Asianet News MalayalamAsianet News Malayalam

'പുറമേ കാണാൻ കഴിയാത്ത മുറിവുകൾ മനസിന്റെ ഘടനയെ തന്നെ മാറ്റിമറിക്കും': പാർവതി തിരുവോത്ത്

വ്യക്തിപരവും രാഷ്ട്രീയപരവുമായിട്ടുള്ള നിലപാടുകൾ പങ്കുവയ്ക്കുമ്പോൾ ട്രോളും സൈബർ അബ്യൂസും സൈബർ ബുള്ളിയിംഗും ഒക്കെ താൻ നേരിടാറുണ്ടെന്ന് പാർവതി പറയുന്നു. 

parvathy thiruvothu against cyber abuse
Author
Kochi, First Published Oct 28, 2020, 8:07 AM IST

സെെബർ ഇടങ്ങളിൽ സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾക്കെതിരേ ഡബ്ല്യുസിസി ആരംഭിച്ച ക്യാമ്പയിനാണ് 'റെഫ്യൂസ് ദ അബ്യൂസ്'. സ്ത്രീവിരുദ്ധമായ പ്രസ്താവനകള്‍ നടത്തിക്കൊണ്ട് യൂട്യൂബില്‍ വീഡിയോകള്‍ ചെയ്ത വിജയ് പി നായര്‍ക്ക് നേരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി, ആക്റ്റിവിസ്റ്റുകളായ ദിയാ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെ ആയിരുന്നു ഇത്. 

നിരവധി പേരാണ് ക്യാമ്പയിനിൽ പങ്കെടുത്ത് കൊണ്ട് രം​ഗത്തെത്തിയത്.  ഇപ്പോൾ ഇതാ നടി പാർവതി തിരുവോത്തും ക്യാമ്പയിനിന്റെ ഭാഗമായിരിക്കുകയാണ്. 'സൈബർ ഇടം ഞങ്ങളുടെയും' എന്ന പ്രഖ്യാപനത്തോടെയാണ് ഡബ്ല്യുസിസിയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ പാർവതിയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വ്യക്തിപരവും രാഷ്ട്രീയപരവുമായിട്ടുള്ള നിലപാടുകൾ പങ്കുവയ്ക്കുമ്പോൾ ട്രോളും സൈബർ അബ്യൂസും സൈബർ ബുള്ളിയിംഗും ഒക്കെ താൻ നേരിടാറുണ്ടെന്ന് പാർവതി പറയുന്നു. ഈ അനുഭവത്തിൽ നിന്ന് മനസ്സിലാക്കുന്നത് ഒരു ഫിസിക്കൽ അറ്റാക്ക് ആകുമ്പോൾ ആ മുറിവുകൾ നമ്മുടെ ദേഹത്ത് കാണാൻ കഴിയും. പക്ഷേ, സൈബർ ബുള്ളിയിംഗിന്റെ മുറിവുകൾ നമുക്ക് വ്യക്തമായി പുറത്ത് കാണാൻ കഴിയില്ലെന്നും പാർവതി വീഡിയോയിൽ പറയുന്നു. 

