Ukraine war: ഭക്ഷ്യക്ഷാമം; റഷ്യയുമായി ചര്‍ച്ചയ്ക്ക്: യുദ്ധം നിര്‍ത്തേണ്ടത് ആഫ്രിക്കയുടെയും ആവശ്യം
അഞ്ചാം മാസത്തിലും യുക്രൈന്‍റെ കിഴക്കന്‍ പ്രദേശങ്ങള്‍ കീഴടക്കാനുള്ള പോരാട്ടത്തിലാണ് പുടിനും റഷ്യന്‍ സൈന്യവും. ഇതിനകം തകര്‍ന്ന് തരിപ്പണമായ ഡോണ്‍ബോസ് അടക്കം ഉള്‍പ്പെടുന്ന കിഴക്കന്‍ യുക്രൈനില്‍ റഷ്യയുടെ ആക്രമണങ്ങളെ യുക്രൈനും പ്രതിരേധിക്കുകയാണ്. പല കിഴക്കന്‍ മേഖലകളില്‍ നിന്നും യുക്രൈന്‍ സൈന്യം പിന്മാറിയെങ്കിലും റഷ്യയ്ക്കെതിരെയുള്ള ഒളിപ്പോരാട്ടം പല ചെറു നഗരങ്ങളിലും ശക്തമാണ്. ഇതിനിടെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ എത്രയും പെട്ടെന്ന് യുദ്ധം നിര്‍ത്തണമെന്ന ആവശ്യവുമായി രംഗത്തെത്തി. യുക്രൈന് നേരെയുള്ള റഷ്യന്‍ ആക്രമണം നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഭക്ഷ്യ പ്രതിസന്ധി (Food Crisis) ഉണ്ടാക്കുമെന്നും ഇത് കലാപങ്ങള്‍ക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേരത്തെ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ ലഭിച്ചിരുന്ന റഷ്യന്‍ സഹായത്തെ തന്നെയാണ് ആഫ്രിക്ക ഇപ്പോഴും ആശ്രയിക്കുന്നുവെന്നത് യുക്രൈന് തിരിച്ചടിയാണ്.
റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തോടെ ലോകത്ത് 44 ദശലക്ഷം പേർ പട്ടിണി കിടക്കാൻ സാധ്യതയുണ്ടെന്നും മറ്റൊരു 395 ദശലക്ഷം പേർക്ക് ഭക്ഷ്യക്ഷാമം നേരിടേണ്ടിവരുമെന്നും വേൾഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നൽകുന്നു. ഭക്ഷ്യക്ഷാമം നേരിടുന്ന രാജ്യങ്ങളില്‍ ഭക്ഷണമെത്തിക്കുന്ന യുഎന്നിന്‍റെ പദ്ധതിയിലേക്ക് വലിയൊരു പങ്കും നല്‍കിയിരുന്നത് യുക്രൈനാണെന്ന് കണക്കുകളില്‍ വ്യക്തം. ഈത്തരത്തില്‍ ഭക്ഷ്യക്ഷാമം ആദ്യം രൂക്ഷമാവുക ആഫ്രിക്കയിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലുമാകും.
2018-ൽ 18.5 ബില്യൺ ഡോളർ വിലമതിക്കുന്ന ഭക്ഷ്യധാന്യമാണ് യുക്രൈന്‍ വിതരണം ചെയ്തതെന്ന് ലോക ബാങ്കിന്‍റെ കണക്കുകള്‍ പറയുന്നു. യുക്രൈന്‍റെ ഏറ്റവും പ്രധാന കയറ്റുമതിയിലൊന്നാണ് ഭക്ഷ്യവിളകള്‍. ഫെബ്രുവരി 24-ന് റഷ്യന്‍ അധിനിവേശം തുടങ്ങും മുമ്പ് യുക്രൈന്‍ ലോകത്തിലെ ധാന്യത്തിന്‍റെ 11 ശതമാനം കയറ്റിയയച്ചിരുന്നു.
