ഒറ്റയ്ക്ക് ഇരുന്ന് കഴിക്കുന്നതിനെക്കാള്‍  എല്ലാവരോടൊപ്പം ഇരുന്ന് കഴിക്കുന്നതാണോ നിങ്ങള്‍ക്ക് ഇഷ്ടം? എങ്കില്‍ നിങ്ങള്‍ ഈ പഠനം പറയുന്നത് അറിയുക. സുഹൃത്തുക്കളൊടൊപ്പമോ കുടുംബത്തോടൊപ്പമോ ഇരുന്ന്  കഴിക്കുമ്പോള്‍  ഒറ്റയ്ക്ക് ഇരുന്ന്  കഴിക്കുന്നതിനെക്കാള്‍ കൂടുതല്‍ ഭക്ഷണം നിങ്ങള്‍ കഴിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.

യൂണിവേഴ്സിറ്റി ഓഫ് ബര്‍മിംഗ്ഹാം (University of Birmingham) ആണ് പഠനം നടത്തിയത്. ഇത്തരത്തില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നവര്‍ ഒറ്റയ്ക്ക് ഇരുന്ന് കഴിക്കുന്നതിനെക്കാള്‍ ഏകദേശം 48 ശതമാനം കൂടുതല്‍ ഭക്ഷണം കഴിക്കുമെന്നാണ് ഈ പഠനം പറയുന്നത്. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സമൂഹപരമായ അന്തരീക്ഷമാണ് ഇത്തരത്തില്‍ കൂടുതലായി ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും പഠനം പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ അമിതമായ അളവില്‍ ഭക്ഷണം കഴിക്കുന്നത് ശരീരത്തെ ബാധിക്കുമെന്നും പഠനം പറയുന്നു. അമിതവണ്ണം പോലെയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഒരുമിച്ച് ഇരുന്ന്  കഴിക്കുമ്പോള്‍ ഭക്ഷണത്തിന്‍റെ അളവില്‍ പ്രത്യേകം ശ്രദ്ധ വേണമെന്നും പഠനം പറയുന്നു.