പാർവതി തിരുവോത്തിന്റെ വാക്കുകൾ

'എല്ലാവർക്കും നമസ്കാരം, എന്റെ പേര് പാർവതി തിരുവോത്ത്. ഞാൻ സിനിമയിൽ വന്ന് 15 വർഷമാകുന്നു. സോഷ്യൽ മീഡിയയിൽ ജോയിൻ ചെയ്ത് ഏറെക്കുറെ 10 വർഷമാകുന്നു. എന്റെ സിനിമകൾക്ക് എത്രത്തോളം അംഗീകാരങ്ങൾ കിട്ടിക്കൊണ്ടിരുന്നോ അതേ അളവിൽ തന്നെ സോഷ്യൽ മീഡിയയിൽ എല്ലാവരും പ്രേക്ഷകരുമായിട്ടുള്ള എൻഗേജ്മെന്റ് കൂടിക്കൊണ്ട് തന്നെയിരുന്നു. അതിൽ വളരെ പോസിറ്റീവ് ആയിട്ടുള്ള എല്ലാ കമന്റ്സിനും മെസേജിനും ഒക്കെ റെസ്പോൺസ് ചെയ്യാൻ ഒരുപാട് ആഗ്രഹിക്കാറുണ്ട്. അത് എൻജോയ് ചെയ്യാറുണ്ട്. പക്ഷേ, അത് പോലെ തന്നെ എന്റെ വ്യക്തിപരമായിട്ടുള്ള രാഷ്ട്രീയപരമായിട്ടുള്ള നിലപാടുകൾ ഞാൻ പങ്കു വയ്ക്കുമ്പോൾ ട്രോളിംഗും സൈബർ അബ്യൂസും സൈബർ ബുള്ളിയിംഗും ഞാൻ നേരിടാറുണ്ട്. ഈ അനുഭവത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് അല്ലെങ്കിൽ, മനസ്സിലാക്കി കൊണ്ടിരിക്കുന്നത് ഒരു ഫിസിക്കൽ അറ്റാക്ക് ആകുമ്പോൾ ആ മുറിവുകൾ നമ്മുടെ ദേഹത്ത് കാണാൻ കഴിയുമെന്നതാണ്. പക്ഷേ, സൈബർ ബുള്ളിയിംഗിന്റെ മുറിവുകൾ നമുക്ക് വ്യക്തമായി പുറത്ത് കാണാൻ കഴിയാത്തതാണ്. അതുകൊണ്ടു തന്നെ അതിനെപ്പറ്റി നമ്മൾ കൂടുതൽ ബോധവാൻമാർ ആകേണ്ടതാണ്. കാര്യം ഒരു വ്യക്തിയെ ഭീതിയിൽ അല്ലെങ്കിൽ ഭയത്തിൽ ജീവിക്കാൻ പുഷ് ചെയ്യുന്ന തരത്തിലുള്ള നമ്മുടെ ബിഹേവിയർ എന്താണെന്നുള്ളത് അത് ചെയ്യേണ്ട ആവശ്യമുണ്ടോ അതിൽ നിന്ന് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നത് സ്വയം ചോദിച്ചു മനസ്സിലാക്കേണ്ട ഒരു കാര്യമാണ്. ഞാൻ നിങ്ങൾ എല്ലാവരോടും അത് ആരു തന്നെയായാലും അത് പുരുഷൻമാർ എന്ന് മാത്രമല്ല, ആരു തന്നെയായാലും നിങ്ങൾ അങ്ങനെ ചെയ്യുന്നുണ്ടോ അറിഞ്ഞും അറിയാതെയും. നിങ്ങൾ അതിനെപ്പറ്റി ചിന്തിക്കണം എന്ന് ഞാൻ റിക്വസ്റ്റ് ചെയ്യുകയാണ്. അതുപോലെ തന്നെ നിങ്ങളിത് നേരിടുകയാണെങ്കിൽ നിങ്ങൾക്ക് അവകാശങ്ങളുണ്ട്. അവകാശങ്ങൾ നിയമപരമായി പൂർണമായ തരത്തിൽ നമ്മളെ സംരക്ഷിക്കുന്നത് അല്ലെങ്കിലും, അതിലേക്ക് എത്തിക്കാനുള്ള പ്രാപ്തിയും അവകാശവും നമ്മൾക്കുണ്ട്. അതിലുപരി പൗരൻമാരെന്ന നിലയിൽ ഒരു കടമയാണ് നമ്മളുടെ. അതുപോലെ തന്നെ അതിലേക്ക് ചേർന്നു തന്നെ ഇത്തരം സൈബർ ബുള്ളിയിംഗുകളെ റെഫ്യൂസ് ചെയ്യണം. നമുക്ക് പുറമേ കാണാൻ കഴിയാത്ത മുറിവുകൾ മനസിന്റെ ഘടനയെ തന്നെ മാറ്റിമറിക്കുന്നതാണ്. നമുക്ക് കാണാൻ പറ്റുന്ന ഫിസിക്കലായ മുറിവുകളെ പോലെ തന്നെ കാണേണ്ടതാണ്. അതുകൊണ്ട് റെഫ്യൂസ് ദ അബ്യൂസ്. ഇത് നിങ്ങളുടെ കൈകളിലാണ്. സൈബർ ബുള്ളിയിംഗുകളോട് നോ പറയുക.'

Follow Us:
Download App:
  • android
  • ios