Presidential Election 2022: ഇന്ത്യ ഉറ്റുനോക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പ്; വിജയം ഉറപ്പിക്കാന്‍ ബിജെപി
ഏറെ നാളുകള്‍ക്ക് ശേഷം ഇന്ത്യ വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ ഉറ്റുനോക്കുകയാണ്. ഇത്തവണ ജനങ്ങള്‍ക്ക് നേരിട്ട് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെങ്കിലും തങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികളിലൂടെ തെരഞ്ഞെടുപ്പില്‍ പരോക്ഷമായി ഭാഗഭക്കാകാം. അതെ പറഞ്ഞു വരുന്നത് രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ കുറിച്ച് തന്നെ. പ്രധാനമായും ഇത്തവണ മത്സര രംഗത്തുള്ളത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ദ്രൗപതി മുര്‍മുവും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി യശ്വന്ത് സിന്‍ഹയുമാണ്. ഒരാള്‍ ബിജെപിയുടെ രാഷ്ട്രീയ ഗോദയിലൂടെ കടന്ന് വന്നയാളാണെങ്കില്‍ മറ്റേയാള്‍ വാജ്‍പേയ് മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നയാള്‍. പിന്നീട് ബിജെപിയില്‍ രണ്ടാം നിര ശക്തമായപ്പോള്‍ തഴയപ്പെട്ട മുതിര്‍ന്ന നിരയിലെ ശക്തനായ നേതാക്കളില്‍ ഒരാള്‍. പോരാട്ടം കടുക്കുമെന്ന് തന്നെയാണ് രാഷ്ട്രീയ വിലയിരുത്തല്‍.
പോരാട്ടം കടുക്കുമെങ്കിലും കൂടുതല്‍ സാധ്യത ദ്രൗപതി മുര്‍മുവിന് തന്നെയാണെന്ന് രാഷ്ട്രീയ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ദ്രൗപതി മുര്‍മുവിന്‍റെ വിജയത്തിനായി അരയും തലയും മുറുക്കി ബിജെപിയും എന്‍ഡിഎയും രംഗത്തുണ്ട്. അതിന്‍റെ ആദ്യപടിയായാണ് ദ്രൗപതി മുര്‍മുവിന്‍റെ സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ എത്തിയത്. ഒഡിഷയിലെ മയൂര്‍ ബഞ്ച് ജില്ലയില്‍ സാന്താള്‍ ഗോത്രത്തിലാണ് ദ്രൗപതി മുര്‍മുവിന്‍റെ ജനനം.
പഞ്ചായത്ത് രാജ് സംവിധാനത്തില്‍ ദ്രൗപതിയുടെ അച്ഛനും മുത്തച്ഛനും ഗ്രാമമുഖ്യന്മാരായിരുന്നു. ശ്യം ചരണ്‍ മുര്‍മുവിനെയാണ് അവര്‍ വിവാഹം കഴിച്ചത്. മൂന്ന് കുട്ടികള്‍, രണ്ട് ആണ്‍ കുട്ടികളും ഭര്‍ത്താവും മരിച്ചു. ഒരു മകളാണ് കൂടിയുള്ളത്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങും മുമ്പ് സ്കൂൾ അധ്യാപകനായാണ് മുർമു തന്‍റെ ഔദ്ധ്യോഗിക ജീവിതം തുടങ്ങിയത്. അരബിന്ദോ ഇന്‍റഗ്രൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ അസിസ്റ്റന്‍റ് പ്രൊഫസറായിരുന്നു ദ്രൗപതി മുര്‍മു. പിന്നീട് ഒഡീഷ സർക്കാരിന്‍റെ ജലസേചന വകുപ്പിൽ ജൂനിയർ അസിസ്റ്റന്‍റായും ജോലി ചെയ്തു.
1997 ല്‍ അവര്‍ ബിജെപിയില്‍ ചേരുകയും അതേ വര്‍ഷം റൈരംഗ്പൂർ നഗര്‍ പഞ്ചായത്ത് കൗണ്‍സിലറുമായി വിജയിച്ചു. പിന്നീടിങ്ങോട്ട് തന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ ദ്രൗപതി മുര്‍മുവിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. 2000 ല്‍ എംഎല്‍എയായി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു. ബിജു ജനതതാദള്‍ സഖ്യത്തിലായിരുന്ന ബിജെപിയും മന്ത്രിസഭയുടെ ഭാഗമായപ്പോള്‍ ആദ്യ രണ്ട് വര്‍ഷം വാണിജ്യ-ഗതാഗത മന്ത്രി സ്ഥാനവും അടുത്ത രണ്ട് വര്‍ഷം ഫിഷറീസ്-മൃഗസംരക്ഷണ വകുപ്പും കൈകാര്യം ചെയ്തു.
തുടര്‍ച്ചയായി രണ്ട് തവണ എംഎല്‍എയായി. 2007ൽ ഒഡിഷയിലെ ഏറ്റവും മികച്ച എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു(നിലാകാന്ത പുരസ്കാരം). 2015ൽ ജാർഖണ്ഡ് ഗവർണറായി ദ്രൗപതി മുര്‍മി അധികാരമേറ്റു. ജാർഖണ്ഡിൽ അഞ്ച് വർഷം പൂർത്തിയാക്കുന്ന ആദ്യ ഗവർണറായി ദ്രൗപതി മുർമു മാറി. ജാർഖണ്ഡിന്‍റെ ആദ്യ വനിതാ ഗവർണർ എന്ന പ്രത്യേകതയും ദ്രൗപതി മുർമുവിന് തന്നെ. ഒടുവില്‍ ബിജെപി ദ്രുപതി മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ബിജെപി നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നു.
ദ്രൗപതി മുര്‍മുവില്‍ നിന്നും വ്യത്യസ്തമായ മറ്റൊരു രാഷ്ട്രീയ വളര്‍ച്ചയായിരുന്നു പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയുടേത്. 1960 ലാണ് പാറ്റ്ന യൂണിവേഴ്സിറ്റിയില്‍ നിന്നും പോളിറ്റിക്കല്‍ സയന്‍സ് അധ്യാപക വേഷം സിന്‍ഹ അഴിച്ച് വയ്ക്കുന്നത്. അതേ വര്‍ഷം അദ്ദേഹം സിവില്‍ സര്‍വ്വീസില്‍ കയറി. തുടര്‍ന്ന് 24 വര്‍ഷത്തെ നീണ്ട ഔദ്ധ്യോഗിക ജീവിതം.
അതിനിടെയില്‍ ബിഹാർ ഗവൺമെന്‍റിന്‍റെ ധനകാര്യ വകുപ്പിൽ 2 വർഷം അണ്ടർ സെക്രട്ടറിയും ഡെപ്യൂട്ടി സെക്രട്ടറിയുമായിരുന്നു. പിന്നീട് വാണിജ്യ മന്ത്രാലയത്തിൽ ഇന്ത്യാ ഗവൺമെന്‍റിന്‍റെ ഡെപ്യൂട്ടി സെക്രട്ടറിയായും പ്രവർത്തിച്ചു. ഏഴ് വര്‍ഷത്തോളം വിദേശകാര്യ വകുപ്പില്‍, പിന്നീട് 1980 മുതൽ 1984 വരെ ഉപരിതല ഗതാഗത മന്ത്രാലയത്തിൽ ഇന്ത്യാ ഗവൺമെന്‍റിന്‍റെ ജോയിന്‍റ് സെക്രട്ടറിയായി. 1984-ൽ സർവീസിൽ നിന്ന് രാജിവച്ചു.
തുടര്‍ന്നാണ് അദ്ദേഹം രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1984-ൽ ജനതാ പാർട്ടി അംഗമായി. 1986-ൽ പാർട്ടിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി. 1988-ൽ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1989 -ൽ ജനതാദൾ രൂപീകരിച്ചപ്പോൾ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി നിയമിതനായി. ചന്ദ്രശേഖറിന്‍റെ മന്ത്രിസഭയിൽ 1990 നവംബർ മുതൽ 1991 ജൂൺ വരെ ധനമന്ത്രിയായി. 1996 ല്‍ അദ്ദേഹം ബിജെപിയിലേക്ക് കൂട് മാറി. ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ വക്താവായി മാറി.
1998, 1999, 2009 വർഷങ്ങളിൽ ഹസാരിബാഗിൽ ബിജെപി സ്ഥാനാർത്ഥിയായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1998 മാർച്ചിൽ ധനമന്ത്രിയായി നിയമിതനായി. 2002 ജൂലൈ 1 ന് വിദേശകാര്യ മന്ത്രിയായി നിയമിതനായി. 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പക്ഷേ അദ്ദേഹത്തിന് വിജയിക്കാനായില്ല. എങ്കിലും 2005 ല്‍ അദ്ദേഹം വീണ്ടു പാര്‍ലമെന്‍റില്‍ തിരിച്ചെത്തി. എന്നാല്‍, 2009 ജൂൺ 13-ന് അദ്ദേഹം ബി.ജെ.പി.യുടെ വൈസ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് രാജിവച്ചു. "ഇന്ത്യയിലെ ജനാധിപത്യം വലിയ അപകടത്തിലാണ്" എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ രാജി. തുടര്‍ന്ന് തൃണമൂലില്‍. 2022 ല്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോഴും അദ്ദേഹം പറയുന്നത് മറ്റൊന്നല്ല.
നിരവധി പേരുകള്‍ പരിഗണിച്ച ശേഷമാണ് ബിജെപി ദ്രൗപതി മുര്‍മുവിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് എത്തിചേര്‍ന്നത്. അടിസ്ഥാന വർഗ്ഗത്തിന്‍റെ പ്രശ്നങ്ങളെ കുറിച്ചും, രാജ്യത്തിന്‍റെ വികസനത്തിനെ കുറിച്ചും കൃത്യമായ കാഴ്ച്ചപ്പാടുള്ള നേതാവാണ് മുർമ്മുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു. നിതീഷ് കുമാറിന്‍റെ ജെഡിയുവും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികും കൂടി പിന്തുണ അറിയിച്ചതോടെ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു അനായാസ വിജയം ഉറപ്പാക്കിക്കഴിഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ആധികാരികമായ ജയം ഉറപ്പിക്കാൻ എൻഡിഎയ്ക്ക് പുറത്ത് പരമാവധി കക്ഷികളുടെ പിന്തുണ ബിജെപിക്ക് നേടേണ്ടതുണ്ട്. ഇത്തരമൊരു അവസ്ഥയില്‍ കൃത്യമായ രാഷ്ട്രീയ തെരഞ്ഞെടുപ്പായിരുന്നു മുര്‍മുവിന്‍റെത്.
ഒഡീഷയിൽ നിന്നുള്ള ഒരാളെ രാഷ്ടട്രപതി പദവിയിലേക്ക് കൊണ്ടു വരിക വഴി ബിജു ജനതാദളിന്‍റെയും മുഖ്യമന്ത്രി നവീൻ പട്നായിക്കിന്‍റെയും പിന്തുണ ബിജെപിക്ക് ഉറപ്പിക്കാന്‍ കഴിഞ്ഞു. ദ്രൗപദി മുർമു ഉൾപ്പെടുന്ന ഗോത്രവിഭാഗം ഒഡീഷയിലേത് പോലെ ആന്ധ്രയിലും സജീവമാണ്. അതിനാൽ ആന്ധ്രാ മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ പിന്തുണയും ബിജെപിക്കാവും. കിഴക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ കൂടുതൽ കരുത്താർജ്ജിക്കാനുള്ള കഠിന പ്രയത്നത്തിലാണ് ബിജെപി.
പശ്ചിമബംഗാളിലും ഒഡീഷയിലും ജാർഖണ്ഡിലും ഛത്തീസ്ഗഢിലും മുർമുവിന്‍റെ സ്ഥാനാർത്ഥിത്വം ഗുണം ചെയ്യുമെന്ന് പാർട്ടി കരുതുന്നു. ഗോത്രവിഭാഗത്തിൽ നിന്നുള്ള ഒരു രാഷ്ട്രപതി എന്ന വാർത്ത വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും തങ്ങള്‍ക്ക് ഗുണകരമായ മാറ്റം കൊണ്ടു വരുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു. മധ്യവർഗ്ഗപാർട്ടി എന്ന ബിജെപി പ്രതിച്ഛായ പൊളിച്ചെഴുതാനും ഇതിലൂടെ നരേന്ദ്രമോദി ലക്ഷ്യമിടുന്നു. അതോടൊപ്പം ഗോത്രവിഭാഗത്തില്‍ നിന്നുള്ള ഒരാളെന്ന നിലയ്ക്ക് പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയും ഉറപ്പാക്കാന്‍ ബിജെപിക്ക് കഴിയുന്നു.
രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ അതിന് ഔദ്യോഗികമായി അധ്യക്ഷ്യം വഹിക്കുക ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഒരു വനിതാ രാഷ്ട്രപതിയാവും എന്നതാണ് ബിജെപി മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ വിജയവും. പ്രതിപക്ഷ കക്ഷിക്കളിലെ രാഷ്ട്രീയ തന്ത്രജ്ഞന്‍ ശരത്പവാറാണ് യശ്വന്ത് സിന്‍ഹയുടെ പേര് നിര്‍ദ്ദേശിച്ചത്. പ്രതിപക്ഷ നിരയിലെ 17 പാർട്ടികളുടെ പിന്തുണയോടെയാണ് യശ്വന്ത് സിൻഹയെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
മത്സരിക്കാൻ തൃണമൂലിൽ നിന്ന് രാജിവയ്ക്കണമെന്ന ഉപാധി യശ്വന്ത് സിൻഹ അംഗീകരിച്ചു കഴിഞ്ഞു. തന്‍റെ വിജയം ഉറപ്പിക്കാന്‍ ബിഹാറും ജാർഖണ്ഡും യശ്വന്ത് സിന്‍ഹ സന്ദര്‍ഷിച്ച് കഴിഞ്ഞു. ഈ തെരഞ്ഞെടുപ്പ് കേവലം ഇന്ത്യൻ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുക എന്നതിലുപരി, സർക്കാരിന്‍റെ സ്വേച്ഛാധിപത്യ നയങ്ങളെ ചെറുക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണ്. സർക്കാർ നയങ്ങൾക്കെതിരെ ചെറുത്തുനിൽപ്പ് ഉണ്ടാകണം എന്ന സന്ദേശമാണ് ഈ തെരഞ്ഞെടുപ്പ് മുന്നോട്ട് വക്കുന്നതെന്ന് സിന്‍ഹ പറയുന്നു.
ഒരു വ്യക്തിയെ ഉയർത്തിക്കാണിക്കുന്നത് സമൂഹത്തിന്‍റെ ഉയർച്ച ഉറപ്പാക്കുന്നില്ലെന്നും ബിജെപി ദ്രൗപതി മുർമുവിനെ ഉയർത്തിക്കാട്ടുന്നത് രാഷ്ട്രീയമല്ലാതെ മറ്റൊന്നുമില്ലെന്നും യശ്വന്ത് സിന്‍ഹ കൂട്ടിചേര്‍ക്കുന്നു. ജനങ്ങൾ ഉണർന്ന് മുഴുവൻ സംവിധാനവും പരിഷ്‌കരിച്ചില്ലെങ്കിൽ തുരങ്കത്തിന്‍റെ അറ്റത്ത് നമുക്ക് വെളിച്ചം കാണാൻ കഴിയില്ല. നമ്മുടെ ജനാധിപത്യവും ഭരണഘടനയും ഭീഷണിയിലാണ്. സ്വാതന്ത്ര്യ സമരത്തിന്‍റെ എല്ലാ മൂല്യങ്ങളും ഭീഷണിയിലാണ്. ഇന്ത്യയെ സംരക്ഷിക്കാൻ ജനം ഉയരണം. രാഷ്ട്രപതി ഭവനിൽ മറ്റൊരു റബ്ബർ സ്റ്റാമ്പ് ഉണ്ടെങ്കിൽ അത് വലിയ ദുരന്തമായിരിക്കുമെന്നും യശ്വന്ത് സിന്‍ഹ തന്‍റെ രാഷ്ട്രപതി നാമനിര്‍ദ്ദേശത്തോട് പ്രതികരിക്കവേ പറഞ്ഞു.
കൊണ്ടുവരുന്ന ബില്ലുകള്‍ മിക്കതും ജനമദ്ധ്യത്തില്‍ ചോദ്യം ചെയ്യപ്പെടുന്ന ബിജെപിയെ സംബന്ധിച്ച് രാഷ്ട്രപതിയുമായി ഒരു ഏറ്റുമുട്ടല്‍ ഭരണം അവര്‍ ആഗ്രഹിക്കുന്നില്ല. മറിച്ച് തങ്ങളുടെ ബില്ലുകള്‍ ഒപ്പിട്ട് നല്‍കുന്ന ഒരു രാഷ്ട്രപതിയാണ് ബിജെപിക്കാവശ്യം. യശ്വന്ത് സിന്‍ഹ അതിന് നില്‍ക്കില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. അതുകൊണ്ട് തന്നെ ദ്രൗപതി മുര്‍മുവിന്‍റെ വിജയത്തിന് ബിജെപി എല്ലാ അടവും പുറത്തെടുക്കുക തന്നെ ചെയ്യും.