സിഡ്നി: കെഎഫ്‍സിയിലെ ചിക്കന്‍ ഇഷ്ടമുള്ള മകന് അമ്മയുടെ സമ്മാനം ഒരു കേക്ക് ആയിരുന്നു. അതും കെഎഫ്‍സി കേക്ക്. ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഓസ്ട്രേലിയക്കാരിയായ കെറി കേക്കിന്‍റെ ചിത്രം പോസ്റ്റ് ചെയ്തത്. ചോറ്റുപാത്രവും ചിപ്സ് കണ്ടെയ്നറും ഒഴിച്ച് ബാക്കിയെല്ലാം കേക്കാണെന്നാണ് ആ അമ്മ കുറിച്ചത്. മകന്‍റെ പിറന്നാളിനാണ് അമ്മ വ്യത്യസ്തമായ സമ്മാനം ഒരുക്കിയത്. 

ചിക്കനും ഫ്രഞ്ച് ഫ്രൈസും ബ്രെഡും ചിപ്സുമെല്ലാം കേക്കുകൊണ്ടുതന്നെ. 340 രൂപയാണ് ഇതിനായി കെറിക്ക് ചിലവായത്. കടയില്‍ നിന്ന് ചോക്ലേറ്റ് കേക്ക് വാങ്ങിയ കെറി അത് ഇഷ്ടമുള്ള രൂപങ്ങളിലേക്ക് മുറിച്ചെടുത്തു. എന്നിട്ട് ആ രൂപങ്ങളില്‍ ഐസിംഗ് ചെയ്ത് അലങ്കരിച്ച് മകന് പ്രിയപ്പെട്ട കെഎഫ്‍സി ആഹാരങ്ങളുടെ രൂപങ്ങള്‍ മെനഞ്ഞു. 

ഈ അലങ്കാരങ്ങള്‍ക്കായി, ചിക്കന്‍റേതായ ലുക്കിനും നിറത്തിനുമായി വൈറ്റ് ചോക്ലേറ്റ്, എള്ള്, കോണ്‍ഫ്ലേക്ക്സ് എന്നിവയാണ് കെറി ഉപയോഗിച്ചത്. ചിപ്സ് ഉണ്ടാക്കിയത് പ്ലെയിന്‍ സ്പോഞ്ച് കേക്ക് ഉപയോഗിച്ചാണ്. മുറിച്ചെടുത്ത് കേക്ക് കഎഫ്സിയുടെ ചിപ്പ് കണ്ടെയ്നറിലേക്ക് മാറ്റി. ബ്രഡിന്‍റെ ലുക്കിനായി മുറിച്ചെടുത്ത് ഐസിംഗ് ചെയ്ത കേക്കില്‍ എള്ള് വിതറി. ഒരു പാത്രത്തില്‍ ചോക്ലേറ്റ് കേക്ക് നിറച്ചു. മകന് ഇഷ്ടപ്പെട്ടതെല്ലാം ഒരുക്കിയ അ അമ്മ അവന് ഇനിയും സര്‍പ്രൈസുകള്‍ ഒരുക്കിയിട്ടുണ്ടെന്നും ഫേസ്ബുക്കില്‍ കുറിച്ചു.