റഷ്യയുടെ അധനിവേശത്തിന് ശേഷം യുക്രൈന്‍ തുറമുഖങ്ങളില്‍ 22 ദശലക്ഷം ടൺ ധാന്യം കയറ്റി അയക്കാനാകാതെ കെട്ടിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ ഭക്ഷ്യധാന്യം ദരിദ്ര രാഷ്ട്രങ്ങളിലേക്ക് കയറ്റി അയക്കാന്‍ റഷ്യ അനുവദിക്കുന്നില്ല. കരിക്കടലില്‍ സദാറോന്ത് ചുറ്റുന്ന റഷ്യന്‍ പടക്കപ്പലുകളെ തരണം ചെയ്ത് ഭക്ഷ്യ ധാന്യങ്ങള്‍ കൊണ്ടുപോകാന്‍ ആരും മുതിരുന്നില്ലെന്നത് തന്നെ യാഥാര്‍ത്ഥ്യം.
ഭക്ഷ്യ പ്രതിസന്ധിക്ക് പരിഹാരമായി യുദ്ധം അവസാനിപ്പിക്കണമെന്ന ആഫ്രിക്കന്‍ ആവശ്യത്തെ തങ്ങള്‍ക്കനുകൂലമാക്കി മാറ്റാനാണ് റഷ്യന്‍ നീക്കം. യുക്രൈനെ കൊണ്ട് സമാധാനക്കരാര്‍ ഒപ്പുവെപ്പിക്കാനാണ് റഷ്യയുടെ നീക്കം. കിഴക്കന്‍ യുക്രൈനില്‍ സാധാരണക്കാരുടെയും പ്രഫഷണലുകളുടെയും നേതൃത്വത്തില്‍ നടക്കുന്ന ഒളിപ്പോരില്‍ റഷ്യന്‍ സൈന്യത്തിന് വലിയ തിരിച്ചടികള്‍ നേരിടുകയാണെന്നും യുദ്ധം 'മാന്യമായി അവസാനിപ്പാക്കാന്‍' സമ്മര്‍ദ്ദമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കയറ്റിയയച്ചിരുന്നു.
ആഫ്രിക്കയില്‍ പല പ്രദേശങ്ങളിലും നാല് വര്‍ഷത്തില്‍ കൂടുതലായി മഴ പെയ്തിട്ട്. രാജ്യത്തിന്‍റെ സൗജന്യ ഭക്ഷ്യ വിതരണ ശൃംഖലകളെ ആശ്രയിക്കുന്ന 44 ദശലക്ഷം ആളുകൾ ഇന്ന് ആഫ്രിക്കന്‍ വന്‍കരയില്‍ പട്ടിണിയെ അഭിമുഖീകരിക്കുകയാണ്. റഷ്യയുടെ അധിനിവേശം 400 മില്യൺ ആളുകൾക്ക് ഭക്ഷണം നൽകിയിരുന്ന ധാന്യ വിതരണത്തെ സംവിധാനത്തെ ഒന്നാകെ തകിടം മറിച്ചു.
