ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കൂ; വിളർച്ച തടയാം
വിളർച്ച ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. ഇരുമ്പിന്റെ അളവ് കൂടുതലുള്ള ആഹാരം ക്രമീകരിക്കുക എന്നതാണ് വിളർച്ച ഒഴിവാക്കാനുള്ള പ്രധാന മാർഗമെന്ന് പറയുന്നത്. ശരീരത്തിൽ ഇരുമ്പിന്റെ സാന്നിധ്യം കുറയുന്നതുമൂലം രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവു കുറയുന്നതാണ് വിളർച്ചയ്ക്കു പ്രധാന കാരണമായി ആരോഗ്യവിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ജനിതക പ്രശ്നങ്ങളും മറ്റു രോഗങ്ങളും വിളർച്ചയ്ക്ക് കാരണമാകുന്നുണ്ട്. ഇരുമ്പിന്റെ അളവ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് വിളർച്ച അകറ്റാൻ സഹായിക്കും. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്ന് അറിയാം...
പയർവർഗങ്ങൾ: വിളർച്ച തടയാൻ ഏറ്റവും മികച്ചതാണ് പയർവർഗങ്ങൾ. പയറിൽ ഉയർന്ന അളവിൽ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിൽ കൂടുതൽ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു. അതുവഴി ശരീരത്തിലെ ഹീമോഗ്ലോബിൻ അളവ് വർദ്ധിക്കുന്നു.
നട്സ്: നട്സിൽ ഉയർന്ന അളവിൽ ഇരുമ്പ് ഉണ്ടെന്നത് പലർക്കും അറിയില്ല. ഈ ഇരുമ്പ് ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു, എന്നിരുന്നാലും അവ മിതമായ അളവിൽ കഴിക്കണം. പിസ്ത, ബദാം എന്നിവയിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു.
പീനട്ട് ബട്ടർ: പീനട്ട് ബട്ടറിൽ ഇരുമ്പിന്റെ അളവ് കൂടുതലാണ്. പീനട്ട് ബട്ടർ ശരീരത്തിന് ഇരുമ്പ് പ്രദാനം ചെയ്യുക മാത്രമല്ല അതിന്റെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
മാതളം: ഹീമോഗ്ലോബിന്‍റെ കുറവിന് ഏറ്റവും നല്ല പരിഹാരങ്ങളിലൊന്നാണ് മാതളം. കാല്‍സ്യം, ഇരുമ്പ്, അന്നജം, നാരുകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു.
ഇലക്കറികൾ: വിളർച്ച തടയാൻ മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാനും ഇലക്കറികൾ കഴിക്കുന്നത് ഗുണം ചെയ്യും. ഇലക്കറികള്‍ കഴിക്കുന്നതും ചര്‍മ്മത്തിന് വളരെ നല്ലതാണ്. ഇവയിലടങ്ങിയിരിക്കുന്ന 'ബീറ്റ കെരാട്ടിന്‍' ശരീരത്തിലെത്തുന്നതോടെ വൈറ്റമിന്‍- എയായി മാറുന്നു. ഇത് വെയിലില്‍ നിന്നുണ്ടാകുന്ന ചര്‍മ്മപ്രശ്‌നങ്ങള്‍ പരിഹരിക്കും.