കൊവിഡ് 19 ; ഇന്ത്യയില്‍ രോഗികള്‍ 60 ലക്ഷത്തിലേക്ക്
ലോകമെങ്ങുമുള്ള ഭരണകൂടങ്ങള്‍ കൊവിഡ് 19 രോഗാണുവ്യാപനം തടയുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടു. ഇന്ത്യയുടെ അവസ്ഥയും മറ്റൊന്നല്ല. ലോകത്ത് ഇതുവരെയായി 3,27,92,505 പേര്‍ക്കാണാ രോഗാണുബാധയേറ്റത്. ഇതില്‍ 9,93,971 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 2,41,90,598 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് അമേരിക്കയിലാണ്. ഏറ്റവും കൂടുതല്‍ മരണവും അമേരിക്കയില്‍ തന്നെ. 72,44,184 പേര്‍ക്കാണ് അമേരിക്കയില്‍ മാത്രം രോഗബാധയേറ്റത്. 2,08,440 പേര്‍ക്ക് ജീവന്‍ നഷ്ടമായി. അമേരിക്കയ്ക്ക് തൊട്ട് പുറകില്‍ രണ്ടമതാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയില്‍ ഇതുവരെയായി 59,08,748 പേര്‍ക്ക് രോഗബാധയേറ്റപ്പോള്‍, 93,440 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മൂന്നാമതായി ബ്രസീലിലാണ് രോഗവ്യാപനമുള്ളത്. 46,92,579 പേര്‍ക്ക് രോഗാണുബാധയുണ്ടായപ്പോള്‍ 1,40,709 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 60 ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 85362 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികൾ 59,08,748 ആയി.
ഇന്നലെ 1089 പേർ കൂടി മരിച്ചതോടെ ആകെ മരണം 93,440 ആയി. 48,49,584 പേർക്ക് ഇത് വരെ രോഗം ഭേദമായി. 1.58 ശതമാനമാണ് നിലവിൽ രാജ്യത്തെ മരണ നിരക്ക്. 82.14 ശതമാനമാണ് രോഗമുക്തി.
ആറ് ദിവസമായി പ്രതിദിന രോഗബാധാ നിരക്ക് തൊണ്ണൂറായിരത്തിൽ താഴെയാണ്. ആഴ്ച്ചകൾക്ക് ശേഷം മഹാരാഷ്ട്രയിൽ പ്രതിദിന രോഗബാധ ഇരുപതിനായിരത്തിൽ താഴെ എത്തി.
17,794 പേർക്കാണ് മഹാരാഷ്ട്രയിൽ ഇന്നലെ രേഖപ്പെടുത്തിയ രോഗം സ്ഥിരീകരിച്ചത്. കർണാടകയിൽ 8655 പേർക്കും, ആന്ധ്രയിൽ 7073 പേർക്കും രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ 6477 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.
തമിഴ്നാട്ടിൽ 5674 പേർക്കും, ഉത്തർപ്രദേശിൽ 4519 പേർക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. തുടർച്ചായ രണ്ടാം ദിവസവും കേരളമാണ് പ്രതിദിനരോഗബാധയിൽ രാജ്യത്ത് നാലാം സ്ഥാനത്ത് എന്നതാണ് ആശങ്കയുയർത്തുന്നത്.
ആദ്യ ദശലക്ഷം കേസുകളിൽ എത്താൻ ഇന്ത്യക്ക് 170 ദിവസമെടുത്തു. അവസാന ദശലക്ഷം കേസുകൾ 11 ദിവസം മാത്രമാണെടുത്തത്. ശരാശരി പ്രതിദിന കേസുകൾ ഏപ്രിലിൽ 62 ൽ നിന്ന് സെപ്റ്റംബറിൽ ആകുമ്പോഴേക്കും 87,000 ആയി ഉയർന്നു.
കഴിഞ്ഞ ആഴ്ചയിൽ, ഇന്ത്യയിൽ പ്രതിദിനം 90,000 കേസുകളും 1,000 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഏഴ് സംസ്ഥാനങ്ങളെയാണ് ഏറ്റവും കൂടുതൽ രോഗാണു വ്യാപനം നടക്കുന്നത്. ഇത് ഇന്ത്യയിലെ ജനസംഖ്യയുടെ 48% വരും.
രോഗാണുബാധ കുതിച്ചുയരുമ്പോള്‍ തകർന്ന സമ്പദ്‌വ്യവസ്ഥയെ നന്നാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ഇന്ത്യയിലെ ജോലിസ്ഥലങ്ങൾ, പൊതുഗതാഗതം, ഭക്ഷണശാലകൾ, ജിമ്മുകൾ എന്നിവ അണ്‍ലോക് 4 ന്‍റെ ഭാഗമായി തുറക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ലോക്ക്ഡൌൺ ഇന്ത്യയിലായിരുന്നിട്ടുപോലും രോഗാണുവ്യാപനത്തെ തടയുന്നതില്‍ ഭരണകൂടം പരാജയപ്പെടുകയായിരുന്നു.
