ലോക്ഡൗണ്‍; റോഡിലും റെയില്‍വേ ട്രാക്കിലും മരിച്ചുവീഴുന്ന ഇന്ത്യന്‍ തൊഴിലാളികള്‍

First Published May 16, 2020, 12:21 PM IST

ഇന്ത്യയില്‍ ഇന്ന് തൊഴിലാളികളില്ല. പകരം അന്യസംസ്ഥാന തൊഴിലാളി, ഇതരസംസ്ഥാന തൊളിലാളി, കുടിയേറ്റ തൊഴിലാളി, അതിഥി തൊഴിലാളി എന്നിങ്ങനെ പല പല പേരുകളില്‍ അറിയപ്പെടുന്ന അടിസ്ഥാന വര്‍ഗ്ഗ തൊഴിലാളികളാണ് ഉള്ളത്. ഒരൊറ്റ അഭിസംബോധനയില്‍ നിന്ന് വിവിധ വിളിപ്പേരുകളിലേക്ക് മാറ്റപ്പെട്ടുന്നതിനിടെ തൊഴിലാളി വര്‍ഗ്ഗത്തിന് സ്വന്തം കാലിനടിയിലെ മണ്ണ് തന്നെയാണ് നഷ്ടമായത്. ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടി മൂട്ടിക്കാനായി സ്വന്തം സംസ്ഥാനത്ത് നിന്നും മുന്നൂറും അഞ്ചൂറും കിലോമീറ്ററുകള്‍ അകലെയുള്ള വ്യവസായ നഗരങ്ങളില്‍ ജോലിക്ക് പോകേണ്ടിവരുന്ന തൊഴിലാളികള്‍ ഇന്ന് കൊവിഡ് മഹാമാരിക്കിടെ സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ച് നടക്കുകയാണ്. 


ഇന്ത്യയെ പോലൊരു മൂന്നാം ലോക രാജ്യത്ത് കര്‍ഷകരെയും  അടിസ്ഥാന വര്‍ഗ്ഗ തൊഴിലാളികളെയും കണക്കിലെടുക്കാതെയുള്ള ഏത് തീരുമാനും സൃഷ്ടിക്കുന്ന ആഘാതം എന്തായിരിക്കുമെന്നതിന്‍റെ പ്രത്യക്ഷ ഉദാരണമാണ് ഇന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങില്‍ ഉണ്ടാകുന്ന റോഡപകടങ്ങളില്‍ മരിച്ചു വീഴുന്ന തൊഴിലാളികളുടെ കണക്കുകള്‍ കാണിക്കുന്നത്.