ലിബിയ മുതൽ ലൈബീരിയ വരെയും സിറിയ മുതൽ ദക്ഷിണ സുഡാനും വരെ പട്ടിണിയും അതേ തുടര്‍ന്ന് ഭക്ഷ്യ കലാപത്തിനുള്ള സാധ്യതയും ഏറെയാണെന്നും ഈ രംഗത്തെ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആഫ്രിക്കയിലെ ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാന്‍ ആഫ്രിക്കന്‍ യൂണിയന്‍ തലവന്‍ മാക്കി സാല്‍, ആഫ്രിക്കന്‍ നേതാക്കളുടെ യോഗം വിളിച്ച് ചേര്‍ക്കും. യോഗത്തില്‍ യുദ്ധം നിര്‍ത്താനായി ഇരു രാഷ്ട്രത്തലവന്മാര്‍ക്കും മേല്‍ സമ്മർദ്ദം ചെലുത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതിനിടെ ഭക്ഷ്യ ക്ഷാമം പരിഹരിക്കുന്നതിനായി യുക്രൈന്‍ തുറമുഖകള്‍ തുറക്കുന്നതിന് എന്ത് സഹായവും ജി 7 രാജ്യങ്ങള്‍ വാഗ്ദാനം ചെയ്തു. എന്നാല്‍, കരിങ്കടലിലെ റഷ്യന്‍ സാന്നിധ്യം മറിക്കടക്കുക എന്നത് നയതന്ത്ര തലത്തില്‍ തീരുമാനിക്കപ്പെടേണ്ടതാണ്. യുക്രൈന്‍ തുറമുറത്ത് കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യം പുറത്തെത്തിക്കുന്നതിനാവശ്യമായ സഹായം എത്രയും പെട്ടെന്ന് കൈക്കൊള്ളണമെന്നാണ് ആഫ്രിക്കയുടെ ആവശ്യം.
ഇത് സൂചനയാണെന്നും വരും നാളുകളില്‍ ലോകത്ത് ഭക്ഷ്യ പ്രതിസന്ധി അതിരൂക്ഷമാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആഗോള ഭക്ഷ്യക്ഷാമങ്ങളുടെ അപകടസാധ്യത ലോകത്ത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഫെബ്രുവരി 24-ന് യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ്, യുക്രൈന്‍ ലോക ധാന്യത്തിന്‍റെ 11 ശതമാനം വിതരണം ചെയ്തെന്ന് ലോക ബാങ്കിന്‍റെ കണക്കുകള്‍ പറയുന്നു. ഇതിന്‍റെ തുടര്‍ച്ച ഉണ്ടാകില്ല. അതായത് ലോകത്തെ ഭക്ഷ്യ വിതരത്തില്‍ ഈ വര്‍ഷം ഭീമമായ കുറവ് അനുഭവപ്പെടും എന്ന് ചുരുക്കം.
തകര്‍ത്തെറിഞ്ഞ, വെടിമരുന്ന് മണക്കുന്ന യുക്രൈന്‍റെ കൃഷി ഭൂമിയില്‍ കാര്‍ഷിക വൃത്തി പൂര്‍ണ്ണതോതില്‍ തിരിച്ചെത്താന്‍ ഇനിയും വര്‍ഷങ്ങള്‍ വേണ്ടിവരും. അതോടൊപ്പം സൈന്യത്തിലേക്ക് പോയ ആയിരക്കണക്കിന് തോഴിലാളികളുടെ കായികാധ്വാന നഷ്ടം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഇതോടെ യുക്രൈന്‍റെ ഭക്ഷ്യധാന്യ കയറ്റുമതി പൂര്‍ണ്ണ തോതില്‍ തിരിച്ചെത്താന്‍ ഇനിയും വര്‍ഷങ്ങളെടുക്കുമെന്നര്‍ത്ഥം.
