Asianet News MalayalamAsianet News Malayalam

യുഎഇയിലെയും ഒമാനിലെയും കനത്ത മഴയ്ക്ക് കാരണം എല്‍നിനോ പ്രതിഭാസമെന്ന് പഠനം

എൽനിനോ പ്രതിഭാസം അറേബ്യൻ ഉപദ്വീപിലെ ഈ മേഖലയിൽ 10–40% വരെ ശക്തമായതാണ് വേൾഡ് വെതർ ആട്രിബ്യൂഷൻ ഗ്രൂപ്പിലെ ഗവേഷകരുടെ കണ്ടെത്തൽ.

Study says heavy rain in uae and oman linked to climate change and  El Nino
Author
First Published Apr 26, 2024, 5:12 PM IST

അബുദാബി: യുഎഇയിലും ഒമാനിലും അടുത്തിടെ പെയ്ത ശക്തമായ മഴയ്ക്ക് കാരണം കാലാവസ്ഥാ വ്യതിയാനവും എല്‍നിനോ പ്രതിഭാസവുമാണെന്ന് പഠനം. സമുദ്രത്തിലെ ഉപരിതല ജലത്തിന്‍റെ താപനില കൂടുന്ന എല്‍നിനോ പ്രതിഭാസം മഴയുടെ തീവ്രത കൂട്ടിയതായി കാലാവസ്ഥ വിദഗ്ധരുടെ അന്താരാഷ്ട്ര സംഘം നടത്തിയ പഠനത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എൽനിനോ പ്രതിഭാസം അറേബ്യൻ ഉപദ്വീപിലെ ഈ മേഖലയിൽ 10–40% വരെ ശക്തമായതാണ് വേൾഡ് വെതർ ആട്രിബ്യൂഷൻ ഗ്രൂപ്പിലെ ഗവേഷകരുടെ കണ്ടെത്തൽ. ഫോസിൽ ഇന്ധനങ്ങൾ കത്തുന്നത് മൂലം ആഗോളതാപനം കൂടുന്നതും മഴയുടെ തീവ്രത കൂടിയതിന് കാരണമായി പറയുന്നുണ്ട്. എൽ നിനോ പ്രതിഭാസവും മനുഷ്യന്‍റെ ഇടപെടല്‍ കാരണമുള്ള കാലാവസ്ഥാ മാറ്റവുമാണ് യുഎഇയിലെയും ഒമാനിലെയും കനത്ത മഴയ്ക്ക് കാരണമായതെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഗ്രന്ഥം ഇന്‍സ്റ്റിറ്റ്യൂട്ട്- ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്‍വയോണ്‍മെന്‍റിലെ കാലാവസ്ഥ ശാസ്ത്രം സീനിയർ ലക്ചറർ ഫ്രെഡറിക് ഓട്ടോ പറഞ്ഞു. ഈ കണ്ടെത്തലിൽ അതിശയിക്കാനില്ലെന്നും ചൂടുള്ള അന്തരീക്ഷത്തിന് കൂടുതൽ ഈർപ്പം നിലനിർത്താൻ കഴിയുമെന്ന അടിസ്ഥാന ഭൗതികശാസ്ത്ര തത്വത്തോട് യോജിക്കുന്നുണ്ടെന്നും ഗ്രന്ഥം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷക മറിയം സക്കറിയ പറഞ്ഞു. 

Read Also - മൂന്നര ലക്ഷം വരെ ശമ്പളം; സൗജന്യ വിസയും പരിശീലനവും, മലയാളികളെ കാത്ത് വമ്പൻ തൊഴിലവസരം, ജര്‍മനിയിൽ നഴ്സാകാം

അതേസമയം കനത്ത മഴയെ തുടര്‍ന്ന് തടസ്സപ്പെട്ട ദുബൈ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ പൂർണമായും സാധാരണ നിലയിലായിട്ടുണ്ട്. ദിവസവും 1400 വിമാനങ്ങള്‍ എന്ന നിലയിലേക്ക് തിരിച്ചെത്തി. കനത്ത മഴ മൂലം പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ ആകെ റദ്ദാക്കേണ്ടി വന്നത് 2155 വിമാനങ്ങളാണ്.  115 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. കനത്ത മഴ മൂലം ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിലും യാത്രക്കാര്‍ നേരിട്ട അസൗകര്യങ്ങളിലും ദുബൈ എയര്‍പോര്‍ട്ട് സിഇഒ പോള്‍ ഗ്രിഫിത്ത്സ് ഖേദം പ്രകടിപ്പിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

Follow Us:
Download App:
  • android
  • ios