Asianet News MalayalamAsianet News Malayalam

ഞെട്ടിച്ച തീരുമാനം! ഇവാന്‍ വുകോമാനോവിച്ചുമായി വേര്‍പിരിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്! വിടപറയുന്നത് പരസ്പര ധാരണയോടെ

തുടര്‍ച്ചയായി മൂന്ന് തവണ ക്ലബിനെ പ്ലേ ഓഫിലെത്തിച്ച ഇവാന് ഒരു തവണ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിക്കാനും സാധിച്ചിരുന്നു.

ivan vukomanovic departs with kerala blasters after poor isl season
Author
First Published Apr 26, 2024, 6:58 PM IST

കൊച്ചി: ഇവാന്‍ വുകോമാനോവിച്ചിനോട് വിടപറഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ക്ലബ് ഇക്കാര്യം പുറത്തുവിട്ടത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് കടക്കാന്‍ സാധിച്ചിരുന്നില്ല. പിന്നാലെയാണ് ക്ലബിന്റെ തീരുമാനം. 2021 സീസണ്‍ മുതല്‍ അദ്ദേഹം ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടായിരുന്നു. ഐഎസ്എല്ലില്‍ പഞ്ചാബ് എഫ്സിക്കെതിരെ ഈ സീസണിലെ ഏറ്റവും മോശം പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തതെന്ന് അടുത്തിടെ വുകോമനോവിച്ച് വ്യക്തമാക്കിയിരുന്നു. ടീമിനെതിരെ രൂക്ഷ വിമര്‍ശനവും ഉണ്ടായിരുന്നു.

ഇവാനുമായി ബന്ധം വിടപറയുന്നതുമായി ബന്ധപ്പെട്ട പോസ്റ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് വ്യക്തമാക്കുന്നതിങ്ങനെ.. ''ഹെഡ് കോച്ച് ഇവാന്‍ വുകോമാനോവിച്ചിനോട് ക്ലബ് വിട പറയുന്നു. ഇവാന്റെ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും നന്ദി. മുന്നോട്ടുള്ള യാത്രയില്‍ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും.'' ബ്ലാസ്‌റ്റേഴ്‌സ് കുറിച്ചിട്ടു. പരസ്പര ധാരണയോടെയാണ് വേര്‍പിരിഞ്ഞതെന്നും ക്ലബിന്റെ പോസ്റ്റില്‍ പറയുന്നു. പോസ്റ്റ് കാണാം...

തുടര്‍ച്ചയായി മൂന്ന് തവണ ക്ലബിനെ പ്ലേ ഓഫിലെത്തിച്ച ഇവാന് ഒരു തവണ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിക്കാനും സാധിച്ചിരുന്നു. 2021-22 സീസണില്‍ ക്ലബ്ബിന്റെ ചരിത്രത്തില്‍ ഒരു സീസണിലെ ഉയര്‍ന്ന പോയിന്റ് സ്വന്തമാക്കിയത് ഇവാന്റെ കീഴിലായിരുന്നു. ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതും സെര്‍ബിയക്കാരന്റെ കീഴില്‍ നിന്നുതന്നെ. അദ്ദേഹം വിടപറയുന്നതുമായി ബന്ധപ്പെട്ട് ക്ലബ് ഡയറക്റ്റര്‍ കരോലിസ് സ്‌കിന്‍കിസ് പറയുന്നതിങ്ങനെ... ''ടീമിന്റെ വിജയത്തില്‍ മൂന്ന് വര്‍ഷം ഇവാന്‍ ഒരുപാട് സ്വാധീനം ചെലുത്തി. അദ്ദേഹത്തോടൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം. ടീമിന് വേണ്ടി അദ്ദേഹം ചെയ്തതിനെല്ലാം നന്ദി. എല്ലാവിധ ആശംസകളും നേരുന്നു.'' കരോലിസ് വ്യക്തമാക്കി.

ഇവാനുമായി വേര്‍പിരിയേണ്ടി വന്നതില്‍ വിഷമമുണ്ടെന്ന് ടീം ഡയറക്റ്റര്‍ നിഖില്‍ ബി നിമ്മഗദ്ദ പ്രസ്താവനയില്‍ അറിയിച്ചു. ക്ലബ്ബിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ശരിയായ തീരുമാനമെന്ന് വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios