കൊച്ചി: വയോധികരെ സഹായിക്കാൻ തനിക്കാ‍െപ്പം സഹകരിച്ച കേരള പൊലീസിന് നന്ദി പറഞ്ഞ് നടൻ ബാല. താന്‍ സഹായം ആവശ്യപ്പെട്ടപ്പോള്‍ പൊലീസുകാര്‍ സന്മനസോടെ മുന്നോട്ടു വന്നെന്നും അവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും ബാല പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം ഇക്കാര്യം വെളുപ്പെടുത്തിയിരിക്കുന്നത്. 

ബാലയുടെ വാക്കുകൾ.....

കേരള പൊലീസിനോട് നന്ദി പറയുന്നു. ലോക്ക് ഡൗൺ കാലത്തെ നിയമങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ പാവപ്പെട്ടവര്‍ എന്തു ചെയ്യും. മാമംഗലം ആശ്രമത്തില്‍ നിന്നും എനിക്ക് ഒരു ഫോണ്‍കോള്‍ വന്നിരുന്നു. അവരുടെ കയ്യില്‍ ഒന്നുമില്ല. എന്തുചെയ്യണമെന്നും അറിയില്ല. കേട്ടപ്പോള്‍ ഒരുപാട് സങ്കടമായി.

ഞാന്‍ ഉടന്‍ തന്നെ സിഐ വിജയ് ശങ്കറിനെ വിളിച്ചു. അവരെ എങ്ങനെ സഹായിക്കാന്‍ പറ്റുമെന്ന് അദ്ദേഹത്തോട് ചോദിച്ചു. നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസും എനിക്കൊപ്പം സഹായത്തിനായി എത്തി. ഒരിക്കലും ഇത്രയും പേര്‍ വന്ന് സഹായിക്കുമെന്ന് വിചാരിച്ചില്ല. അത്രത്തോളം നന്മയാണ് അവര്‍ ചെയ്തത്. എല്ലാവര്‍ക്കും നന്ദി.