Asianet News MalayalamAsianet News Malayalam

ഇറാന്‍ താരങ്ങളെ പിടിച്ചെഴുന്നേൽപ്പിച്ച അമേരിക്കൻ കളിക്കാർ; അതിശയിപ്പിക്കുന്ന ഖത്തര്‍ ലോകകപ്പ്

ജിയോ പോളിറ്റിക്സ്, മാനവികതയെയും സൗഹാർദത്തേയും കണ്ടുമുട്ടുന്ന നിമിഷം. അത്തരം സുന്ദരനിമിഷം തരാൻ സ്പോർട്സിനേ കഴിയൂ. 

FIFA World Cup 2022 How Qatar Football World Cup is wondering amid criticism
Author
First Published Dec 3, 2022, 6:08 PM IST

ദോഹ: സുന്ദര ഗോളുകളും അതിശയിപ്പിക്കുന്ന രക്ഷപ്പെടുത്തലുകളും മാത്രമല്ല ലോകകപ്പ് ഫുട്ബോളിന്‍റെ ചരിത്ര പുസ്തകത്തിൽ ഇടംപിടിച്ചിട്ടുള്ളത്. ചില ഞെട്ടിക്കലുകളും തമാശക്കാഴ്ചകളും വിചിത്രമുഹൂർത്തങ്ങളും വൈകാരിക നിമിഷങ്ങളും എല്ലാമുണ്ട് അക്കൂട്ടത്തിൽ. ഖത്തർ ലോകകപ്പും വ്യത്യസ്തമല്ല. ഞെട്ടിക്കുന്ന വിജയങ്ങളും ഏഷ്യൻ കരുത്ത് കാട്ടലും മാത്രമല്ല ഖത്ത‌ർ ഒന്നാം റൗണ്ടിൽ തന്നെ സമ്മാനിച്ച അവിസ്മരണീയ സന്ദർഭങ്ങൾ. 

ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ  4-1ന് തോൽപിച്ചപ്പോൾ ഫ്രാൻസ് നേടിയ വിജയം പറഞ്ഞുശീലിച്ച ഒരു ശാപകഥയുടെ വേരറുക്കൽ കൂടിയായിരുന്നു. ചാമ്പ്യൻമാർക്ക് ആദ്യ റൗണ്ടിൽ കാലിടറുന്ന പതിവ് തെറ്റി. മാത്രമല്ല ആദ്യമായി പ്രീ ക്വാർട്ടർ ഉറപ്പിച്ചതും നിലവിലെ ചാമ്പ്യൻമാരായിരുന്നു. പക്ഷേ അതിനൊപ്പം ആതിഥേയരായ ഖത്തർ മറ്റൊരു പതിവും തെറ്റിച്ചു. ആദ്യ മത്സരം തോൽക്കുന്ന ആദ്യ ആതിഥേയരായി. ഇക്വഡോറിന് എതിരെ 2-0ന് ഖത്തർ തോറ്റപ്പോൾ ആതിഥ്യം വഹിക്കുന്ന രാജ്യങ്ങൾ ആദ്യ മത്സരം എന്തായാലും ജയിക്കുന്ന പതിവ് തെറ്റി. 

ക്രിസ്റ്റ്യാനോ റൊണാൾഡോ ഫുട്ബോൾ ലോകത്തെ നേട്ടങ്ങളുടെ പട്ടികയിൽ ഒരു റെക്കോഡ് കൂടി എഴുതിച്ചേർത്തു. അഞ്ച് ലോകകപ്പിലും ഗോളടിക്കുന്ന ആദ്യത്തെ പുരുഷ താരം. 2006ൽ, 2010ൽ, 2014ൽ, 2018ൽ ഇക്കുറി ഘാനക്ക് എതിരായ ആദ്യ മത്സരത്തിലും ഗോൾ. എന്തൊക്കെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാലും CR7 വേറെ ലെവലാണ്. 
  
