300,000 യുവാൻ (34,95,795 രൂപ) വിലമതിക്കുന്ന വാഹനമാണ് അപ്‌ഡേറ്റ് കാരണം 'പണി മുടക്കിയത്'. 

ബീജിംഗ്: ആധുനിക സാങ്കേതിക വിദ്യകളുടെ അതിപ്രസരത്തിനിടെ ദു:ഖകരമായ സംഭവമാണ് ചൈനയിൽ നിന്ന് പുറത്തുവരുന്നത്. നിർബന്ധിത ഓവർ-ദി-എയർ (ഒടിഎ) സിസ്റ്റം അപ്‌ഡേറ്റ് കാരണം കാർ സ്റ്റാർട്ട് ചെയ്യാനാകാതെ വന്നതോടെ പ്രസവ വേദന അനുഭവപ്പെട്ട യുവതി ആശുപത്രിയിലെത്താൻ ബുദ്ധിമുട്ടി. തുടർന്ന് മറ്റ് വഴികളൊന്നുമില്ലാതെ വന്നതോടെ യുവതിയ്ക്ക് ആശുപത്രിയിലേയ്ക്ക് നടക്കേണ്ടി വന്നു. പോകുന്ന വഴിയിലുള്ള ടാക്സി സ്റ്റാൻഡിൽ നിന്ന് ടാക്സിയിലാണ് യുവതി ആശുപത്രി വരെ എത്തിയത്. ആശുപത്രിയിലെത്തിയ യുവതിയെ ഉടൻ തന്നെ എമർജൻസി സി-സെക്ഷന് വിധേയയാക്കി. 

3,00,000 യുവാൻ (34,95,795 രൂപ) വിലമതിക്കുന്ന വാഹനമാണ് അപ്‌ഡേറ്റ് കാരണം സ്റ്റാർട്ട് ചെയ്യാൻ കഴിയാതെ പോയതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അപ്ഡേറ്റ് പൂർത്തിയാകാൻ 51 മിനിട്ടാണ് വേണ്ടി വന്നത്. അപ്ഡേറ്റ് ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ അതിന് കഴിയില്ലെന്നായിരുന്നു വാഹന കമ്പനിയായ ലി ഓട്ടോ അറിയിച്ചത്. ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കുന്ന വീഡിയോ യുവതിയുടെ ഭർത്താവ് പോസ്റ്റ് ചെയ്തിരുന്നു. തന്റെ വീഡിയോ ലി ഓട്ടോയെ വിമർശിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും വിഷമകരമായ സാഹചര്യം പങ്കുവെയ്ക്കുക എന്ന് മാത്രം ഉദ്ദേശിച്ചുള്ളതാണെന്നും ഭർത്താവ് വ്യക്തമാക്കി. 

അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ലി ഓട്ടോയുടെ പ്രതിനിധികൾ അറിയിച്ചു. അപ്‌ഡേറ്റിനെക്കുറിച്ച് ഉപഭോക്താക്കൾക്ക് മുൻകൂട്ടി അറിയിപ്പ് ലഭിക്കുമെന്നും അത് ഷെഡ്യൂൾ ചെയ്യാനോ കാലതാമസം വരുത്താനോ കഴിയുമെന്നുമാണ് കമ്പനിയുടെ വിശദീകരണം. എന്നാൽ, അപ്‌ഡേറ്റ് ആരംഭിച്ചു കഴിഞ്ഞാൽ സുരക്ഷാ കാരണങ്ങളാൽ അത് നിർത്താൻ കഴിയില്ലെന്നും കമ്പനി വ്യക്തമാക്കി. കമ്പനി ഇതുവരെ നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട് ഔദ്യോ​ഗികമായ പ്രതികരണം നടത്തിയിട്ടില്ല. 

READ MORE: 1,067 കിലോ മീറ്റർ താണ്ടി മിടിക്കുന്ന ഹൃദയമെത്തി; 59കാരിയ്ക്ക് പുതുജീവൻ, ദില്ലിയിൽ സിനിമയെ വെല്ലും രംഗങ്ങൾ