ഹൈദരാബാദ്: തെലുങ്ക് സീരിയലുകളിലൂടെ ശ്രദ്ധേയയായ ശ്രാവണി കൊണ്ടാപള്ളി ജീവനൊടുക്കി. ഹൈദരാബാദ് മധുരനഗറിലുള്ള വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 

കാമുകനായ ദേവ്‌രാജ് റെഡ്ഡിയുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് ശ്രാവണി ആത്മഹത്യ ചെയ്തത് എന്ന് നടിയുടെ കുടുംബം ആരോപിച്ചു. നടിയുടെ കുടുംബം ദേവ്‌രാജിനെതിരെ എസ്ആര്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ കാക്കിനാഡ സ്വദേശിയായ ദേവ്‌രാജ് കുറെ നാളുകളായി നടിയെ മാനസികമായി പീഡിപ്പിക്കുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. നടിയുടെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

എട്ട് വര്‍ഷത്തോളമായി തെലുങ്ക് ടെലിവിഷന്‍ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന നടിയാണ് ശ്രാവണി കൊണ്ടാപള്ളി. മനസു മമത, മൗനരാഗം എന്നിവയാണ് ശ്രദ്ധേയ സീരിയലുകള്‍.