മുംബൈ: നാല് വയസ്സുള്ള പെണ്‍കുഞ്ഞിനെ ദത്തെടുത്ത് നടിയും ഫാഷന്‍ ഡിസൈനറുമായ മന്ദിര ബേദി. ബോളിവുഡ് താരമായ ഭര്‍ത്താവ് രാജ് കൗശലും മന്ദിരയും കൂടിയാണ് കഴിഞ്ഞ ജൂലൈയില്‍ പെണ്‍കുട്ടിയെ ദത്തെടുത്തത്. കുട്ടിയുടെ ചിത്രങ്ങള്‍ അവര്‍ പുറത്തുവിട്ടു. താര ബേദി കൗശല്‍ എന്നാണ് കുട്ടിക്ക് പേര് നല്‍കിയത്. ദമ്പതികള്‍ക്ക് ഒരു മകനുമുണ്ട്. ഇന്‍സ്റ്റഗ്രാമിലാണ് താരയെയും കൂട്ടി ഇവര്‍ ഫോട്ടോ ഷെയര്‍ ചെയ്തത്. ഒരനുഗ്രഹം പോലെയാണ് അവള്‍ വന്നു. ഞങ്ങള്‍ കൊച്ചുപെണ്‍കുട്ടി താര, നക്ഷത്രങ്ങളെപ്പോലെ തിളങ്ങുന്ന കണ്ണുകളുള്ളവള്‍. വീരിന് സഹോദരിയായി. തുറന്ന കൈയും പരിശുദ്ധമായ സ്‌നേഹവുമായി ഞങ്ങള്‍ അവലെ സ്വാഗതം ചെയ്തു. താര ബേദി കൗശല്‍ ജൂലൈ 28 മുതല്‍ ഞങ്ങളുടെ കുടുംബാംഗമാണ്-മന്ദിര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മന്ദിര ബേദിയെ അഭിനന്ദിച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തി. കഴിഞ്ഞ രണ്ട് വര്‍ഷമായി പെണ്‍കുട്ടിക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും എട്ടുവയസ്സുള്ള മകന് സഹോദരി വേണമെന്ന ചിന്തയാണ് ദത്തെടുക്കലിലേക്ക് എത്തിയതെന്നും മന്ദിര ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. രണ്ടുവര്‍ഷം മുമ്പാണ് ദത്തെടുക്കാന്‍ താല്‍പര്യമുണ്ടെന്ന് കാണിച്ച് അപേക്ഷ നല്‍കിയത്.