മസ്കറ്റ്: മസ്കറ്റിലും കേരളത്തിലുമായി ചിത്രീകരിച്ച ആദ്യ ഇൻഡോ^അറബ് ചിത്രം "സയാന"യുടെ ആദ്യപ്രദർശനം മസ്ക്കറ്റിൽ നടന്നു. മലയാളത്തിന്റെ നാടൻ കലാരൂപങ്ങൾ ഉൾക്കൊള്ളിച്ചാണ് സിനിമ ഒരുക്കിയത്. ഒമാനിൽ വെച്ചു അപമാനിക്കപെട്ട ഒരു സ്വദേശി വനിത കേരളത്തിലെത്തി വിദ്യാഭ്യാസം നടത്തി വരുമ്പോൾ മസ്കറ്റിൽ ഉണ്ടായ സമാനമായ സംഭവം നേരിട്ടതാണ്‌ "സയാന" എന്ന ചിത്രത്തിന്റെ ഇതിവൃത്തം.

മസ്കറ്റിലെയും - കേരളത്തിലെയും വിവിധ സംസ്കാരങ്ങളുടെ നേർക്കാഴ്ചയും, ഒപ്പം താരതമ്യവും "സയാന" എന്ന ചിത്രത്തിന്റെ തുടക്കം മുതൽ കാണാൻ സാധിക്കും. സംസ്‌ക്കാരമേതായാലും പുരുഷാധിപത്യം മൂലം സമൂഹത്തിൽ സ്ത്രീ അനുഭവിച്ചു വരുന്ന ദുരിതങ്ങൾക്ക് യാതൊരു അറുതിയും ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് ഈ സിനിമയിലൂടെ പ്രേക്ഷകരിൽ എത്തിക്കുവാൻ ഒമാൻ സ്വദേശി ആയ സംവിധായകൻ ഖാലിദ് അൽ സദ്‌ജാലി ശ്രമിക്കുന്നത്.

"സയാന" എന്ന ചലച്ചിത്രത്തിൽ ഒമാൻ സ്വദേശികളായ താരങ്ങളോടൊപ്പം മലയാളി താരങ്ങളും സാങ്കേതിക വിദഗ്‌ദ്ധരും ഭാഗമാകുന്നുണ്ട്. കേരളത്തിൽ പൊന്മുടി, കല്ലാർ , തിരുവനന്തപുരം, കുട്ടനാട്, വയനാട് എന്നിവടങ്ങളിലും, ഒമാനിൽ നിസ്‌വ , ബർഖ , അൽ ബുസ്താൻ എന്ന സ്ഥലങ്ങളിലുമായിരുന്നു സയാന ചിത്രീകരിച്ചത്.