കോളജ് ക്ലാസിലെ ഡെസ്‌കില്‍ ആരോ കോറിയിട്ട ആവേശദായകമായ ഒരു പേരായിരുന്നു, ആദ്യമെനിക്ക് ലെനിന്‍ രാജേന്ദ്രന്‍. 1975 ലാണ്. യൂണിവേഴ്‌സിറ്റി കോളജിലെ ബി എ ഇക്കണോമിക്‌സ് ക്ലാസിലെ ആദ്യ ദിവസം. ഞാനിരുന്ന ബെഞ്ചിന് മുന്നിലെ ഡെസ്‌കില്‍ എന്റെ നേരെ മുന്നില്‍ കോമ്പസ് കൊണ്ട് ഇങ്ങനെ ആഴത്തില്‍ കോറിയിരുന്നു:

'പ്ലീസ് വോട്ട് ഫോര്‍ ലെനിന്‍ രാജേന്ദ്രന്‍,  എസ്എഫ്ഐ സിന്ദാബാദ് !'.

ഏത് സ്ഥാനത്തേക്കായിരുന്നു മത്സരം എന്നും എഴുതിയിരുന്നുവെന്ന് തോന്നുന്നു. ഓര്‍ക്കുന്നില്ല. വല്ലാതെ ആകര്‍ഷിച്ചത് ആ അസാധാരണ പേര് ആണ്.

അതിനും ഏതാനും വര്‍ഷം മുമ്പ് നടന്ന കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ മാഞ്ഞുപോവാത്ത ബാക്കിപത്രമായിരുന്നു അത്. എഴുപതുകളുടെ ആദ്യം കേരളത്തിലെ വിദ്യാര്‍ത്ഥി രാഷ്‍ട്രീയരംഗത്ത് കെഎ‍‌സ്‍യുവിന്റെ  ദിര്‍ഘകാലമേധാവിത്തം അവസാനിപ്പിച്ചുകൊണ്ട് എസ്എഫ്ഐ ആരംഭിച്ച യാത്രയുടെ പതാകാവാഹകരിലൊരാളായിരുന്നു ലെനിന്‍. അര നൂറ്റാണ്ടായി തുടരുന്ന ആ ജൈത്രയാത്രയുടെ സിരാകേന്ദ്രമായ തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജിനെ അപ്രതിരോധ്യമായ 'ചെങ്കോട്ട' ആക്കിയ തുടക്കക്കാരില്‍ പില്‍ക്കാല താരങ്ങളായ സുകുമാരനും ബാലചന്ദ്രമേനോനും ഒക്കെ ഉണ്ടായിരുന്നു.

പിന്നീട് പലപ്പോഴും എന്റെ അച്ഛനെ (പി ഗോവിന്ദപ്പിള്ള) പതിവായി കാണാന്‍ വരുന്ന യുവാക്കളില്‍ ഒരാളായി ലെനിനെ കണ്ടു. സിനിമയിലും സാഹിത്യത്തിലും പത്രപ്രവര്‍ത്തനത്തിലും ഒക്കെ തല്‍പ്പരരായ എസ്എഫ്ഐക്കാരുമായി അച്ഛന് പ്രത്യേക അടുപ്പം ഉണ്ടായിരുന്നു. സി ഭാസ്‌കരനും ബാബു ഭരദ്വാജും ജി ശക്തിധരനും ലെനിനും ഒക്കെ ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നു. പിന്നീട് ഞാന്‍ ലെനിനെ കാണുന്നത് 1970 കളുടെ അവസാനം എറണാകുളത്തെ ജനശക്തി ഫിലിം സൊസൈറ്റിയുടെ പരിപാടികളിലായിരുന്നു. സിനിമാ സെമിനാറുകള്‍,  എം ടി വാസുദേവന്‍ നായരെക്കൊണ്ട് ചെറുകാടിന്റെ ദേവലോകവും മൃണാള്‍ സെന്നിനെക്കൊണ്ട് കയ്യൂരും  സിനിമയാക്കാനുള്ള ശ്രമങ്ങള്‍ എന്നിവയൊക്കെയായിരുന്നു അച്ഛന്റെയും ചാത്തുണ്ണിമാസ്റ്ററുടെയും ജയപാലമേനോന്റെയും ഒക്കെ നേതൃത്വത്തില്‍ നടന്ന ജനശക്തിയുടെ പരിപാടികള്‍.

സിനിമാവഴികള്‍
അടിയന്തിരാവസ്ഥക്ക് ശേഷമുള്ള ആവേശകരമായ ദിനങ്ങള്‍ ആയിരുന്നു അത്. നവസിനിമ നാടാകെ ആവേശമായ കാലം.  അന്ന് കൊച്ചിയിലെ സ്‌റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസില്‍ ജിവനക്കാരനായിരുന്നു ലെനിന്‍. എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന ഒരു ചലച്ചിത്ര സെമിനാറില്‍ അധികം മിണ്ടുകയോ ചിരിക്കുകയോ ചെയ്യാതെ കൈയും കെട്ടി ഒതുങ്ങി മാറിനില്‍ക്കുന്ന ലെനിനെ കണ്ടത് ഓര്‍ക്കുന്നു.

സ്വയംവരം,  ഉത്തരായനം, നിര്‍മാല്യം തുടങ്ങിയവയിലൂടെ മലയാളത്തിലും സിനിമാവസന്തം വന്ന കാലം. വിപ്ലവം കൊണ്ടുവരാനുള്ള സിനിമയുടെ സാധ്യത തലയ്ക്ക് പിടിച്ചുകഴിഞ്ഞിരുന്ന എന്റെ അച്ഛന്റെ നേതൃത്വത്തില്‍ അക്കാലത്ത് തിരുവനന്തപുരത്ത് ആരംഭിച്ച മറ്റൊരു സിനിമാ  സൊസൈറ്റിയായിരുന്നു കൈരളി. ഇന്നത്തെ നടി കുക്കു പരമേശ്വരന്റെ അച്ഛനും എന്റെ അച്ഛന്റെ പഴയ സഖാവുമായ പരമേശ്വരന്‍ നായര്‍, അഡ്വ. ചെറുന്നിയൂര്‍ ശശിധരന്‍ നായര്‍,  ഏതാനും എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകര്‍ ഒക്കെ ആയിരുന്നു സൊസൈറ്റിയുടെ നേതാക്കള്‍. ഇങ്ങനെയുള്ള സംരംഭങ്ങളുടെ ഭാരവാഹികളാകുന്നതിനു സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് വിലക്ക് ഉണ്ടായിരുന്നതിനാല്‍ കോളേജ് വിദ്യാര്‍ത്ഥി ആയിരുന്ന ഞാന്‍ സൊസൈറ്റിയുടെ സെക്രട്ടറി (അതോ ട്രഷററോ?) ആയി നിയമിക്കപ്പെട്ടു. എസ്എഫ്ഐയുടെ  അടക്കം ഒരു പൊതുപ്രവര്‍ത്തനത്തിലും പങ്കാളി ആയിരുന്നില്ലെങ്കിലും സിനിമയാണല്ലോ രംഗം എന്നതിനാല്‍ ഞാന്‍ സന്തോഷിച്ചു.

കൈരളിക്ക് വന്‍ സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. മൃണാള്‍ സെന്നിന്റെ ഹിന്ദി ചിത്രം 'മൃഗയ'യുടെ വിതരണം ആയിരുന്നു ആദ്യത്തെ വന്‍ പദ്ധതി. പിന്നീട് ഹിന്ദിയില്‍ സുപ്പര്‍ സ്റ്റാറായ മിഥുന്‍ ചക്രവര്‍ത്തിയും വിഖ്യാത നര്‍ത്തകന്‍ ഉദയശങ്കറിന്റെ മകള്‍ മമതാ ശങ്കറും നായികാനായകരായ ആ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് വലിയ അഭിമാനമായിരുന്നു. എന്റെ അച്ഛനും മൃണാള്‍ സെന്നും അക്കാലത്തായിരുന്നു വലിയ അടുപ്പക്കാരാകുന്നത്.

കൈരളിയുടെ  അടുത്ത വലിയ പദ്ധതി 'മണ്ണിന്റെ മാറില്‍' എന്ന ചെറുകാടിന്റെ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് എടുത്ത 'കബനീ നദി ചുവന്നപ്പോള്‍', 'മണിമുഴക്കം'  എന്ന ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ പി എ ബക്കറിനെയാണ്  സംവിധായകനായി തെരഞ്ഞെടുത്തിരുന്നത്. പി ജെ ആന്റണി നായകനായ 'മണ്ണിന്റെ മാറില്‍' (1979) പ്രമുഖര്‍ അണിനിരന്ന ചിത്രമായിരുന്നു. എം ടിയുടെ തിരക്കഥ, ഒ എന്‍ വിയുടെ ഗാനങ്ങള്‍, ദേവരാജന്റെ സംഗീതം. ഈ ചിത്രത്തിന്റെ സംവിധാനത്തില്‍ സഹകരിച്ചുകൊണ്ടായിരുന്നു സിനിമാരംഗത്തേക്കുള്ള ലെനിന്റെ രംഗപ്രവേശം.


ജനപ്രിയതയുടെ സംവേദന സാധ്യതകള്‍


രണ്ട് വര്‍ഷത്തിന് ശേഷം ലെനിന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം 'വേനല്‍' പുറത്തുവന്നു. അതേറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്നുവന്ന മന:ശാസ്ത്ര ചിത്രമായ 'ചില്ല്', വലിയ കാന്‍വാസിലുള്ള ചരിത്രചിത്രം 'സ്വാതി തിരുനാള്‍ എന്നിവ തികച്ചും വ്യത്യസ്തമായിരുന്ന 'പ്രേംനസിറിനെ കാണാനില്ല' എന്ന സിനിമയും കൂടിയായതോടെ മലയാളത്തിലെ ഒന്നാംനിര സംവിധായകരുടെ നിരയിലേക്ക് ലെനിന്‍ ഉയരുകയായിരുന്നു. തുടര്‍ന്ന് ഓം പുരി അഭിനയിച്ച 'പുരാവൃത്തവും' കയ്യൂര്‍ സമരത്തെ അടിസ്ഥാനമാക്കിയ 'മീനമാസത്തിലെ സൂര്യനും' സിനിമാ വ്യാകരണത്തിലെ  ലെനിന്റെ കൈത്തഴക്കം സംശയമില്ലാതെ തെളിയിച്ചു. കേരളത്തില്‍ അക്കാലത്ത് വളര്‍ന്നുതുടങ്ങിയ ആള്‍ദൈവപ്രതിഭാസത്തെ നിശിതമായി വിശകലനം ചെയ്യുന്നതായിരുന്നു 'വചനം'. തുടര്‍ന്ന് വന്ന എം മുകുന്ദന്റെ 'ദൈവത്തിന്റെ വികൃതികള്‍' (1992) ആണ് ഈ ലേഖകന്റെ അഭിപ്രായത്തില്‍ ലെനിന്റെ മാസ്റ്റര്‍പീസ്.

സജീവമായ ഇടത് രാഷ്‍ട്രീയ പ്രവര്‍ത്തനപശ്ചാത്തലത്തോടെയാണ് ലെനിന്‍ സിനിമയിലെത്തുന്നത്.  തുടക്കം ആകട്ടെ പ്രകടമായ രാഷ്‍ട്രീയ സിനിമയുടെ വക്താവായിരുന്ന ബക്കറിന്റെ ഒപ്പവും. എന്നിട്ടും ലെനിന്‍ ആ വഴിയല്ല സിനിമയില്‍ തെരഞ്ഞെടുത്തത്. അക്കാലത്തെ ബുദ്ധിജിവി ഫാഷനായിരുന്ന വിപ്ലവ സിനിമയുടെയോ ആര്‍ട്ട് സിനിമയുടെയൊ  ലോകങ്ങളിലേക്ക് അദ്ദേഹം പോയില്ല. തനി കച്ചവടസിനിമയ്ക്കും അദ്ദേഹം തയ്യാറായില്ല. പകരം ശില്‍പ്പത്തികവില്‍ ശ്രദ്ധ പുലര്‍ത്തിക്കൊണ്ട് തന്നെ ജനപ്രിയതയുടെ സംവേദന സാധ്യതകളെ ഉപയോഗിക്കുകയും തന്റേതായ മാനവിക/പുരോഗമന രാഷ്‍ട്രീയമൂല്യധാര ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു.  വൈവിധ്യമുള്ള പ്രമേയങ്ങളിലൂടെ സ്വന്തമായ ഇടം നിര്‍മ്മിച്ച അദ്ദേഹത്തിന് മധ്യവര്‍ത്തിധാരയിലെ ഭരതന്റെയും പദ്മരാജന്റെയും ഒക്കെ നിരയിലാണ് സ്ഥാനം.


