കടലില്‍ വീടുകെട്ടി അവിടെ മരണം വരെ ജീവിക്കുന്ന മനുഷ്യര്‍! കാണാം ചിത്രങ്ങള്‍
ഒരു ജീവിതകാലം മുഴുവന്‍ വെള്ളത്തില്‍ കഴിയുക എന്നത് നമ്മെ സംബന്ധിച്ച് ഒരിക്കലും സാധിക്കാത്തതായിരിക്കും. എന്നാല്‍, ജനനം മുതല്‍ മരണം വരെ വെള്ളത്തില്‍ കഴിയുന്ന മനുഷ്യരുണ്ട്. അവരാണ് ബജാവുകള്‍. കടലില്‍ കഴിയുന്ന ബജാവുകളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെങ്കിലും ഇന്നുമിങ്ങനെ വെള്ളത്തില്‍ ജീവിക്കുന്നവരുണ്ട്. തെക്കന്‍ ഫിലിപ്പൈന്‍സില്‍ നിന്നുത്ഭവിച്ച ആസ്ട്രോനേഷ്യന്‍ വര്‍ഗ്ഗത്തില്‍പ്പെട്ട ഗോത്രസമുദായക്കാരായ ഇവര്‍ക്ക് വെള്ളത്തിലുള്ള ജീവിതം നമ്മുടെ കരയിലെ ജീവിതം പോലെ തന്നെയാണ്. ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് പോകാന്‍ അവര്‍ തടികൊണ്ടുള്ള വള്ളത്തെ ആശ്രയിക്കുന്നു.
ഇന്തൊനേഷ്യയുടെ കിഴക്കന്‍ പ്രദേശത്തും സെലെബിസിലും ബോര്‍ണ്ണിയോയിലും ഫിലിപ്പൈന്‍സിലെ മിന്ദനാവോയിലും സുലു ഉപദ്വീപിലും ഇവരെ കാണാം. സമുദ്രവുമായി ബന്ധപ്പെട്ട് തന്നെയാണ് ഇവരുടെ മിക്കവരുടെയും ജീവിതം. ഇതില്‍ ഒരുകൂട്ടം ആളുകള്‍ക്ക് അവരുടെ രാജ്യം തന്നെ സമുദ്രമാണ്. അവിടെയുള്ള മനുഷ്യര്‍ക്ക് എവിടെയും പൗരത്വമില്ല. അതിനാല്‍ത്തന്നെ ഏതെങ്കിലും പ്രത്യേക അവകാശങ്ങളും അവര്‍ക്കില്ല. പൗരത്വമോ പ്രധാന ഭൂപ്രദേശത്ത് താമസിക്കാനുള്ള ഔപചാരിക അവകാശങ്ങളോ ഇല്ലാത്തതിനാൽ, തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ള കടലിലുള്ള വേട്ടയാടൽ കഴിവുകളുപയോഗിച്ചാണ് ഇവര്‍ ജീവിക്കുന്നത്. ഏതെങ്കിലും പ്രത്യേക രാജ്യത്തിന്‍റെ ഭാഗമല്ലാത്തതിനാലും പൗരത്വമില്ലാത്തതിനാലും ഇവരുടെ കുട്ടികള്‍ക്ക് സർക്കാർ സ്‍കൂളുകളിൽ പ്രവേശനം ലഭിക്കില്ല. ജോലി കണ്ടെത്താനും സാധ്യമല്ല. അതുപോലെ തന്നെ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കില്ല.
ലാന്‍ഡ് ബജാവു എന്നോ സീ ബജാവു എന്നോ ഇവരറിയപ്പെടുന്നു. അവരെ കടൽ ജിപ്‍സികൾ, കടൽ വേട്ടക്കാർ അല്ലെങ്കിൽ കടൽ നാടോടികൾ എന്നും വിളിക്കാറുണ്ട്. ബജാവുകള്‍ സാധാരണയായി അവരുടെ സമുദ്രത്തിലെ വീടുകളിൽ താമസിക്കുന്നു. ആ വീട് അവര്‍ പണ്ടുപണ്ടുമുതലേ രൂപകല്‍പ്പന ചെയ്‍തവയാണ്. നമ്മുടെ കെട്ടുവള്ളത്തോട് സാദൃശമുള്ള ബോട്ട് തന്നെയാണത്.