ലോകത്തിലെ ഏറ്റവും പ്രധാന രാസവളം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായിരുന്നു യുക്രൈന്‍. ഇതോടെ ഉദ്പാദിപ്പിച്ച് കെട്ടിക്കിടക്കുന്നതും പുനരുത്പാതനം വൈകുന്നതും എല്ലാം ചേര്‍ത്താല്‍ വരും വര്‍ഷങ്ങളില്‍ യുക്രൈനോടൊപ്പം ലോകത്തിന്‍റെ കാര്‍ഷികോത്പാതനത്തില്‍ തന്നെ വലിയൊരു ശതമാനം ഇടിവിന് സാധ്യതയുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
2018-ൽ യുക്രൈന്‍ കയറ്റിയയച്ച 18.5 ബില്യൺ ഡോളർ വിലമതിക്കുന്ന ഭക്ഷ്യധാന്യത്തില്‍ പകുതിയോളം യൂറോപ്പിലേക്കാണ് പോയത്. നാലിലൊന്ന് മിഡിൽ ഈസ്റ്റിലേക്കും വടക്കേ ആഫ്രിക്കയിലേക്കും (സബ്-സഹാറൻ ആഫ്രിക്ക) എത്തിച്ചേര്‍ന്നു. ആദ്യം ഭക്ഷ്യ ക്ഷാമത്തിന്‍റെ സൂചന തരുന്ന രണ്ട് പ്രദേശങ്ങള്‍ ഇവയാണ്. താരതമ്യേന സാമ്പത്തികാവസ്ഥയും സാമൂഹിക സുരക്ഷിതത്വവും കണക്കിലെടുത്ത് യൂറോപ്പ് ഈ പ്രതിസന്ധിയെ മറിക്കടക്കും.
എന്നല്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഏറ്റവും വലിയ പ്രതിസന്ധിയെയാകും അഭിമുഖീകരിക്കുക. ദരിദ്ര ആഫ്രിക്കന്‍ രാജ്യങ്ങളില്‍ യുഎന്‍ വിതരണം ചെയ്യുന്ന ബ്രെഡ് പോലുള്ള ഭക്ഷ്യവസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഗോതമ്പിന്‍റെ 40 ശതമാനവും യുക്രൈനില്‍ നിന്നായിരുന്നുവെന്ന കണക്കുകൂടി ഇതിനോടൊപ്പം ചേര്‍ത്ത് വയ്ക്കണം.
നിലവില്‍ യുക്രൈനിലെ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്ന 22 ദശലക്ഷം ടൺ ഭക്ഷ്യധാന്യം പുറത്തെത്തിച്ചാല്‍ പെട്ടെന്നുള്ള പ്രതിസന്ധിക്ക് ആശ്വാസമാകും. എന്നാല്‍, കരിങ്കടല്‍ വഴിയുള്ള യാത്ര റഷ്യ നിഷേധിക്കും. കരവഴി പുറത്തെത്തിക്കുക എന്നതും ഏറെ ശ്രമകരമാണ്. 'മാനുഷിക ഇടനാഴികൾ' എന്ന് വിളിക്കപ്പെടുന്ന തുർക്കി, ഈജിപ്ഷ്യൻ കപ്പലുകൾ വഴിയുള്ള ചരക്ക് കടത്തിനുള്ള ശ്രമങ്ങളും നടക്കുന്നു.
അത്തരമൊരു ശ്രമം പ്രവര്‍ത്തികമാക്കാന്‍ കഴിയുമോ എന്നത് തന്നെ ഒരു തുറന്ന ചോദ്യമാണെന്ന് ഈ രംഗത്തെ വിദഗ്ദനായ ഡോക്ടർ സിദ്ധാർത്ഥ് കൗശൽ അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ ചരക്ക് നീക്കം നടത്തിയാല്‍ തന്നെ ഭക്ഷ്യപ്രതിസന്ധിയെ താത്കാലികമായേ പരിഹരിക്കൂ. വരാനിരിക്കുന്ന വലിയ പ്രതിസന്ധിയെ ഏങ്ങനെ മറികടക്കുമെന്നതാണ് പ്രധാന ചോദ്യം.
എന്നാല്‍, റഷ്യ ഇപ്പോഴും യുക്രൈനിലെ 'നവ-നാസിക'ള്‍ക്കെതിരായ പടനീക്കത്തില്‍ ഉറച്ച് നിക്കുകയാണ്. യുക്രൈന്‍ കീഴടങ്ങാതെ സമാധാനക്കരാറിന് റഷ്യ തയ്യാറാല്ല. അതോടൊപ്പം ആഫ്രിക്കന്‍ രാജ്യങ്ങളിലും പല ആഫ്രിക്കന്‍ ഭരണകൂടങ്ങളിലും റഷ്യയ്ക്കുള്ള താത്പര്യങ്ങളും യുക്രൈന് വിലങ്ങ് തടിയാകും.
