ദില്ലി: സമ്പൂര്‍ണ്ണമായി  റീഡിസൈന്‍ ചെയ്ത്  ഗൂഗിള്‍ ഫോട്ടോസ് എത്തുന്നു. ഐഒഎസ് ആന്‍ഡ്രോയ്ഡ് പതിപ്പുകളില്‍ എത്തുന്ന ഗൂഗിള്‍ ഫോട്ടോസിന്‍റെ പുതിയ ഡിസൈന്‍ പതിപ്പ് അടുത്താഴ്ച മുതല്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭിക്കും എന്നാണ് റിപ്പോര്‍ട്ട്. ആപ്പിന്‍റെ മൊത്തം യൂസര്‍ ഇന്‍റര്‍ഫേസ് സിംപിളാക്കുന്നതിനൊപ്പം ഇത്തവണ ഗൂഗിള്‍ ഫോട്ടോസ് ലോഗോയിലും മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്നാണ് പുറത്തുവന്ന ചിത്രങ്ങളും വിവരങ്ങളും പറയുന്നത്.

നേരത്തെ ഗൂഗിള്‍ ഫോട്ടോ ഹോം സ്ക്രീനില്‍ ഫോട്ടോസ്, ഫോര്‍ യൂ, ആല്‍ബംസ്, ഷെയറിംഗ് എന്നീ ടാബുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത് പുതിയ ഗൂഗിള്‍ ഫോട്ടോ യൂസര്‍ ഇന്‍റര്‍ഫേസില്‍ ഫോട്ടോസ്, സെര്‍ച്ച്, ലൈബ്രറി എന്നാക്കിയിരിക്കുന്നു. ഇതില്‍ ആദ്യത്തേതില്‍ പതിവ് പോലെ നിങ്ങളുടെ ഫോണിലെ ചിത്രങ്ങള്‍ തന്നെയാണ് ഉണ്ടാകുക.

രണ്ടാമത്തെ ടാബായ സെര്‍ച്ചില്‍ മാപ്പ് അടിസ്ഥാനമാക്കി നിങ്ങള്‍ക്ക് നിങ്ങളുടെ ചിത്രങ്ങള്‍ കണ്ടെത്താം. ലോക്കേഷന്‍ എനെബിള്‍ ചെയ്ത് ചിത്രങ്ങള്‍ എടുത്തവര്‍ക്ക് മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകൂ.  മൂന്നാമത്തെ ടാബിലാണ് ആല്‍ബം, ഫെവറൈറ്റ്, ട്രാഷ്, ആര്‍ക്കേവ് എന്നിവ ലഭിക്കുക. 

നേരത്തെയുള്ള ലോഗോയുടെ കൂടുതല്‍ സ്മൂത്തായ ഡിസൈനാണ് ഇത്തവണ ഗൂഗിള്‍ ഫോട്ടോസിന് വേണ്ടി ഗൂഗിള്‍ ഉണ്ടാക്കിയിരിക്കുന്നത്.