ബാര്‍ട്ടര്‍ സമ്പ്രദായം വഴിയാണ് അവര്‍ സാധനങ്ങള്‍ വാങ്ങുന്നത്. ആഴക്കടലില്‍ വരെ ചെന്ന് മീന്‍ കണ്ടെത്തുകയാണ് അവര്‍ ചെയ്യുന്നത്. ബോട്ടിനോട് ബന്ധിച്ച ചെറുതോണിയിലിരുന്ന് ചൂണ്ടയിട്ട് കുടുക്കിയെടുക്കുന്ന സ്രാവിനെ കുന്തം കൊണ്ട് കുത്തിയാണ് ഇവര്‍ ബോട്ടിലെത്തിക്കുന്നത്. കുടിക്കാനുള്ള വെള്ളം, വിറക്, പാകം ചെയ്യാനുള്ള ധാന്യങ്ങള്‍ ഇവയെല്ലാം കരയില്‍നിന്നാണ് വാങ്ങുന്നത്. എല്ലാവരും ഒരുമിച്ചാണ് പാചകം. വളരെ കുറച്ച് സാധനങ്ങള്‍ മാത്രമാണ് ഇവര്‍ക്കുള്ളത്. അന്നന്ന് ജീവിക്കാനുള്ളവയെന്ന പോലെ വളരെ കുറച്ച്.
ബജാവു അവരുടെ കരകൗശല കഴിവുകൾ നന്നായി സംരക്ഷിക്കുന്നവരാണ്. സ്വയം തന്നെയാണ് അവരെല്ലാം പഠിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ ഒരു രേഖാചിത്രവുമില്ലാതെ ഒരു ഫിഷിംഗ് ബോട്ട് ഇവര്‍ രൂപകൽപ്പന ചെയ്യുന്നു. "ഈ രീതികൾ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയാണ്. അത് നമ്മുടെ ജീനുകളിലുള്ളതാണ്..." എന്നാണ് 28 വർഷങ്ങൾക്ക് മുമ്പ് ഫിലിപ്പീൻസിൽ നിന്ന് വന്ന നളു പറയുന്നത്. അഞ്ചുപേരടങ്ങുന്ന ഒരു കുടുംബത്തിന് മുതൽ 30 വരെ ആളുകളടങ്ങുന്ന ഒരു കമ്മ്യൂണിറ്റിക്ക് വരെ വിവിധ സംഘങ്ങള്‍ക്ക് ആതിഥ്യമരുളാൻ കഴിയുന്നതരം മനോഹരമായ കുടിലുകൾ മൂന്നാഴ്ചയ്ക്കുള്ളിൽ ടീം വർക്ക് വഴി ഇവര്‍ പൂർത്തിയാക്കുന്നു.
ഇവിടെ സ്ത്രീകള്‍ക്കുപയോഗിക്കാനുള്ള സണ്‍സ്ക്രീന്‍ ലോഷന്‍ വരെ ഇവര്‍ ഉണ്ടാക്കുന്നുണ്ട്. എല്ലാ ദിവസവും ഉപയോഗിക്കാവുന്ന ഇത് അരിപ്പൊടിയില്‍ നിന്നാണ് ഉണ്ടാക്കുന്നത്. പ്രാഥമികമായി അവിവാഹിതരായ സ്ത്രീകളാണ് ഇത് ധാരാളം ഉപയോഗിക്കുന്നത്. സ്വയം വേട്ടയാടല്‍, ഭക്ഷണം കണ്ടെത്തല്‍, ഇവയൊക്കെ കൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും സ്വതന്ത്രരായവരാണ് ബജാവുകള്‍. 200 അടി താഴ്ചയിൽ 13 മിനിറ്റ് വരെ വെള്ളത്തിനടിയിൽ ഇവര്‍ക്ക് കഴിയാം. ബജാവു വിവിധ സമുദ്രജീവികളെ ഭക്ഷിക്കുന്നു. കടൽ വെള്ളരി, ബജാവുവിനുള്ള വിലയേറിയ പ്രോട്ടീൻ ഭക്ഷണമാണ്.
ഇവരുടെ വിവാഹവും മരണാനന്തര ചടങ്ങുകളുമെല്ലാം ഇവരുടെ തനതായ രീതിയിലാണ് നടക്കുക. ദ്വീപിലാണ് സംസ്‍കരിക്കുക. അതിനായി ഇവര്‍ അങ്ങോട്ട് പോകുന്നു. വിവാഹത്തിലാകട്ടെ, മുഖത്ത് അരിപ്പൊടിയും ചുണ്ടില്‍ ചായവുമൊക്കെയിട്ട് വധുവിനെ തയ്യാറാക്കും. കരയില്‍ തയ്യാറാക്കിയ മുറിയിലെ പായയിലിരുന്നതും. പാട്ടും നൃത്തവുമുണ്ടാകും. അതിനുശേഷം വരന്‍റെ അച്ഛന്‍റെ ബോട്ടില്‍ വധുവിനെ അയക്കുകയാണ്.
ഒരുപക്ഷേ, നമുക്ക് സങ്കല്‍പ്പിക്കാന്‍ ബുദ്ധിമുട്ടായിരിക്കാം. പക്ഷേ, ഇങ്ങനെ ഒരുകൂട്ടം ആളുകള്‍ വെള്ളത്തിലിങ്ങനെയൊരു ജീവിതം ജീവിക്കുന്നുണ്ട്. അതും അവരുടേതായ ജീവിതം.