സിനിമയിലെ ദളിത് ഇടം

ഇത് പറയുമ്പോള്‍, ലെനിന്റെ മറ്റൊരിടവും ചര്‍ച്ച ചെയ്യപ്പെടാതിരിക്കരുത്. മലയാളത്തില്‍ ദളിത് സമുദായത്തില്‍നിന്ന് ഉയര്‍ന്നുവന്ന പ്രമുഖനായ ആദ്യ സംവിധായകന്‍ ആണ് അദ്ദേഹം.  സിനിമ പോലെ ദളിത് സാന്നിധ്യം ഇത്രയും അദൃശ്യമായ മറ്റൊരു മേഖല ഇന്ത്യയിലില്ല. 1980കളോടെ വിവിധ ഇന്ത്യന്‍ ഭാഷകളിലെ സാഹിത്യരംഗത്ത് സജീവമായ ദളിത് മുന്നേറ്റം നടന്നിട്ടും സിനിമയില്‍ അതുണ്ടായില്ല. പ്രമുഖ സിനിമാപ്രവര്‍ത്തകരുടെ നിരയിലോ പ്രമേയമെന്ന നിലയിലോ ദളിത് പ്രാതിനിധ്യം ഇന്നും ഏറെക്കുറെ ശൂന്യം. ഇന്ത്യന്‍ ജനതയില്‍ പിന്നാക്കവിഭാഗങ്ങള്‍ 85 % വരുമെങ്കിലും ലോകത്തേറ്റവും വലിയ സിനിമാ വ്യവസായമായ ഇന്ത്യന്‍ ചലച്ചിത്രലോകത്ത് അവരുടെ സാന്നിധ്യം 0.01% ആണെന്നാണ് ബിര്‍മിങ്ഹാം സര്‍വകലാശാലയിലെ ഒരു പഠനം വെളിപ്പെടുത്തിയത്. 2013 മുതല്‍ 2015 വരെയുള്ള കാലത്ത് പുറത്തുവന്ന 300 ഇന്ത്യന്‍ സിനിമകളില്‍ മുഖ്യകഥാപാത്രങ്ങള്‍ ആയി ദളിതര്‍ പ്രത്യക്ഷപ്പെടുന്നത് വെറും  അഞ്ച് എണ്ണത്തില്‍ ആണെന്ന് ഹിന്ദുപത്രത്തിന്റെ പഠനം.

ഹിന്ദി സിനിമയിലെ ആദ്യത്തെ വന്‍താരമായ സംവിധായകനായിരുന്നു ഗുജറാത്തിയായ കാഞ്ചീഭായ് റാത്തോഡ്. ഇന്ത്യയിലെ ആദ്യത്തെ ദളിതനായ സംവിധായകനായിരുന്നുവത്രെ, 1920 -30 കളില്‍  'ഗുല്‍-ഇ-ബകാവലി',  'ഭക്തവിദുര്‍' എന്നീ പ്രശസ്തചിത്രങ്ങള്‍ ഒക്കെ എടുത്ത റാത്തോഡ്. ഹിന്ദി സിനിമയില്‍ മാത്രമല്ല നൂറ് വര്‍ഷത്തിന് ശേഷം ഇന്നും പിന്നാക്ക സമുദായക്കാര്‍ സമൂഹത്തില്‍ എത്രയും അധ:സ്ഥിതരായി തുടരുന്ന ഉത്തരേന്ത്യന്‍ സമൂഹത്തില്‍ റാത്തോഡ് ഒരു നൂറ്റാണ്ട് മുമ്പ് എങ്ങനെ ഉയര്‍ന്നുവന്നു എന്നത് അത്ഭുതകരമാണ്. അദ്ദേഹത്തിന് ശേഷം ഇന്നുവരെയും ഈ വിഭാഗത്തില്‍ നിന്ന് മറ്റൊരു പ്രമുഖന്‍ ഈ രംഗത്ത് ഉണ്ടായിട്ടില്ല എന്നോര്‍ക്കണം. മാത്രമല്ല ഇന്ത്യന്‍ സമൂഹത്തിലെ ഏറ്റവും കാതലായ പ്രശ്‌നമായ 'ജാതി' മുഖ്യധാരാ ഇന്ത്യന്‍ സിനിമയില്‍ ഇന്നും കാര്യമായ വിഷയമായിട്ടില്ല.  

