യുവാക്കള്‍ക്കിടയില്‍ വ്യാപകമാകുന്ന 'ഐബിഎസ്'; അറിയാം ലക്ഷണങ്ങള്‍...
'ഐബിഎസ്' അഥവാ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം എന്നത് ദഹനവ്യവസ്ഥയെ തകിടം മറിക്കുന്ന അവസ്ഥയാണ്. ഭക്ഷണക്രമം, ഭക്ഷണരീതി, ഉറക്കം, വ്യായാമം തുടങ്ങിയ ദൈനംദിന പ്രവര്‍ത്തനങ്ങളിലെ താളമില്ലായ്മയില്‍ നിന്നാണ് പ്രധാനമായും 'ഐബിഎസ്' പിടിപെടുന്നത്. അതുപോലെ തന്നെ മാനസിക സമ്മര്‍ദ്ദവും ഇതിന് പ്രധാന കാരണമാകുന്നുണ്ട്. പുതിയകാലത്തെ മോശം ജീവിതരീതികള്‍ മൂലം യുവാക്കളില്‍ ഇത് വ്യാപകമാകുന്ന സാഹചര്യമുണ്ട്. ജീവിതരീതി ചിട്ടപ്പെടുത്തുകയെന്നതല്ലാതെ ഇതിനെ പ്രതിരോധിക്കാന്‍ മറ്റ് മാര്‍ഗങ്ങളുമില്ല. ഇതിന്റെ സുപ്രധാനമായ ചില ലക്ഷണങ്ങള്‍ മനസിലാക്കാം...
മലബന്ധം അല്ലെങ്കില്‍ വയറിളക്കം. ഈ രണ്ട് പ്രശ്‌നങ്ങളും പതിവായി കാണുന്നുവെങ്കില്‍ അത് 'ഐബിഎസ്' സൂചനയാകാം. ഫൈബര്‍ ധാരാളമടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ ഈ പ്രശ്‌നം ഒരു പരിധി വരെ തടയാനാകും.
കൂടെക്കൂടെ വയറുവേദന, വയറ്റില്‍ കൊളുത്തിപ്പിടിക്കുന്നതിന് സമാനമായ അനുഭവം എന്നിവയുണ്ടാകുന്നതും 'ഐബിഎസ്' ലക്ഷണമാകാം. എന്നാല്‍ ഇടവിട്ട് വേദനയുണ്ടാകുന്നുവെങ്കില്‍ അത് തീര്‍ച്ചയായും ഡോക്ടറെ കാണിക്കേണ്ടതാണ്. മറ്റേതെങ്കിലും അസുഖമാണെങ്കില്‍ സമയബന്ധിതമായി തിരിച്ചറിയാന്‍ അത് സഹായിക്കും.
ഭക്ഷണം ശരിയായില്ലെങ്കില്‍ സാധാരണഗതിയില്‍ ഗ്യാസും വയറ് വീര്‍ത്തുകെട്ടുന്ന അവസ്ഥയുമെല്ലാം ഉണ്ടാകാറുണ്ട്. എന്നാല്‍ 'ഐബിഎസ്' ഉള്ളവരില്‍ അസാധാരണമായ തരത്തില്‍ ഗ്യാസ് ഉണ്ടായേക്കാം.
ചില തരത്തിലുള്ള ഭക്ഷണങ്ങള്‍ വയറിന് ഒട്ടും പിടിക്കാതിരിക്കുന്ന അവസ്ഥയും 'ഐബിഎസ്' ലക്ഷണമാകാം. ഇത്തരം ഭക്ഷണം ഒഴിവാക്കുകയെന്നതല്ലാതെ മറ്റ് പരിഹാരവും ഈ പ്രശ്നത്തിനില്ല.
'ഐബിഎസ്' വയറിനെ മാത്രമാണ് ബാധിക്കുകയെന്ന് കരുതിയെങ്കില്‍ തെറ്റി. പല തരത്തിലാണ് ഇതിന്റെ ബുദ്ധിമുട്ടുകള്‍ വരിക. വിഷാദം, ഉത്കണ്ഠ എന്നിവയെല്ലാം 'ഐബിഎസ്' ഉള്ളവരില്‍ കാണാറുണ്ട്. അതിനാല്‍ ഇത്തരം പ്രശ്‌നങ്ങളും 'ഐബിഎസ്' സൂചനയായി കണക്കാക്കപ്പെടുന്നു.