നടന്‍റെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവായിരുന്നു ആ ചിത്രം

കരിയറില്‍ സ്ഥിരമായി വിജയങ്ങള്‍ നേടുക എന്നത് സിനിമയിലെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും ഏറെ പ്രധാനമാണ്. താരങ്ങളെയും സംവിധായകരെയുമൊക്കെ സംബന്ധിച്ച് ഈ തുടര്‍ വിജയങ്ങള്‍ പ്രധാനമാണ്. എന്നാല്‍ ഏത് ചിത്രമാണ് വിജയിക്കുകയെന്ന് മുന്‍കൂട്ടി പ്രവചിക്കാനാവില്ലെന്നതാണ് സിനിമയുടെ മാജിക്. വന്‍ പ്രതീക്ഷയോടെ എത്തുന്ന ചില ചിത്രങ്ങള്‍ പരാജയത്തിന്‍റെ പടുകുഴിയിലേക്ക് വീഴുമ്പോള്‍ വലിയ പ്രതീക്ഷ നല്‍കാതെയെത്തുന്ന ചില ചിത്രങ്ങള്‍ വലിയ വിജയങ്ങളും നേടാറുണ്ട്. ഇപ്പോഴിതാ താന്‍ ഏറെ പ്രതീക്ഷയോടെ കമ്മിറ്റ് ചെയ്ത ഒരു ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് മറ്റുള്ളവര്‍ തന്നെ നിരുത്സാഹപ്പെടുത്തിയതിന്‍റെ കഥ പറയുകയാണ് ബോളിവുഡ് താരം സണ്ണി ഡിയോള്‍.

ഗദര്‍ 2 ചിത്രീകരണ സമയത്തെ കാര്യമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയില്‍ പങ്കെടുക്കവെ സണ്ണി ഡിയോള്‍ പറഞ്ഞത്. "ഗദര്‍ 2 ചെയ്യുന്ന സമയത്ത് നിരവധിപേര്‍ എന്നോട് പറഞ്ഞു- ഇത് പഴഞ്ചന്‍ സിനിമയാണ്. സംവിധായകന്‍ പോലും പഴയ ഒരു ആളാണ്. ആരാണ് ഇതൊക്കെ തിയറ്ററില്‍ കാണാന്‍ പോവുക?- പക്ഷേ കാണികള്‍ തെളിയിച്ചു അവര്‍ക്ക് ആ സിനിമ കാണണമായിരുന്നുവെന്ന്", സണ്ണി ഡിയോളിന്‍റെ വാക്കുകള്‍. വലിയ ഇടവേളയ്ക്ക് ശേഷം സണ്ണി ഡിയോളിന് വമ്പന്‍ വിജയം നേടിക്കൊടുത്ത ചിത്രമായിരുന്നു ഗദര്‍ 2. 685.19 കോടി ആയിരുന്നു ചിത്രത്തിന്‍റെ ലൈഫ് ടൈം ആഗോള ഗ്രോസ്.

22 വര്‍ഷം മുന്‍പിറങ്ങിയ ഒരു ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്‍റെ (ഗദര്‍ എത്തിയത് 2001 ല്‍) രണ്ടാംഭാഗം പ്രേക്ഷകശ്രദ്ധ നേടിയേക്കുമെന്ന് ബോളിവുഡ് പ്രതീക്ഷ പുലര്‍ത്തിയിരുന്നെങ്കിലും ഇത്ര വലിയ ഒരു വിജയമാവുമെന്ന് നിര്‍മ്മാതാക്കള്‍ പോലും കരുതിയിരുന്നില്ല എന്നതാണ് വാസ്തവം. 1971 കാലം പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ താര സിംഗ് എന്ന കഥാപാത്രമായാണ് സണ്ണി ഡിയോള്‍ എത്തിയത്. തന്‍റെ മകന്‍ ചരണ്‍ജീതിനെ പാകിസ്ഥാന്‍ സൈന്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ പാകിസ്ഥാനിലേക്ക് പോവുകയാണ് ചിത്രത്തില്‍ താര സിംഗ്. അമീഷ പട്ടേല്‍ ആണ് നായിക. മനീഷ് വാധ്വയും ഗൌരവ് ചോപ്രയും മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. അനില്‍ ശര്‍മ്മയാണ് സംവിധാനം. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. 

ALSO READ : പാന്‍ ഇന്ത്യന്‍ കാത്തിരിപ്പിന് അവസാനം; 5 ഭാഷകളില്‍ 'മഞ്ഞുമ്മല്‍ ബോയ്‍സ്' ഒടിടിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം