സമീപത്തെ വീട്ടുമുറ്റത്തെ സി സി ടി വിയില്‍ നിന്നുമാണ് മോഷ്ടാവിന്‍റേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയത്. ഇയാള്‍ പരിസരം നിരീക്ഷിക്കുന്ന ദൃശ്യങ്ങളാണ് പൊലീസ് പുറത്തു വിട്ടിരിക്കുന്നത്.

പൊന്നാനി: മലപ്പുറം പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പുറത്ത് വിട്ടു. കവര്‍ച്ച നടന്ന വീടിന് സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പോലീസ് പുറത്തു വിട്ടത്. ഇയാളെ കുറിച്ച് വിവരം കിട്ടുന്നവര്‍ പൊന്നാനി സ്റ്റേഷനില്‍ വിവരമറിയിക്കണമെന്ന് പോലീസ്ആവശ്യപ്പെട്ടു..

പ്രവാസിയായ രാജേഷിന്‍റെ പൊന്നാനിയിലെ വീട്ടില്‍ കഴിഞ്ഞ മാസം 13 നാണ് കവര്‍ച്ച നടന്നത്. രാജേഷും കുടുംബവും ഗള്‍ഫിലായിരുന്നതിനാല്‍ വീട്ടില്‍ ആളുണ്ടായിരുന്നില്ല. വീട് വൃത്തിയാക്കാനായി ജോലിക്കാരി എത്തയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. 350 പവനോളം സ്വര്‍ണ്ണമാണ് വീട്ടില്‍ നിന്നും മോഷ്ടാവ് കവര്‍ന്നത്. സംഭവത്തിൽ പൊലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തിയെങ്കിലും മോഷ്ടാവിലേക്കെത്താന്‍ കഴി‍ഞ്ഞിരുന്നില്ല. ഇതിനിടയിലാണ് സമീപത്തെ വീട്ടുമുറ്റത്തെ സി സി ടി വിയില്‍ നിന്നുമാണ് മോഷ്ടാവിന്‍റേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയത്.

ഇയാള്‍ പരിസരം നിരീക്ഷിക്കുന്ന ദൃശ്യങ്ങളാണ് പൊലീസ് പുറത്തു വിട്ടിരിക്കുന്നത്. ഒന്നിലധികം ആളുകള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന സംശയത്തിലാണ് പൊലീസ്. വീട് സിസിടിവി നിരീക്ഷണത്തിലാണെങ്കിലും ഹാര്‍ഡ് ഡിസ്ക് ഉള്‍പ്പെടെയുള്ള സാധനങ്ങളുമായാണ് മോഷ്ടാവ് സ്ഥലം വിട്ടത്. പ്രതിക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Read More :  'എങ്ങനെ ഇരിക്കുന്നു, തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കൾ കൂടെ നടന്ന് ചതിക്കും'; തുറന്നടിച്ച് പത്മജ വേണുഗോപാൽ