ചുണ്ട് വരണ്ട് പൊട്ടുന്നുവോ? ഇതാ ചില പൊടിക്കൈകള്‍...
മഞ്ഞുകാലമാകുമ്പോഴാണ് മിക്കവാറും ചുണ്ട് വരണ്ടുപൊട്ടുന്നതിന്റെ അസ്വസ്ഥത നമ്മളേറെയും അനുഭവിക്കാറ്. ചില ആരോഗ്യപ്രശ്‌നങ്ങളുടെ ഭാഗമായും ഇത്തരത്തില്‍ ചുണ്ട് 'ഡ്രൈ' ആയി പൊട്ടാറുണ്ട്. ഏതായാലും ഈ പ്രശ്‌നം പരിഹരിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന അഞ്ച് പൊടിക്കൈകളെ കുറിച്ചാണ് ഇനി പറയുന്നത്.
പ്രകൃതിദത്തമായ മോയിസ്ചറൈസര്‍ എന്നറിയപ്പെടുന്ന തേന്‍ ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാന്‍ സഹായിക്കും. നേരിട്ട് തേന്‍ തന്നെ തേക്കുകയോ അല്ലാത്തപക്ഷം ഗ്ലിസറിന്‍- വാസ്ലിന്‍ എന്നിവയില്‍ ചേര്‍ത്തോ തേക്കുകയോ ആവാം.
പ്രകൃതിദത്തമായ 'സ്‌ക്രബ്ബര്‍' എന്നറിയപ്പെടുന്ന പഞ്ചസാരയാണ് രണ്ടാമതായി ഈ ലിസ്റ്റില്‍ വരുന്നത്. അല്‍പം ഒലിവ് ഓയിലിലോ തേനിലോ ചേര്‍ത്താണ് ചുണ്ടില്‍ പഞ്ചസാര തേക്കേണ്ടത്.
ചര്‍മ്മസംരക്ഷണത്തിന് ഏറെ പേര് കേട്ട കക്കിരിയും ചുണ്ടിന്റെ തനത് സ്വഭാവം കാത്തുസൂക്ഷിക്കാന്‍ സഹായകമാണ്. കക്കിരിയുടെ കഷ്ണങ്ങള്‍ കൊണ്ട് ചുണ്ടില്‍ വെറുതെ മസാജ് ചെയ്യുകയോ അല്ലെങ്കില്‍ ഇത് അരച്ച് ചുണ്ടില്‍ പുരട്ടുകയോ ചെയ്താല്‍ മതി.
ചുണ്ട് ഉണങ്ങിവരളുന്നതും വിള്ളുന്നതുമെല്ലാം തടയാന്‍ വെളിച്ചെണ്ണയ്ക്കും പ്രത്യേക കഴിവുണ്ട്. വെളിച്ചെണ്ണ ചുണ്ടില്‍ വെറുതെ തേച്ചാല്‍ മതിയാകും.
ചെറുനാരങ്ങാനീരും ചുണ്ട് വരണ്ടുപൊട്ടുന്നതിനുള്ള നല്ലൊരു മരുന്നാണ്. തേനിനൊപ്പമാണ് ചെറുനാരങ്ങാനീര് തേക്കേണ്ടത്. കുറഞ്ഞത് പത്ത് മിനുറ്റ് നേരമെങ്കില്‍ ഇത് തേച്ചുവയ്ക്കണം.