വിധാന്‍ സൗധയോ, 'സത്ര'മോ ? കാണാം കര്‍ണാടക നിയമസഭയില്‍ നിന്നുള്ള ദൃശ്യങ്ങള്‍

First Published 19, Jul 2019, 10:30 AM IST

 കര്‍ണാടകയിലെ നിയമനിര്‍മ്മാണ സഭയാണ് വിധാന്‍ സൗധ. പക്ഷേ, കഴിഞ്ഞ ദിവസങ്ങളില്‍  കര്‍ണാടകയിലെ വിധാന്‍ സൗധയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ജനാധിപത്യത്തിന് അത്രനല്ലതല്ല. കോടികള്‍ ചിലവഴിച്ച് തെരഞ്ഞെടുപ്പ് നടത്തി നിയമനിര്‍മ്മാണത്തിനായി ജനങ്ങള്‍ വിജയിപ്പിച്ച എംഎല്‍എമാര്‍, കൂടുതല്‍ പണവും പദവിയും തന്നാല്‍ കൂറുമാറാമെന്ന നിലയില്‍ കച്ചവടരാഷ്ട്രീയമാണ് ഇപ്പോള്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. എതിര്‍ കക്ഷിയിലെ എംഎല്‍എമാരെ കാശ് കൊടുത്ത് വിലയ്ക്ക് വാങ്ങുന്നു ചിലര്‍. ചില എംഎല്‍എമാര്‍ മൂത്രമൊഴിക്കാന്‍ സഭ വിട്ടിറങ്ങിയാല്‍ പിന്നീട് കയറുമ്പോള്‍ എതിര്‍ പാര്‍ട്ടിയുടെ കൊടി കൈയില്‍ കണ്ടേക്കാമെന്ന അവസ്ഥ. കൂടെ നില്‍ക്കുന്ന എംഎല്‍എയെവരെ അവിശ്വസിക്കേണ്ട അവസ്ഥ. 

 

എന്തിന് കൂടോത്ര പേടിയില്‍ വിധാന്‍ സൗധയ്ക്കകത്ത് ചെറുനാരങ്ങയ്ക്ക് പോലും വിലക്ക്. 11 എംഎല്‍എമാരുടെ രാജിയെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുന്ന അവസ്ഥയിലാണ് പുതിയ നിരോധന വാര്‍ത്ത. എന്നാല്‍ നാരങ്ങയും ഭസ്മവും സിന്ദൂരവും വച്ച് ആഭിചാരം ചെയ്യുന്നത് കര്‍ണാടകയിലെ ഹിന്ദു വിശ്വാസികള്‍ക്കിടയില്‍ പതിവാണ്. ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാനാണ് ഈ നീക്കം എന്നാണ് പ്രദേശിക മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത. 

 

2011 ല്‍ ബിഎസ് യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുന്നതിന് തലേന്ന് സിന്ദൂരവും മഞ്ഞള്‍പ്പൊടിയും പൂശിയ നൂറുകണക്കിന് ചെറുനാരങ്ങകള്‍ നിയമസഭയില്‍ കാണപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. യെദ്യൂരപ്പയ്ക്ക് വേണ്ടി ആഭിചാരക്രിയ നടത്തിയതിന്‍റെ അവശേഷിപ്പുകളാണ് ഇതെന്ന് അന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. ഇതുപോലെ കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ചെറുനാരങ്ങകൊണ്ട് മുഖ്യമന്ത്രി കസേരയില്‍ സ്പര്‍ശിക്കുന്ന സിസിടിവി വീഡിയോ പുറത്തുവന്നതും കൂടോത്രമാണെന്ന് വാര്‍ത്ത പരന്നിരുന്നു. അധികാരം നിലനിര്‍ത്താന്‍ വീട് പോലും ഉപേക്ഷിച്ച് നിയമനിര്‍മ്മാണ സഭയില്‍ തന്നെ തീറ്റയും കുടിയും കിടപ്പിലുമാണ് എംഎല്‍എമാര്‍... ഏറ്റവും ഒടുവില്‍ വിധാന്‍സൗധയ്ക്ക് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചിരിക്കുകയാണ്. കാണാം ചില വിധാന്‍ സൗധയില്‍  നിന്നുള്ള കാഴ്ചകള്‍. 

loader