സ്വതന്ത്ര്യസമരകാലത്ത് അയിത്തോച്ചാടനം ഒരു മുഖ്യ പ്രശ്‌നമായി ഗാന്ധിജി ഉയര്‍ത്തിക്കൊണ്ടുവന്ന ശേഷം വല്ലപ്പോഴുമെങ്കിലും ഈ പ്രാവശ്യം കൈകാര്യം ചെയ്യപ്പെട്ടു. എന്നാല്‍ അയിത്തോച്ചാടനം എന്ന മുദ്രാവാക്യത്തിനപ്പുറം സ്വാതന്ത്ര്യപ്രസ്ഥാനം ദളിത് പ്രശ്‌നം സവിശേഷമായി അഭിസംബോധന ചെയ്തില്ല.  കൊളോണിയല്‍ വിരുദ്ധപ്രസ്ഥാനം ജാതി അടിസ്ഥാനത്തില്‍ വിഭജിച്ചു പോകാതിരിക്കാനും ഇന്ത്യന്‍ ജനതയുടെ ഐക്യം സംരക്ഷിക്കാനുമായിരുന്നു ഇതെന്ന്  കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെട്ടെങ്കിലും ഗാന്ധി-അംബേദ്കര്‍ ഭിന്നതകളിലൊക്കെ വ്യക്തമായത് ഈ തന്ത്രത്തിന്റെ ഫലം ദേശീയപ്രസ്ഥാനത്തിന്റെയും സ്വതന്ത്ര ഇന്ത്യന്‍ ഭരണകൂടത്തിന്റെ  സവര്‍ണവല്‍ക്കരണം ആണെന്ന് തന്നെയാണ്.

ജര്‍മ്മന്‍കാരനായ ഫ്രാന്‍സ് ഓസ്റ്റിന്‍ സംവിധാനം ചെയ്ത പ്രശസ്തമായ 'അഛൂത് കന്യ' (1936) ആണ് ദളിത് ജീവിതം  കൈകാര്യം ചെയ്ത അക്കാലത്തെ പ്രമുഖ ചിത്രം. സ്വാതന്ത്ര്യാനന്തരകാലത്ത് ബിമല്‍ റോയിയുടെ സുജാത (1959) മാത്രമാണ് അധ:സ്ഥിതന്റെ ജാതിപ്രശ്‌നം കൈകാര്യം ചെയ്ത മറ്റൊരു പ്രമുഖ ചിത്രം. എന്നാല്‍ എഴുപതുകളില്‍ 'നവസിനിമ'യുടെ കാലം പിറന്ന ശേഷം ഏതാനും സിനിമകള്‍ ഈ വിഷയം കൈകാര്യം ചെയ്തു. ശ്യാം ബെനഗലിന്റെ വിവിധ ചിത്രങ്ങള്‍ -അങ്കുര്‍ (1974), നിഷാന്ത് (1975), മന്ഥന്‍ (1976), ബി വി കാരന്തിന്റെ ചോമനദുടി (1975), ഗോവിന്ദ് നിഹലാനിയുടെ ആക്രോശ് (1980),  പ്രകാശ് ഝായുടെ ദാമുല്‍ (1985)  എന്നിവയൊക്കെ ജാതിയുടെ പേരില്‍ അധ:സ്ഥിതന്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ ശക്തമായ ആവിഷ്‌കാരമാണ്.

വര്‍ത്തമാനകാലത്ത് വിധു വിനോദ് ചോപ്രയുടെ  ഏകലവ്യ (2007), ഗോവിന്ദ് നിഹലാനിയുടെ ആക്രോശ് (2010) പ്രകാശ് ഝായുടെ ആരക്ഷന്‍ (2011)  ചൈതന്യ തമാനെയുടെ കോര്‍ട്ട് (2014) തുടങ്ങിയവയും ഈ പ്രമേയം കൈകാര്യം ചെയ്യുന്നു. പക്ഷെ ഇവയൊക്കെ എണ്ണത്തില്‍ എത്രയോ കുറവാണെന്ന് മാത്രമല്ല ഇവ ഏറെയും സൃഷ്‍ടിച്ചത് സമാന്തര ധാരയുടെ പ്രതിനിധികളും ദളിതരെ രക്ഷാകര്‍തൃ ഭാവത്തോടെ സമീപിച്ച ദളിതേതരും ആയിരുന്നുവെന്നും അവ ദളിതരെ ഇരകളായി മാത്രം കാണുന്നവയാണെന്നും പല ദളിത് ചിന്തകരും  ചൂണ്ടിക്കാട്ടുന്നു.   
    

അരികുകളിലെ 'ജാതി'

ദേശീയത, വര്‍ഗ്ഗ രാഷ്‍ട്രീയങ്ങളുടെ മേധാവിത്തം മൂലവും മറ്റിടങ്ങളെപ്പോലെ ജാതിചൂഷണം അത്ര ശക്തമല്ലാത്തതുകൊണ്ടുമാകാം കേരളത്തിന്റെ വികസനസംവാദങ്ങളില്‍ സമീപകാലം വരെ 'ജാതി' വിഷയമേ ആയിരുന്നില്ല. ഈയിടെ മാത്രമാണു കേരളത്തിന്റെ വിഖ്യാതമായ വികസന മാതൃകയില്‍ ദളിതരുടെ പിന്തള്ളപ്പെടല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി പിന്നാക്കക്കാര്‍ നയിച്ച നവോത്ഥാനത്തിന്റെ  സൃഷ്‍ടിയാണ് ആധുനിക കേരളം. പക്ഷെ സാമൂഹ്യനവീകരണ പ്രസ്ഥാനങ്ങളില്‍ നിന്ന് ദേശീയപ്രസ്ഥാനവും അതിന്റെ തുടര്‍ച്ചയായി കമ്യൂണിസ്റ്റ് പ്രസ്ഥാനവും കേരളസമൂഹത്തിന്റെ നെടുനായകത്വം കൈവരിച്ചതോടെ ആകാം 'ജാതി' അദൃശ്യവല്‍ക്കരിക്കപ്പെട്ടത്. ജാതി വിഭജനം ഐക്യത്തെ തളര്‍ത്തുമെന്ന് ദേശീയ പ്രസ്ഥാനം കരുതിയപ്പോള്‍, ജാതിയല്ല, 'വര്‍ഗ്ഗം'  മാത്രമായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സത്യം.

കേരളത്തിന്റെ ആഖ്യാനത്തില്‍ ഇങ്ങനെ 'ജാതി' പ്രാന്തവല്‍ക്കരിക്കപ്പെട്ടതിനാല്‍ സാഹിത്യത്തിലും വ്യത്യസ്തമായില്ല സ്ഥിതി. പ്രമേയമെന്ന നിലയ്‌ക്കോ പ്രയോക്താക്കളായോ ദളിത് സാന്നിദ്ധ്യം നാമമാത്രമായിരുന്നു. സി അയ്യപ്പനും നാരായനും ഒരുപറ്റം പ്രതിഭാധനരായ അനന്തരഗാമികള്‍ ഉണ്ടായത് സമീപകാലത്താണ്.  എന്നാല്‍, സാഹിത്യത്തിലെ അത്രപോലും ദളിത് സാന്നിദ്ധ്യം മലയാള സിനിമയിലുണ്ടായില്ല.

സാഹിത്യത്തിലെന്നപോലെ, മലയാള സിനിമയിലും സമീപകാലം വരെ ചര്‍ച്ചയായ സാമൂഹ്യ വിഷയങ്ങളില്‍ സാമ്രാജ്യത്വവും മുതലാളിത്തവും നാടുവാഴിത്തവും ഫാസിസവും വര്‍ഗീയതയും മതതീവ്രവാദവും മൗലികവാദവും ലിംഗസമത്വവും വരെ ഉണ്ട്. പക്ഷെ ലോകമാകെ പേരെടുത്ത കേരളത്തിന്റെ വികസനചരിത്രത്തിലും അരികുകളില്‍ കഴിയുന്ന ദളിതന്റെ ജീവിതം ഇന്നും ഏറെക്കുറെ അസന്നിഹിതമാണ്. മുഖ്യധാരയില്‍ മാത്രമല്ല സമാന്തരധാരയിലും. പ്രമേയമായി മാത്രമല്ല പ്രയോക്താക്കള്‍ എന്ന നിലയിലും ഇതാണ് അവസ്ഥ.  ദളിത് സാന്നിദ്ധ്യം ഇല്ലെന്ന് മാത്രമല്ല സവര്‍ണ ഹിന്ദുത്വം ശക്തി പ്രാപിച്ച 1990 കളില്‍ നഗ്‌നമായ ദളിത് വിരോധവും സവര്‍ണപക്ഷപാതിത്വവും വിഷം ചീറ്റുന്നത് പോലും മുഖ്യധാരാ മലയാള സിനിമയില്‍ പതിവായി.  


ലെനിന്‍ തുറന്നിട്ട വഴികള്‍


അതേസമയം  പി ഭാസ്‌കരന്റെ 'നീലക്കുയില്‍' (1954) മലയാള സിനിമയില്‍ കാലത്തിനു മുന്നേ ഒറ്റയ്ക്ക് പറന്ന പക്ഷിയാണ്.  കേരളത്തില്‍ മാത്രമല്ല ലോകമാകെ മതേതരപുരോഗമനവാദം തല ഉയര്‍ത്തിനിന്ന കാലത്ത് തന്നെ അതിന്റെ അടിത്തട്ടില്‍ ഒളിഞ്ഞു കിടക്കുന്ന ജാതീയതയെ 'നീലക്കുയില്‍'-എല്ലാ പരിമിതികള്‍ക്കുമുള്ളില്‍ നിന്നും- അഭിസംബോധന ചെയ്‍തു. പക്ഷെ നീലക്കുയിലിന്റെ പിന്നാലെ പറക്കാന്‍ അധികമാരും ഉണ്ടായില്ല.

ഈ സാഹചര്യങ്ങളിലാണ് 1980 കളില്‍ ദളിത് സമുദായത്തില്‍ നിന്ന ആദ്യമായി മലയാള സിനിമയിലെ ഒന്നാം നിരയിലേക്ക് ലെനിന്‍ ഉയരുന്നത് ചരിത്രപ്രധാനമാകുന്നത്. ദളിത് വിഭാഗങ്ങളില്‍ നിന്ന് ഇന്ത്യക്ക് ആദ്യത്തെ രാഷ്‍ട്രപതിയെയും ചീഫ് ജസ്റ്റിസിനെയും സംഭാവന ചെയ്ത കേരളത്തില്‍ നിന്നു തന്നെ, ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടുന്ന ദളിത് സമുദായക്കാരനായ ആദ്യ സംവിധായകന്‍ എന്ന നേട്ടം പിറന്നത് ലെനിനിലൂടെയാണ്.

മലയാള സിനിമയുടെ ആദ്യ നായിക പി കെ റോസി ദളിത് ആയിരുന്നുവെങ്കിലും അവര്‍ക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ ചെറുതായിരുന്നില്ല. അതിനുശേഷം 90 വര്‍ഷം പിന്നിട്ടിട്ടും കലാഭവന്‍ മണി അടക്കം അഭിനയരംഗത്ത് ദളിത് സമുദായക്കാരനായ ഒരാളും ഒന്നാം നിരയിലേക്ക് ഉയര്‍ന്നില്ല.  ലെനിന് ശേഷം ദളിത് സമുദായക്കാരനായ മറ്റൊരു പ്രതിഭയ്ക്കായി, ചലച്ചിത്രരംഗത്ത് ഒട്ടേറെ അന്താരാഷ്‍ട്ര-ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ഡോ ബിജു ദാമോദരന്റെ വരവ് വരെ കാത്തിരിക്കേണ്ടിവന്നു. മലയാള മുഖ്യധാര സിനിമ അങ്ങേയറ്റം ദളിത് വിരുദ്ധവും സ്ത്രീ വിരുദ്ധവുമാണെന്ന് ബിജു പലതവണ വിമര്‍ശിച്ചിട്ടുണ്ട്. മലയാള സിനിമയിലെ നഗ്‌നമായ സവര്‍ണ പക്ഷപാതിത്വവും ദളിത്-സ്ത്രീ വിരുദ്ധ സംഭാഷണങ്ങളും ദൃശ്യങ്ങളും കുപ്രസിദ്ധമാണ്.

