പ്രിയ വാര്യറുടെയും റോഷന്‍റെയും കണ്ണിറുക്കലും കാഞ്ചി വലിയും കൊണ്ട് രാജ്യത്തിനകത്തും പുറത്തും ശ്രദ്ധ നേടിയ ഒരു അഡാറ് ലവ് തീയറ്ററുകളിലേക്കെത്തിയതും വലിയ പ്രതീക്ഷയോടെയാണ്. നാല് ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്തുകൊണ്ടും അഡാറ് ലവ് ശ്രദ്ധ നേടിയിരുന്നു. പ്രണയസാന്ദ്രമാകുമെന്നതടക്കമുള്ള വലിയ പ്രതീക്ഷകളുമായി തീയറ്ററുകളിലെത്തിയ ചിത്രം അവസാന ഭാഗത്തെ ട്വിസ്റ്റിലൂടെ പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല എന്ന് ഒമര്‍ ലുലുവിന് സമാധാനിക്കാം. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ് എന്നിവയുടെ ശരാശരിക്ക് മുകളിലുള്ള വിജയ കഥ അഡാറ് ലവും തുടരും. പക്ഷെ 'അഡാറ്' പ്രതീക്ഷകളോട് എത്രത്തോളം നീതി പുലര്‍ത്താനായി എന്ന ചോദ്യത്തിന് സംവിധായകന്‍ ഉത്തരം കണ്ടെത്തേണ്ടിവരും.

ഡോണ്‍ ബോസ്ക്കോ സ്കൂളിലെ പുതിയ ബാച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ കഥയാണ് ഒമര്‍ പറഞ്ഞുവച്ചത്. സ്കൂള്‍ കലോത്സവത്തിന്‍റെ പശ്ചാത്തലത്തിലാണ് സിനിമ ആരംഭിക്കുന്നത്. പുതിയ ബാച്ച് വിദ്യാര്‍ഥികള്‍ സ്കൂളിലെത്തുമ്പോള്‍ ഉണ്ടാകുന്ന സാധാരണ ഗതിയിലുള്ള റാഗിംങ്ങും വിരട്ടലുമൊക്കെ തുടരുന്നതിനിടയിലാണ് നായകന്‍റെ രംഗപ്രവേശനം. റോഷന്‍ അബ്ദുള്‍ റൗഫും പ്രിയ വാര്യറും അതേ പേരുകളില്‍ തന്നെ വെളളിത്തിരയില്‍ എത്തിയപ്പോള്‍ നൂറിന്‍ ഷെരീഫ് ഗാഥയെന്ന കഥാപാത്രമായി എത്തുന്നു.

പറഞ്ഞു പഴകിയ പ്രണയ കഥയ്ക്ക് വലിയ പുതുമകളൊന്നുമില്ലാതെയാണ് ഒമര്‍ അഡാറ് ലവും അണിയിച്ചൊരുക്കിയിരിക്കുന്നത്. സ്കൂള്‍ ജീവിതത്തിനിടയില്‍ ക്ലാസിലെ പെണ്‍കുട്ടികളെ പ്രണയിക്കാനായി നടക്കുന്ന ഒരു കൂട്ടം ആണ്‍ കുട്ടികളുടെ ശ്രമം തമാശ കലര്‍ത്തി അവതരിപ്പിച്ചിരിക്കുന്നു. പലപ്പോഴും തുടര്‍ച്ചയില്ലാതെ കഥാപാത്രങ്ങളും കഥയും വലയുന്നതായി പ്രേക്ഷകന് അനുഭവപ്പെടാം. എന്നാല്‍ ചിത്രത്തിന്‍റെ അവസാന ഭാഗത്ത് അപ്രതീക്ഷിതമായുണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെ ചിത്രം പ്രേക്ഷകനെ നിരാശപ്പെടുത്താതെ യാത്രയാക്കും.

