Asianet News MalayalamAsianet News Malayalam

പ്രാർ‍ത്ഥന വിഫലമായി; സംവിധായകൻ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു

എഡിറ്ററായി സിനിമ രംഗത്ത് എത്തിയ ഷാനവാസ് 2015ല്‍ പുറത്തെത്തിയ 'കരി' എന്ന ചിത്രത്തിലൂടെയാണ് സംവിധായകനാവുന്നത്

Director Naranipuzha Shanavas passed away
Author
Kochi, First Published Dec 23, 2020, 10:40 PM IST

കൊച്ചി: മലയാളത്തിലെ യുവ സംവിധായകൻ നരണിപ്പുഴ ഷാനവാസ് (37) അന്തരിച്ചു. കഴിഞ്ഞ ദിവസം ഹൃദയാഘാതമുണ്ടായ ഷാനവാസിനെ കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അത്യാസന്ന നിലയിലായതിനാൽ വിദഗ്ദ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് എത്തിക്കുന്നതിനിടെ വീണ്ടും ഹൃദയാഘാതം ഉണ്ടായതാണ് തിരിച്ചടിയായത്. രാത്രി 10.20 നാണ് മരണം സംഭവിച്ചത്. ഖബറടക്കം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് നരണിപ്പുഴ ജുമാ മസ്ജിദിൽ നടക്കും.

കോയമ്പത്തൂരിലെ കെജി ആശുപത്രിയില്‍ നിന്നും കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലേക്കാണ് ഷാനവാസിനെ എത്തിച്ചത്. കോയമ്പത്തൂരിൽ നിന്നും റോഡ് മാർഗമായിരുന്നു യാത്ര. പുതിയ സിനിമയുടെ എഴുത്തുമായി ബന്ധപ്പെട്ട് അട്ടപ്പാടിയിലായിരുന്നു ഷാനവാസ്. ഹൃദയാഘാതമുണ്ടായ ഷാനവാസിനെ സുഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുന്ന വഴി രക്തസ്രാവമുണ്ടായിരുന്നു.

മലപ്പുറം ജില്ലയിലെ പൊന്നാനി, നരണിപ്പുഴയാണ് ഷാനവാസിന്‍റെ സ്വദേശം. എഡിറ്ററായി സിനിമ രംഗത്ത് എത്തിയ ഷാനവാസ് 2015ല്‍ പുറത്തെത്തിയ 'കരി' എന്ന ചിത്രത്തിലൂടെയാണ് സംവിധായകനാവുന്നത്. ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒട്ടനവധി ചലച്ചിത്രയോത്സവങ്ങളിൽ പ്രദർശിപ്പിക്കുകയും പുരസ്‍കാരങ്ങൾക്ക് അർഹമാവുകയും ചെയ്തു. പിന്നീടാണ് ജയസൂര്യയെയും അദിതി റാവു ഹൈദരിയെയും പ്രധാന കഥാപാത്രങ്ങളാക്കി 'സൂഫിയും സുജാതയും' എന്ന ചിത്രം ഒരുക്കിയത്. വിജയ് ബാബു നിര്‍മ്മിച്ച ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ ഡയറക്ട് ഒടിടി റിലീസും ആയിരുന്നു.

Follow Us:
Download App:
  • android
  • ios