കഴിഞ്ഞ മാർച്ചിൽ റഷ്യയുടെ അധിനിവേശത്തെ അപലപിച്ച് യുഎന്നില്‍ നടന്ന വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്ന 35 രാജ്യങ്ങളിൽ പകുതിയിലേറെയും മിഡിൽ ഈസ്റ്റിൽ നിന്നോ ആഫ്രിക്കയിൽ നിന്നോ ഉള്ളവരാണെന്നതും യുക്രൈന് തിരിച്ചടിയാണ്. എതിർത്ത് വോട്ട് ചെയ്ത അഞ്ച് പേരിൽ രണ്ട് പേർ എറിത്രിയയും സിറിയയുമാണ്. മറ്റ് മൂന്ന് പേര്‍ റഷ്യ, ബെലാറസ്, ഉത്തര കൊറിയ എന്നിവരും.
യുദ്ധത്തെ തുടര്‍ന്ന് ലോക രാഷ്ട്രത്തലവന്മാരില്‍ ഏറ്റവും വലിയ പ്രശസ്തിയിലേക്ക് ഉയര്‍ന്ന യുക്രൈന്‍ പ്രസിഡന്‍റ് വ്ളോഡിമര്‍ സെലെന്‍സ്കി ആഫ്രിക്കൻ യൂണിയന്‍ അംഗമായ 55 രാഷ്ട്രത്തലവന്മാരുമായി നടത്തിയ വീഡിയോ കോണ്‍ഫ്രറന്‍സില്‍ പങ്കെടുത്തത് നാല് പേർ മാത്രം. മറ്റുള്ളവര്‍ തങ്ങളുടെ പ്രതിനിധികളെ അയച്ചു.
പ്രതിസന്ധി മറികടക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ആഫ്രിക്കയ്ക്ക് 630 മില്യൺ ഡോളർ ഭക്ഷ്യസഹായം വാഗ്ദാനം ചെയ്തു. അതോടൊപ്പം ആഫ്രിക്കന്‍ രാജ്യങ്ങളെ ഒപ്പം നിര്‍ത്താനായി യൂറോപ്യൻ യൂണിയന്‍ നേതാക്കളായ ഉർസുല വോൺ ഡെർ ലെയനും ചാൾസ് മൈക്കനും ആഫ്രിക്കയിലേക്കും മിഡിൽ ഈസ്റ്റിലേക്കും യാത്ര തിരിച്ചു.
ഡസൻ കണക്കിന് ആഫ്രിക്കൻ രാജ്യങ്ങൾ റഷ്യയുമായി ആയുധ ഇടപാടുകളോ സൈനിക സഹകരണ കരാറുകളോ ഉണ്ട്. തീവ്രവാദികളെ നേരിടാനായി പല രാജ്യങ്ങളിലും റഷ്യയുടെ വാഗ്നർ കൂലിപ്പടയാളി സേന പ്രവര്‍ത്തിക്കുന്നു. ഇവരെ അതാത് രാജ്യത്തെ പ്രക്ഷോഭങ്ങളെ നേരിടാനും ഉപയോഗിക്കാറുണ്ട്. ഇത്തരത്തില്‍ ശക്തമായ ബന്ധമാണ് റഷ്യയ്ക്കും ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുമിടയിലുള്ളത്.
സിറിയയിലെ ബശ്ശാർ അൽ-അസ്സദ്, റഷ്യയുടെ പിന്തുണയോടെയാണ് ഭരണം നിലനിര്‍ത്തുന്നത് തന്നെ. ഇറാന്‍, തുര്‍ക്കി എന്നിവരുമായും റഷ്യയ്ക്ക് ശക്തമായ ബന്ധം. നാറ്റോ സഖ്യരാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങള്‍ യുഎന്നില്‍ ഒരു പക്ഷവും പിടിക്കാതിരുന്നതും ശ്രദ്ധേയമാണ്. ആഫ്രിക്കയും മിഡില്‍ ഈസ്റ്റും പുടിനൊപ്പമാണെന്ന് പറയാതെ പറയുന്നു.