മനുഷ്യാവകാശലംഘനം, സ്വർഗലൈംഗികതയോടുള്ള വിയോജിപ്പ് തുടങ്ങിയ വിഷയങ്ങളിൽ ഖത്തറിനോടുള്ള എതിർപ്പ് പല രാജ്യങ്ങളും ഉറക്കെ പറഞ്ഞു. പ്രതിഷേധസൂചകമായി മഴവിൽ രാജിയുള്ള വൺ ലവ് ബാൻഡുകൾ കെട്ടുമെന്ന് അര ഡസനിലധികം ക്യാപ്റ്റൻമാർ പറഞ്ഞു. പക്ഷേ ഫിഫ കണ്ണുരുട്ടി. മൈതാനത്തെ നയ പ്രഖ്യാപനം പറ്റില്ലെന്ന് പറഞ്ഞു. പറഞ്ഞത് കേട്ടില്ലെങ്കിൽ കാർഡ് എന്ന് മുന്നറിയിപ്പ് നൽകി. പിന്നാലെ നോ ഡിസ്ക്രിമിനേഷൻ എന്ന ബാൻഡ് ആകാമെന്നും പറഞ്ഞു. എന്തായാലും ഫിഫ പറഞ്ഞത് ടീം നായകർ കേട്ടു. പക്ഷേ ഫിഫയുടെ വിരട്ടൽ പ്രതിഷേധമുയർത്തി. ആദ്യ മത്സരത്തിനിറങ്ങിയ ജർമനിയുടെ കളിക്കാർ ടീം ഫോട്ടോക്ക് നിരന്നത് വായ് മൂടിക്കെട്ടിയായിരുന്നു. ഗാലറിയിലുന്ന മന്ത്രിയും അതുതന്നെ ചെയ്തു. ഫിഫയോടുള്ള വിയോജിപ്പ് വ്യക്തമാക്കി. മെഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാൻ പ്രതിഷേധത്തിരമാലകൾ അലയടിക്കുകയാണ്. ഇംഗ്ലണ്ടിന് എതിരെ ആദ്യ മത്സരത്തിനിറങ്ങിയ ഇറാൻ കളിക്കാർ ദേശീയ ഗാനത്തിന് അനുസരിച്ച് ചുണ്ടനക്കിയില്ല. നാട്ടിലെത്തിയാൻ എന്തെന്നറിയാത്ത അനിശ്ചിതാവസ്ഥയിലും നായകൻ ഹജ്സാഫിയും കൂട്ടുകാരും പുറത്തെടുത്ത ആ മൗനത്തിന് സിംഹഗർജനങ്ങളുടെ ഗാംഭീര്യമുണ്ടായിരുന്നു.  ഒരൊറ്റ കളിയേ ജയിച്ചുള്ളൂവെങ്കിലും ഇറാൻ ടീം ലോകത്തെ ഞെട്ടിച്ചാണ് മടങ്ങിയത്. 

അതുപോലെ തന്നെ ഫുട്ബോൾ എങ്ങനെ രാജ്യങ്ങളെയും ടീമുകളെയും കോർത്തിണക്കുന്നു, ഐക്യപ്പെടുത്തുന്നു എന്നതിന് ഉദാഹരണം കണ്ടതും ഇറാന്‍റെ കളിയിൽ തന്നെ. അവസാന ഗ്രൂപ്പ് മത്സരം രാഷ്ട്രീയമായി തികച്ചും വിരുദ്ധചേരിയിൽ നിൽക്കുന്ന അമേരിക്കക്ക് എതിരെ. പൊരുതിക്കളിച്ച ശേഷം പുലിസിക്കിന്‍റെ ഒറ്റ ഗോളിൽ തോറ്റു പോയതിന്‍റെ ക്ഷീണത്തിലും നിരാശയിലും ഇരിക്കുന്ന അവർക്ക് കൈ കൊടുത്ത് അമേരിക്കൻ കളിക്കാർ പിടിച്ചെഴുന്നേൽപ്പിക്കുന്ന നിമിഷം. ജിയോ പോളിറ്റിക്സ്, മാനവികതയെയും സൗഹാർദത്തേയും കണ്ടുമുട്ടുന്ന നിമിഷം. അത്തരം സുന്ദരനിമിഷം തരാൻ സ്പോർട്സിനേ കഴിയൂ. 

കാമറൂണിനെതിരെ വിജയ ഗോളടിച്ച സ്വിസ് താരം ബ്രീൽ എംബോളോ ആഹ്ലാദാരവം മുഴക്കിയില്ല. പകരം രണ്ട് കയ്യുകളും ഉയർത്തി നിന്നു. കൈനീട്ടി സ്വീകരിച്ച് ജീവിതം തന്ന നാടിന് വിജയം സമ്മാനിച്ചെങ്കിലും ആ മുഹൂർത്തം എംബോളോക്ക്    നിസ്സഹായാവസ്ഥയുടേത് കൂടിയാണ്. കാരണം അമ്മക്കൊപ്പം സ്വിറ്റ്സർലൻഡിലേക്ക് കുടിയേറിയ എംബോളോ ജനിച്ചത് കാമറൂണിലാണ്. അവന്‍റെ അച്ഛൻ ഇപ്പോഴും അവിടെയാണ് താമസം. എംബോളോ എന്തിന് അത് ചെയ്തു എന്നത് സ്വിസ് ടീമിലെയും ഒപ്പം കാമറൂണിന്‍റേയും കളിക്കാർ മനസിലാക്കിയിടത്ത് ആ മുഹൂർത്തത്തിന്‍റെ മൂല്യം കൂടുന്നു.   