ആളുകളെ വീട്ടിൽ താമസിക്കാനും വ്യവസായങ്ങള്‍ അടച്ചുപൂട്ടാനും തുടങ്ങിയതോടെ നഗരങ്ങളിലെ ജോലി നഷ്ടപ്പെട്ട ദശലക്ഷക്കണക്ക് തൊഴിലാളികള്‍ കാൽനടയായും ലോറികളിലും നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായി.
ഇങ്ങനെ പാലായനം ചെയ്യവേ ജീവന്‍ നഷ്ടമായ തൊഴിലാളികളുടെ കണക്കുകള്‍ പോലും പാര്‍ലമെന്‍റില്‍ വെക്കാന്‍ കേന്ദ്രസര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.
ഒരു ദശലക്ഷത്തിലധികം സാമ്പിളുകൾ ദിവസവും പരീക്ഷിക്കുന്നുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ലോകത്തിലെ ഏറ്റവും കുറഞ്ഞ പരീക്ഷണ നിരക്കുകുള്ള രാജ്യമാണ് ഇന്ത്യയെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
കണക്കുകളില്‍ വൈരുദ്ധ്യം നിലനില്‍ക്കുന്നത് കൊണ്ട് തന്നെ ഇന്ത്യയുടെ യഥാർത്ഥ രോഗാണുബാധാനിരക്ക് വളരെ ഉയർന്നതാണെന്ന് എപ്പിഡെമിയോളജിസ്റ്റുകൾ അഭിപ്രായപ്പെടുന്നു.
പകർച്ചവ്യാധിയെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന മിഷിഗൺ സർവകലാശാലയിലെ ബയോസ്റ്റാറ്റിസ്റ്റിക്സ്, എപ്പിഡെമിയോളജി പ്രൊഫസറായ ഭ്രമർ മുഖർജി പറയുന്നത് ഇന്ത്യയിൽ ഇപ്പോള്‍ ഏകദേശം 100 ദശലക്ഷം പേരിലെങ്കിലും രോഗാണുബാധ വ്യാപിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നതാണ്.
എന്നാല്‍ രോഗപ്രതിരോധ ശേഷിയിലുള്ള ഇന്ത്യയ്ക്കാരുടെ കരുത്ത് കാരണം മരണനിരക്ക് വളരെ കുറവാണ്.
എന്നാല്‍ രോഗാണു ബാധവ്യപിക്കുന്ന കാലത്തോളം സമ്പദ്‌വ്യവസ്ഥ അതിന്‍റെ പൂർണമായ അര്‍ത്ഥത്തിലുള്ള വീണ്ടെടുക്കൽ വൈകും. ദില്ലി ആസ്ഥാനമായുള്ള പബ്ലിക് ഹെൽത്ത് ഫൌണ്ടേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റ് കെ ശ്രീനാഥ് റെഡ്ഡി പറയുന്നത് ഇന്നത്തെ ഇന്ത്യയിലെ അണുബാധയുടെ വർദ്ധനവ് “ആദ്യ തരംഗത്തേക്കാൾ ആദ്യത്തെ വേലിയേറ്റം” എന്നാണ്.
പ്രമുഖ വൈറോളജിസ്റ്റായ ഡോ. ടി. ജേക്കബ് ജോൺ, "ഒരു മഹാമാരിയുടെ ഹിമപാതം" ഇന്ത്യയെ കാത്തിരിക്കുന്നുവെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. ഇത്രയും വലിയ രീതിയിലുള്ള രോഗാണുബാധ ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
രോഗാണുബാധ പൊട്ടിപ്പുറപ്പെട്ട നഗരങ്ങളെ തെരഞ്ഞ് പിടിച്ച് രോഗ വ്യാപനം നിയന്ത്രിക്കാന്‍ ലോക്ഡൌണ് കാലത്ത് കഴിയുമായിരുന്നെങ്കിലും ഇന്ത്യ ഇക്കാര്യത്തില്‍ പരാജയപ്പെട്ട് പോയതായും വിഗദ്ധര്‍ അഭിപ്രായപ്പെട്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോക്ക്ഡൌണ്‍ കാലത്ത് കൃത്യമായ പദ്ധതികളില്ലാതെ പോയതാണ് ഇന്ത്യയിലെ രോഗവ്യാപനം നിയന്ത്രണം പരാജയപ്പെടാനുണ്ടായ കാരണമെന്ന് ലോക ബാങ്കിന്റെ മുൻ ചീഫ് ഇക്കണോമിസ്റ്റ് കൌശിക് ബസു പറയുന്നു.
"ഇത് രാജ്യമെമ്പാടും നടക്കുന്ന ഒരു ജനകീയ മുന്നേറ്റത്തിന് കാരണമായി, അവർക്ക് മറ്റ് മാർഗങ്ങളില്ലാത്തതിനാൽ നാട്ടിലെത്താൻ ശ്രമിച്ചു. അതിന്‍റെ ഫലമായി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ തകരാറിലാവുകയും രോഗാണു വ്യാപിക്കുകയും ചെയ്തു." അദ്ദേഹം അഭിപ്രായപ്പെട്ടു.