ഇതിനിടെ പ്രതിസന്ധിക്ക് പരിഹാരം തേടി ആഫ്രിക്കൻ യൂണിയൻ പ്രസിഡന്‍റ് മക്കി സാൽ സന്ദര്‍ശിച്ചത് പുടിനെയായിരുന്നു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റമാഫോസ സമാധാനക്കരാറിന് യുക്രൈനോട് ആവശ്യപ്പെടുകയും ചെയ്തു. ഭക്ഷ്യ വിതരണം പുനരാരംഭിക്കാന്‍ റഷ്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുകയാണ് ദക്ഷിണാഫ്രിക്ക.
സമാധാനക്കരാറും ഭക്ഷ്യ വിതരണം പുനരാരംഭിക്കാനുമുള്ള ആവശ്യത്തിന് പകരമായി പുടിന് യുക്രൈന് സമാധാനക്കരാര്‍ ഒപ്പിടണമെന്ന് ആവശ്യപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് യുദ്ധകാര്യ നിരീക്ഷകരും പറയുന്നു. 2010 നും 2012 നും ഇടയിലുണ്ടായ രൂക്ഷമായ ഭക്ഷ്യപ്രതിസന്ധിയില്‍ നിന്നായിരന്നു അറബ് വസന്തത്തിന്റെ പ്രക്ഷോഭങ്ങൾക്ക് തുടക്കമെന്ന് ചിലര്‍ വാദിക്കുന്നു.
ലിബിയൻ ആഭ്യന്തരയുദ്ധവും സിറിയൻ ആഭ്യന്തരയുദ്ധവും ഐഎസ്ഐഎസിന്റെ വരവിനും ശക്തിപ്പെടലിനും ഈ ഭക്ഷ്യ പ്രതിസന്ധി കാരണമായി. കെനിയ, എത്യോപ്യ, സൊമാലിയ എന്നീ രാജ്യങ്ങളിലടക്കം നാല് വർഷത്തെ വരൾച്ച കാരണം യുക്രൈന് യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ മേഖലയിലെ 18.5 ദശലക്ഷം ആളുകൾ പട്ടിണിയുടെ ഭീഷണിയിലായിരുന്നു.
സെപ്റ്റംബറോടെ പ്രതിസന്ധി ഏറ്റവും മോശമായ അവസ്ഥയില്‍ എത്തുമെന്നും ഇത് 20 മില്യൺ വരെയാകുമെന്ന് ഇന്റർനാഷണൽ റെസ്ക്യൂ കമ്മിറ്റിയുടെ റീജിയണൽ എമർജൻസി ഡയറക്ടർ ശാശ്വത് സരഫ് ഐടിവിയോട് പറഞ്ഞു.
'ഇന്ന് ലോകത്ത് 345 ദശലക്ഷത്തിലധികം ആളുകൾ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നതിനെക്കുറിച്ച് ഞങ്ങൾ ആശങ്കാകുലരാണ്.' എന്ന് യുക്രൈനിലെ വേൾഡ് ഫുഡ് പ്രോഗ്രാം എമർജൻസി കോർഡിനേറ്ററായ മാത്യു ഹോളിംഗ്വർത്ത് ബിബിസിയോട് പറയുന്നു. കൊവിഡിന് ശേഷം ലോകം ഏറെ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോള്‍ റഷ്യയുടെ അധിനിവേശം ലോകത്തിന് മുഴുവനും ദുരിതം മാത്രമാണ് സമ്മാനിച്ചതെന്ന് കണക്കുകളും പറയുന്നു.