Asianet News MalayalamAsianet News Malayalam

ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനിലെ മികച്ച മാതൃകകള്‍ ചര്‍ച്ച ചെയ്ത് രാജ്യാന്തര 'ക്രിട്ടിക്കോണ്‍' സമ്മേളനം

ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ രാജ്യാന്തരതലത്തിലുള്ള പ്രമുഖ ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച ചെയ്യാനുള്ള വേദിയെന്ന നിലയിലാണ് ക്രിറ്റിക്കോണ്‍ സംഘടിപ്പിച്ചത്. 

kimshealth international criticon
Author
First Published May 8, 2024, 11:27 AM IST

ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനിലെ ലോകോത്തര മാതൃകകള്‍ ചര്‍ച്ച ചെയ്ത് രാജ്യാന്തര 'ക്രിട്ടിക്കോണ്‍' സമ്മേളനം. തിരുവനന്തപുരം കിംസ്‌ഹെല്‍ത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ദേശിയ തലത്തിൽ നിന്നുള്ള നൂറോളം ആരോഗ്യ വിദഗ്ദ്ധര്‍ പങ്കെടുത്തു. ക്രിട്ടിക്കല്‍ കെയര്‍ ചികിത്സയില്‍ ലോകപ്രശസ്തനായ ഡോ. ജെ.എൽ. വിന്‍സെന്റിന്റെ സാന്നിധ്യത്തില്‍ കിംസ്‌ഹെല്‍ത്ത് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ രാജ്യാന്തരതലത്തിലുള്ള പ്രമുഖ ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച ചെയ്യാനുള്ള വേദിയെന്ന നിലയിലാണ് ക്രിറ്റിക്കോണ്‍ സംഘടിപ്പിച്ചത്. 

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്തെ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ മേഖലയില്‍, പ്രത്യേകിച്ച് സ്വകാര്യമേഖലയില്‍ വലിയ മാറ്റമാണ് ഉണ്ടായതെന്ന് ഡോ. സഹദുള്ള ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സാങ്കേതിക വിദ്യയുടെ വികാസത്തോടെ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് നല്‍കുന്ന പരിചരണത്തില്‍ കാര്യമായ മാറ്റമാണുണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ സംരക്ഷണ മേഖലയില്‍ പൊതു-സ്വകാര്യ പങ്കാളിത്തം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയും ഡോ സഹദുള്ള അടിവരയിട്ടു, അതുവഴി ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂണിവേഴ്‌സിറ്റി ഓഫ് ബ്രസല്‍സ് ഇന്റന്‍സീവ് കെയര്‍ പ്രൊഫസര്‍ കൂടിയായ ഡോ. ജെ.എൽ. വിന്‍സെന്റ്, തീവ്രപരിചരണത്തിന്റെ പരിണാമത്തെക്കുറിച്ചും പരിവര്‍ത്തനത്തെക്കുറിച്ചും ഐസിയുവിനെ കൂടുതല്‍ രോഗി സൗഹൃദമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. കിംസ്ഹെൽത്തിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം അദ്ദേഹം സന്ദർശിക്കുകയും ഡിപ്പാർട്ട്‌മെൻ്റിലെ ഡോക്ടർമാർക്കൊപ്പം റൗണ്ടുകളിൽ പങ്കെടുക്കുകയും ചെയ്തു. 

എട്ട് സെഷനുകളായി സംഘടിപ്പിച്ച സമ്മേളനം പാനല്‍ ചര്‍ച്ചയോടെയാണ് അവസാനിച്ചത്. സമ്മേളനത്തില്‍ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ഡയറക്ടറും മേധാവിയുമായ ഡോ.ദീപക് വി സ്വാഗതവും ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ.അജ്മല്‍ അബ്ദുള്‍ ഖരീം നന്ദിയും അറിയിച്ചു. അക്കാദമിക് വൈസ് ഡീനും പ്ലാസ്റ്റിക്, റീകണ്‍സ്ട്രക്റ്റീവ്, മൈക്രോവാസ്‌കുലര്‍ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. പി എം സഫിയയും സമ്മേളനത്തില്‍ സംസാരിച്ചു. ആരോഗ്യപരിപാലനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഭാവിയിലും ഇത്തരത്തിൽ അന്താരാഷ്ട്രതലത്തിലുള്ള വിദഗ്ദ്ധരുമായി സംവദിക്കാൻ അവസരമൊരുക്കുമെന്നും കിംസ്ഹെൽത്ത് അധികൃതർ അറിയിച്ചു.

 

Latest Videos
Follow Us:
Download App:
  • android
  • ios