ബ്രസീലിനെ തോൽപിച്ച ആദ്യ രാജ്യമായി കാമറൂൺ മാറിയിരിക്കുന്നു. അത്യുഗ്രൻ ഹെഡറിലൂടെ അത് സാധിച്ചത് നായകൻ വിൻസെന്‍റ് അബൂബക്കർ. നാട്ടിലേക്ക് മടങ്ങണമെന്ന് ഉറപ്പിച്ചിട്ടുണ്ടെങ്കിലും ചരിത്രപരമായ ആ നിമിഷം. ആ വിജയം ആഘോഷിക്കാതിരിക്കാൻ അബൂബക്കറിന് കഴിയുമായിരുന്നില്ല. ജഴ്സിയൂരി ചുറ്റി ആർപ്പുവിളിച്ചു. നിയമം തെറ്റിക്കുന്നത് കണ്ട റഫറി ഇസ്മായിൽ എൽഫത്ത് വരാതിരിക്കാൻ കഴിയുമായിരുന്നില്ല. രണ്ടാമത്തെ മഞ്ഞക്കാർഡ് ഉയർത്തി. പിന്നാലെ ചുവപ്പുകാർഡും. പക്ഷേ പുറത്തേക്ക് പോകാൻ കാർഡ് ഉയർത്തും മുമ്പ് റഫറി എൽഫത്ത് അബൂബക്കറിന് കൈ കൊടുത്തു. നല്ല ചിരിയോടെ ചേർത്ത് നിർത്തി തോളിൽ തട്ടി. അയാൾ നേടിയ ഗോളിന്‍റെ മഹത്വവും മനസും അറിഞ്ഞുള്ള റഫറിയിങ്. നീതിയുടെ കരുതലുള്ള നിയമപാലനം. 
 
അൽ ബൈത്ത് സ്റ്റേഡിയം എന്നും ഇപ്പോഴും ഇനി ഫുട്ബോൾ ചരിത്രത്തിലുണ്ട്. കാരണം പതിറ്റാണ്ടുകൾ പിന്നിടുന്ന പുരുഷ ലോകകപ്പ് ഫുട്ബോൾ വേദികളിൽ ഇതാദ്യമായി കളി നിയന്ത്രിക്കാൻ പെൺപട്ടാളമിറങ്ങി. പ്രധാന റഫറി ഫ്രാൻസിന്‍റെ സ്റ്റെഫാനി ഫ്രാപ്പാർട്ട്. സഹായികൾ മെക്സിക്കോയുടെ കാരെൻ ഡയസ്, ബ്രസീലിന്‍റെ ന്യൂസ ബാക്ക് എന്നിവര്‍. ആർക്കും പരാതിക്കിട നൽകാതെ, തികഞ്ഞ കയ്യടക്കത്തോടെ, വേഗതയോടെ ജർമനിയുടെയും കോസ്റ്റാറിക്കയുടെയും ജീവൻമരണ പോരാട്ടം നിയന്ത്രിച്ചു അവർ. അതിനൊരു ബിഗ് സല്യൂട്ട്, എല്ലാ മുൻവിധികളും പതിവുചിട്ടകളും തെറ്റിച്ചതിന്. ലേറ്റാണെങ്കിലും ലേറ്റസ്റ്റായി സ്റ്റൈലായി ജൈജാന്‍റിക് ആയി തീരുമാനമെടുത്തതിന് ഫിഫക്കും സല്യൂട്ട്. മാമൂലുകളുടെ തടവറയിൽ പെട്ടുകിടക്കുന്നതെന്നും സാമ്പ്രദായികമെന്നും പരക്കെ വിമർശനം കേട്ടുകൊണ്ടിരുന്ന ഖത്ത‌ർ തന്നെ ചരിത്രപരമായ തീരുമാനം നടപ്പിലാക്കാൻ തെരഞ്ഞെടുക്കുപ്പോൾ അതൊരു തീരുമാനം മാത്രമല്ല. പ്രഖ്യാപനം തന്നെയാണ്. മുന്നോട്ടു നടക്കുന്നു എന്ന പ്രഖ്യാപനം. ഇനിയുമുണ്ട് കാൽപന്ത് കളിയുടെ ഉത്സവനാളുകൾ. കാത്തിരിക്കാം. അവിസ്മരണീയ മുഹൂർത്തങ്ങൾക്കായി. 

ഏഷ്യന്‍ വീര്യം, ആഫ്രിക്കന്‍ കരുത്ത്, കാലിടറിയ വമ്പന്‍മാര്‍; ആദ്യഘട്ടം പിന്നിടുമ്പോള്‍ ബാക്കിയാവുന്നത്

Follow Us:
Download App:
  • android
  • ios