മലയാളത്തില്‍ അടുത്തിടെയായി ഏറ്റവും ആഘോഷിക്കപ്പെടുന്ന ഗായകനാണ് ഹരീഷ് ശിവരാമകൃഷ്‍ണൻ. ഭാവം കൊടുത്ത് ഹരീഷ് ശിവരാമകൃഷ്‍ണൻ പാടുന്ന ഗാനങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. വിമര്‍ശകരുമുണ്ട്. പക്ഷേ ഹരീഷ് ശിവരാമകൃഷ്‍ണൻ പാടിയ കവര്‍ സോംഗുകള്‍ക്കായി കാത്തിരിക്കുന്ന  ആരാധകര്‍ ഉണ്ട്.  വിമര്‍ശകര്‍ക്ക് മറുപടിയുമായി സെല്‍ഫ് ട്രോളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഹരീഷ് ശിവരാമകൃഷ്‍ണൻ.

ഹിറ്റ് ഗാനങ്ങള്‍ വലിച്ചു നീട്ടി നശിപ്പിക്കുകയാണെന്നാണ് ചിലര്‍ ഹരീഷ് ശിവരാമകൃഷ്‍ണനെ വിമര്‍ശിക്കുന്നത്. അതിനാണ് ഹരീഷ് ശിവരാമകൃഷ്‍ണൻ മറുപടി നല്‍കിയിരിക്കുന്നത്. ഏതു പാട്ടും വിശ്വസ്‍തതയോടെ വലിച്ചു നീട്ടി പൊതിഞ്ഞു കൊടുക്കപ്പെടും. മനസ്സില്‍ പതിഞ്ഞ പഴയ ഗാനം ആണെങ്കില്‍ തികച്ചും സൌജന്യമായി. ബന്ധപ്പെടുക, എലാസ്‍ട്രിക്ക് ഏട്ടൻ, ഷൊറണൂര്‍ എന്നാണ് ഹരീഷ് ശിവരാമകൃഷ്‍ണൻ എഴുതിയിരിക്കുന്നത്. ഹരീഷ് ശിവരാമകൃഷ്‍ണന്റെ സെല്‍ഫ് ട്രോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. കവര്‍ സോംഗ് ഇറക്കാതെ സ്വന്തം ഗാനങ്ങള്‍ ഇറക്കണമെന്ന് ചില ആരാധകര്‍ പറയുന്നു.