മുംബൈ: ലോക്ക്ഡൌണില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങാനുള്ള ചെലവിനായി രാജ്യമൊന്നിക്കണമെന്ന് ബോളിവുഡ് നടന്‍ റിതേഷ് ദേശ്മുഖ്. ഇവരുടെ ട്രെയിന്‍ യാത്ര സൌജന്യമാക്കണമെന്നാണ് താരത്തിന്‍റെ ആവശ്യം. കൊവിഡ് 19 ബാധിക്കുമോയെന്ന ഭീതിക്ക് പുറമേ താമസിക്കാനോ കയ്യില്‍ പണമോ ഇല്ലാത്തവരാണ് ഇവരില്‍ ഏറിയ പങ്കുമെന്നും താരം ട്വിറ്ററില്‍ പ്രതികരിക്കുന്നു. 

രാജ്യത്തെ ജനങ്ങള്‍ കഷ്ടതയനുഭവിക്കുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കാത്തതിന് കഴിഞ്ഞ ദിവസം സോണിയാ ഗാന്ധി പ്രധാനമന്ത്രി മോദിയ വിമര്‍ശിച്ചിരുന്നു. ടിക്കറ്റിന് നല്‍കാന്‍ പണം കയ്യിലില്ലാത്തവര്‍ക്ക് കോണ്‍ഗ്രസ് ടിക്കറ്റെടുത്ത് നല്‍കുമെന്ന് സോണിയ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ ഭക്ഷണവും വെള്ളവും മരുന്നും പണവും ​ഗതാ​ഗത സൗകര്യങ്ങളും ഇല്ലാതെ കാൽനടയായി സ്വദേശങ്ങളിലേക്ക് മടങ്ങിപ്പോകാൻ‌ നിർബന്ധിതരായിരിക്കുകയാണ്.

ഇത്തരം ഒരു പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്രസർക്കാരും റെയിൽവേ മന്ത്രാലയവും ഇവരിൽ നിന്നും ട്രെയിൻ ടിക്കറ്റ് കൂലി ഈടാക്കുന്നത് ആശങ്കപ്പെടുത്തുന്നു. അതിഥി തൊഴിലാളികളെ പിന്തുണയ്ക്കണമെന്ന കോൺ​ഗ്രസിന്റെ നിരന്തരമായ ആവശ്യം കേന്ദ്ര സർക്കാർ അവ​ഗണിക്കുകയാണെന്നും സോണിയ ​ഗാന്ധി വിമർശിച്ചിരുന്നു.