Asianet News MalayalamAsianet News Malayalam

ശബരിമല വിധി പറഞ്ഞ ബെഞ്ചില്‍ ഉള്‍പ്പെട്ട ജസ്റ്റിസ്.ചന്ദ്രചൂഢ് 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി' നെക്കുറിച്ച് പറഞ്ഞത്

നിയമരംഗത്തെ കൂട്ടായ്മയായ സിഇഡിഎയുടെ ഉദ്ഘാടനം നടത്തിയ ഓണ്‍ലൈന്‍ ചടങ്ങില്‍ സംസാരിക്കവെയാണ് ജസ്റ്റിസ് ചന്ദ്രചൂഢ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സംബന്ധിച്ച തന്‍റെ അഭിപ്രായം പറഞ്ഞത്.

Justice Chandrachud lauds The Great Indian Kitchen malayalam movie
Author
New Delhi, First Published Apr 15, 2021, 8:28 PM IST

ദില്ലി: ജിയോ ബേബി സംവിധാനം ചെയ്ത ചലച്ചിത്രം 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' അതിന്‍റെ ഒടിടി റിലീസിന് ശേഷം വലിയ തോതിലുള്ള പ്രേക്ഷക ശ്രദ്ധയാണ് പിടിച്ചുപറ്റിയത്. ഈ ചിത്രത്തിലേക്ക് ഇന്ത്യയിലെ പ്രമുഖരുടെ ശ്രദ്ധ പതിപ്പിക്കാന്‍ ഈ ചിത്രത്തിന്‍റെ ആമസോണ്‍ പ്രൈം വീഡിയോയിലെ റിലീസ് സഹായിച്ചിട്ടുണ്ട്. ശബരിമല സുപ്രീംകോടതി വിധി അടക്കം വന്ന പാശ്ചത്തലത്തില്‍ കഥ പറയുന്ന ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് ഈ വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ബെഞ്ചില്‍ അംഗമായ ജസ്റ്റിസ്.ചന്ദ്രചൂഢ്.

നിയമരംഗത്തെ കൂട്ടായ്മയായ സിഇഡിഎയുടെ ഉദ്ഘാടനം നടത്തിയ ഓണ്‍ലൈന്‍ ചടങ്ങില്‍ സംസാരിക്കവെയാണ് ജസ്റ്റിസ് ചന്ദ്രചൂഢ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സംബന്ധിച്ച തന്‍റെ അഭിപ്രായം പറഞ്ഞത്. ഇതിന്‍റെ വീഡിയോ പ്രമുഖ നിയമകാര്യ വാര്‍ത്ത സൈറ്റ് ലൈവ് ലോ മാനേജിംഗ് എഡിറ്റര്‍ മനു സെബാസ്റ്റ്യന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

വീഡിയോയില്‍ ജസ്റ്റിസ് ചന്ദ്രചൂഢ് പറയുന്നത് ഇങ്ങനെ - 

“2021 ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' എന്ന മലയാള സിനിമ ഞാൻ അടുത്തിടെ കണ്ടു. ഭർതൃഗൃഹത്തിന്‍റെ അന്തരീക്ഷത്തിലേക്ക് പൊരുത്തപ്പെടാൻ ശ്രമിക്കുന്ന സമകാലിക കേരളത്തിലെ ഒരു നവവധുവിനെ കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രമേയപരിസരം.

സിനിമയുടെ രണ്ടാം പകുതിയിൽ വീട്ടിലെ പുരുഷൻമാർ ഒരു തീർത്ഥാടനത്തിന് തയ്യാറെടുക്കുകയാണ്. ഒപ്പം കൃതജ്ഞതാരഹിതമായ ഗാർഹിക, പാചക ജോലികളിലേക്ക് നിർബന്ധപൂർവം നിയുക്തയാക്കപ്പെടുന്ന വധുവിന്റെ പിരിമുറുക്കങ്ങൾ, സ്വന്തം ആഗ്രഹത്തിനൊത്ത ഒരു ജോലി തെരഞ്ഞെടുക്കുന്നതിൽ നിന്ന് അവൾ നേരിടുന്ന വിലക്ക്, മാസമുറക്കാലത്ത് അവൾ നേരിടുന്ന കഠിനമായ ഒറ്റപ്പെടലും അയിത്തവും..

സുപ്രീം കോടതി വിധിന്യായത്തെപ്പറ്റിയുള്ള വാർത്തകളെ സിനിമ കണിശമായ മൂർച്ചയോടെ സമീപിക്കുന്നു. അതുമായ ഈ സ്ത്രീയുടെ ജീവിതയാഥാർത്ഥ്യം ചേർത്തുവയ്ക്കുന്നു. തീർത്ഥാടനത്തിന് പോകണമെന്ന അവകാശമൊന്നും അവൾ സ്ഥാപിക്കാൻ ശ്രമിക്കുന്നില്ല. ലിംഗപരമായ വേർതിരിവുകളിൽ വിലകെട്ടുപോകുന്ന സ്വന്തം നിലനിൽപ്പ് സംരക്ഷിക്കാനുള്ള വലിയൊരു സമരത്തിലാണവൾ"".

ഇതൊരോർമപ്പെടുത്തലാണ്, നമ്മുടെ സമൂഹത്തിലെ ഇത്തരം വേർതിരിവുകളെ നിയമനിർമാണങ്ങൾ കൊണ്ടോ വിധിന്യായങ്ങൾക്കോ  മാത്രം മാറ്റിമറിക്കാനാകില്ലെന്ന ഓർമപ്പെടുത്തൽ...  ഏറ്റവും അടിസ്ഥാന അവകാശങ്ങൾക്കുവേണ്ടി ഇന്നും സ്ത്രീകൾ സമരത്തിലാണ്.”

Follow Us:
Download App:
  • android
  • ios