സാധാരണ ഗതിയിലുള്ള സിനിയര്‍ ജൂനിയര്‍ ഈഗോയും തല്ലുമൊക്കെ തന്നെയാണ് അഡാറ് ലൗവിന്‍റെ ആദ്യ ഭാഗത്തും. ബോയ്സ് ഹോസ്റ്റലുകളിലെ സ്ഥിരം സംഭവങ്ങള്‍ക്കും ഒരു മാറ്റവുമില്ല. ഒറ്റ കണ്ണിറുക്കലിലൂടെ പ്രണയം സാധ്യമാകുന്നതിനാല്‍ നായികയുടെ പിന്നാലെ നടന്ന കഷ്ടപ്പെടേണ്ട ആവശ്യം നായകന് വരുന്നില്ല. പ്രണയത്തിലായ നായകനും നായികയും തമ്മിലുള്ള പിണക്കവും ഇണക്കവും എല്ലാമായി ആദ്യ പകുതി അവസാനിക്കും.

നായകന്‍റെ മൊബൈലില്‍ നിന്ന് അശ്ലീല ക്ലിപ്പുകള്‍ വാട്സാപ്പ് ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെടുന്നതോടെ അല്ലറ ചില്ലറ പ്രശ്നങ്ങളൊക്കെ ഉണ്ടാകുന്നു. തുടര്‍ന്ന് പ്രണയ ബന്ധത്തിലുണ്ടാകുന്ന പ്രശ്നങ്ങളും കഥയെ മുന്നോട്ട് കൊണ്ടുപോകും. ഇതിനിടയില്‍ കഥയില്‍ ചില മാറ്റങ്ങളൊക്കെ ഉണ്ടാകുന്നു. അവസാന പരീക്ഷയ്ക്ക് ശേഷം യഥാര്‍ത്ഥ പ്രണയം തുറന്നുപറയാന്‍ ആഗ്രഹിക്കുന്ന നായകനും തുടര്‍ന്നുണ്ടാകുന്ന ട്വിസ്റ്റും പ്രേക്ഷകനെ നിരാശരാക്കാതെ മടക്കി അയക്കും. ഇനിയെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം പ്രേക്ഷകന് സ്വന്തം ഭാവനയ്ക്ക് അനുസരിച്ച് കണ്ടെത്താനുള്ള സ്വാതന്ത്ര്യം കൂടിയാണ് സംവിധായകന്‍ നല്‍കുന്നത്.

കണ്ണിറുക്കാന്‍ മാത്രമല്ല അഭിനയിക്കാനും അറിയാമെന്ന് പ്രിയ വാര്യര്‍ എന്ന കഥാപാത്രത്തിലൂടെ പ്രിയ വാര്യര്‍ തെളിയിച്ചിട്ടുണ്ട്. റോഷനാകട്ടെ തന്‍റെ ഭാഗം മികച്ചതാക്കിയിട്ടുണ്ട്. ഗാഥയായെത്തിയ നൂറിനും കൈയ്യടി നേടുന്നുണ്ട്. ഡ്രില്ല് സാറായി എത്തിയ ഹരീഷ് കണാരന്‍റെ തമാശകള്‍ ആരെയും രസിപ്പിക്കുന്നതാണ്. പുതു മുഖ താരങ്ങളും നിരാശരാക്കിയിട്ടില്ല. പ്രളയകാലത്ത് സൂപ്പര്‍മാനല്ല മത്സ്യ തൊഴിലാളികളാണ് കേരളത്തെ രക്ഷിച്ചതെന്ന് പറയുന്ന മണവാളന്‍ സലീം കുമാറും അതിഥി വേഷം മനോഹരമാക്കി. കലാഭവന്‍ മണിക്ക് വേണ്ടിയുള്ള നാടന്‍ പാട്ടുകളുടെ സമര്‍പ്പണവും കൈയ്യടി വാങ്ങുന്നു. എന്നാല്‍ പല കഥാപാത്രങ്ങളും തുടര്‍ച്ചയില്ലാത്തത് ചിത്രത്തില്‍ കല്ലുകടിയായി അവശേഷിക്കും.