടികാട്ടുന്നത്.