അരികുകളില്‍നിന്നുള്ള അനക്കങ്ങള്‍


ദേശീയതലത്തില്‍ തന്നെ രാഷ്‍ട്രീയ-സാമൂഹ്യ തലങ്ങളില്‍ ദളിത് മുന്നേറ്റം സജീവമായ വര്‍ത്തമാനകാലത്ത് പല ഭാഷകളിലും ദളിത് വിഭാഗങ്ങളില്‍ നിന്നുള്ള സംവിധായകര്‍ വലിയ ശ്രദ്ധ പിടിച്ചെടുത്തുതുടങ്ങിയിട്ടുണ്ട്. കാന്‍ ചലച്ചിത്രമേളയിലടക്കം അംഗീകാരം നേടിയ ഹിന്ദി ചിത്രം 'മസാന്‍'  (2015) സംവിധാനം ചെയ്ത നീരജ് ഗെയ്വാന്‍, ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയ മറാത്തി ചിത്രങ്ങളായ 'ഫാന്‍ട്രി' (2013), 'സൈരാത്' (2016) എന്നിവയുടെ സംവിധായകന്‍ നാഗരാജ് മന്‍ജുലെ, തമിഴിലെ 'കാല'യുടെ സംവിധായകന്‍ പാ രഞ്ജിത്  എന്നിവര്‍ ഉദാഹരണം. വര്‍ത്തമാന ഇന്ത്യന്‍ സമൂഹത്തിലെ ദളിത് ജീവിതത്തിന്റെ വിവിധ തലങ്ങളാണു ഇവരുടെ ചിത്രങ്ങളിലെ അന്വേഷണം. ദളിതരെ പ്രത്യക്ഷമായി അനുകൂലിക്കുന്ന ചിത്രങ്ങളില്‍ പോലും അവരെ  ഇരകള്‍ മാത്രമായി ചിത്രീകരിക്കുന്നതിനോടും ഇവര്‍ വിയോജിക്കുന്നു.   

ജാതിയെ ആശയകേന്ദ്രത്തില്‍ നിര്‍ത്തുന്ന ചില സമീപകാല മലയാള സിനിമാ ചലനങ്ങള്‍ കൂടി കാണേണ്ടതുണ്ട്. സനല്‍കുമാര്‍ ശശിധരന്‍, ജയന്‍ കെ ചെറിയാന്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍.  

എന്നാല്‍ ദളിത് സമുദായക്കാരായ ലെനിനും ബിജുവും ജാതിയെക്കാള്‍ കുടുതല്‍ 'വിശാലമായ' മാനവിക പ്രമേയങ്ങളാണ് സ്വീകരിച്ചത്. അത് അവരുടെ സ്വാതന്ത്ര്യം ആയിരിക്കാം. എങ്കിലും  'ജാതി' ഒരു സാമുദായികവിഷയം മാത്രമാണെന്ന പരമ്പരാഗത വര്‍ഗ്ഗവീക്ഷണം ലെനിനും പങ്കിട്ടിരിക്കാം എന്ന് കരുതേണ്ടിവരും.

തങ്ങളെ 'ദളിത് സംവിധായകര്‍' എന്ന് വിളിക്കുന്നതിനോട് വിയോജിക്കുന്നവരാണ് ഈ സമുദായങ്ങളില്‍ നിന്നുള്ളവര്‍ മിക്കവരും.  ആ വിളിയുടെ പിന്നില്‍ സവര്‍ണബോധം ആണെന്ന് പാ രഞ്ജിത്തും ഡോക്യുമെന്ററി സംവിധായകന്‍ സോമനാഥ് വാഗ്ഗ്മാരെയും പറയുന്നു. മറ്റ് സമുദായക്കാരായ സംവിധായകരെ  ബ്രാഹ്മണ സംവിധായകനെന്നോ വൈശ്യ സംവിധായകനെന്നോ വിളിക്കാറുണ്ടോ എന്നും അവര്‍ ന്യായമായ ചോദ്യം ഉന്നയിക്കുന്നു.

ഏത് മാനദണ്ഡം അനുസരിച്ചും ഒന്നാംതരം ചലച്ചിത്രകാരന്‍മാര്‍ ആണിവര്‍ എന്ന് സംശയമില്ല. എങ്കിലും അധികാരത്തിന്റെ അരികുകളില്‍ പോലും ഇല്ലാത്ത ഒരു ജനസമൂഹത്തില്‍ നിന്ന് ഉയര്‍ന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷവും രൂഢമൂലമായി തുടരുന്ന മഹാപ്രതിബന്ധങ്ങളെ ഈ ചെറുസംഘം മറികടന്ന അദ്ഭുതവും അടയാളപ്പെടുത്താതെ വയ്യ.