മുടി കൊഴിച്ചിലും അറ്റം പിളരുന്നതും ഒഴിവാക്കാന്‍ കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍...
മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ നാം നേരിടാറുണ്ട്. മുടി കൊഴിച്ചില്‍, മുടിയുടെ കട്ടി കുറഞ്ഞ് നേര്‍ത്തുവരുന്നത്, അറ്റം പിളരുന്നത് തുടങ്ങിയ പ്രശ്‌നങ്ങളാണ് പ്രധാനമായും കണ്ടുവരുന്നത്. ഭക്ഷണത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ വലിയ പരിധി വരെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. ഇതിന് സഹായകമാകുന്ന ആറ് തരം ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് അറിയാം.
മുടിയുടെ തിളക്കം നഷ്ടപ്പെടുന്നതായി തോന്നുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഡയറ്റില്‍ സാല്‍മണ്‍ മത്സ്യം ഉള്‍പ്പെടുത്തണം. അതുപോലെ മത്തി, അയല പോലുള്ള മത്സ്യങ്ങളും മുടിയുടെ തിളക്കത്തിനും വളര്‍ച്ചയ്ക്കും സഹായകമാണ്.
മുടിയുടെ അറ്റം പിളര്‍ന്നുപോകുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ നിര്‍ബന്ധമായും ഡയറ്റിലുള്‍പ്പെടുത്തേണ്ട ഒന്നാണ് പച്ച ചീര. ഇതിലടങ്ങിയിരിക്കുന്ന ബീറ്റ കെരാട്ടിന്‍, വിറ്റാമിന്‍-എ, വിറ്റാമിന്‍- സി, അയേണ്‍, ഫോളേറ്റ് എന്നിവയാണ് മുടിക്ക് ഗുണമേകുന്നത്.
പേരക്ക കഴിക്കുന്നത് വളരെ ഉത്തമമാണ്. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍-സി യാണ് മുടിയെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നത്.
മുടിയുടെ കട്ടി കുറയുന്നതാണ് പ്രശ്‌നമെങ്കില്‍ ഡയറ്റില്‍ ധാരാളമായി പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. പരിപ്പ്- പയറുവര്‍ഗങ്ങള്‍, പാല്‍, പാലുത്പന്നങ്ങള്‍, നട്ട്‌സ്, സീഡ്‌സ്, മുട്ട എന്നിവയെല്ലാം ഇതിനുദാഹരണമാണ്.
ആരോഗ്യം ക്ഷയിച്ച്, എപ്പോഴും തളര്‍ന്നിരിക്കുന്നത് പോലത്തെ മുടിയാണോ നിങ്ങളുടേത്? അസാധാരണമായി 'ഡ്രൈ'യും ആകുന്നുണ്ടോ! എങ്കില്‍ പതിവായി കഴിക്കാം, അല്‍പം മധുരക്കിഴങ്ങ്.
രക്തയോട്ടം നല്ലത് പോലെ നടക്കാതിരിക്കുന്നത് മുടിയുടെ വളര്‍ച്ചയെ മോശമായി ബാധിക്കും. ഇതിന് പരിഹാരമായി ഡയറ്റില്‍ പതിവായി അല്‍പം കറുവാപ്പട്ട ഉള്‍പ്പെടുത്തുക. കറുവപ്പട്ട പൊടിച്ച് ചായയില്‍ ചേര്‍ത്തോ, സലാഡില്‍ ചേര്‍ത്തോ ഒക്കെ കഴിക്കാവുന്നതാണ്.