പരിസ്ഥിതി സംരക്ഷണം ; ഒരു ബലൂണ്‍ പറത്തിയാല്‍ 1000 ഡോളര്‍ പിഴ !
മരണമോ ജനനമോ ആഘോഷമെന്തായാലും ആകാശത്തേക്ക് ഹീലിയം ബലൂണ്‍ പറത്തിവിടുകയെന്നത് ലോകം മുഴുവനും ഇന്നൊരാചാരമായി മാറിയിട്ടുണ്ട്. എന്നാല്‍, അമേരിക്കയിലെ വിക്ടോറിയയില്‍ ഇനി ബലൂണ്‍ പറത്തിയാല്‍ 1000 ഡോളര്‍ പിഴയടക്കണമെന്ന് പരിസ്ഥിതി സംരക്ഷണ അതോറിറ്റി ഉത്തരവിട്ടു. ബലൂണും പരിസ്ഥിതി സംരക്ഷണം തമ്മിലെന്ത് ബന്ധമെന്നല്ലേ ? പരിസ്ഥിതി നശീകരണത്തില്‍ ബലൂണുകള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ടെന്നാണ് വിക്ടോറിയന്‍ പരിസ്ഥിതി സംരക്ഷണ അതോറിറ്റിയുടെ കണ്ടെത്തല്‍. ജൂലൈ ഒന്ന് മുതല്‍ ഔദ്ധ്യോഗികമായി പിഴ ചുമത്താന്‍ പരിസ്ഥിതി സംരക്ഷണ അതോറിറ്റി അധികാരവും നല്‍കി. ഇനി വ്യക്തികളല്ല. കമ്പനിയുടെ പേരിലാണ് ബലൂണ്‍ പറത്തുന്നതെങ്കില്‍ അതിന് 4956 ഡോളറായിരിക്കും പിഴ.
സംസ്ഥാനത്തൊട്ടാകെ ഈ പുതിയ നിയമം ബാധകമാണ്. പരിസ്ഥിതിയെ മലിനീകരണത്തിൽ നിന്നും മാലിന്യങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായാണ് പുതിയ നടപടിയെന്നാണ് പരിസ്ഥിതി അഥോറിറ്റി പറയുന്നത്.
നിങ്ങള്‍ ഒരു ഹീലിയം ബലൂണാണ് പറത്തുന്നതെങ്കില്‍ 991 ഡോളര്‍ പിഴ നല്‍കണം. അതേ കുറ്റം കമ്പിനികള്‍ ചെയ്യുകയാണെങ്കില്‍ അതിന് 4956 ഡോളർ വരെയാകും പിഴ. വ്യക്തികളോ ബിസിനസ്സുകളോ ബലൂണുകളുടെ ഒരു ശ്രേണിയാണ് പറത്തി വിടുന്നതെങ്കില്‍ പിഴകൾ യഥാക്രമം 16,522 ഡോളറായും 82,610 ഡോളറായും വർദ്ധിക്കും.
ബലൂണുകളും അവയുമായി ബന്ധിപ്പിക്കുന്ന മറ്റ് വസ്തുക്കളും വന്യജീവികളെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയോ അതിമൂലം അവ കൊല്ലപ്പെടുകയോ ചെയ്യുന്നുണ്ടെന്നാണ് പരിസ്ഥിതി സംരക്ഷണ അതോറിറ്റിയുടെ കണ്ടെത്തല്‍. മനുഷ്യര്‍ കാഴ്ചയുടെ ആനന്ദത്തിനായി ആകാശത്തേക്ക് പറത്തിവിടുന്ന ഹീലിയം ബലൂണുകള്‍ അവയുടെ ബലം നഷ്ടമാകുമ്പോള്‍ ഭൂമിയിലേക്ക് തന്നെ വീഴുന്നു.
ഇത്തരത്തില്‍ വീഴുന്ന് ബലൂണുകള്‍ കാട്ടിലാണ് വീഴുന്നതെങ്കില്‍ അവ വന്യമൃഗങ്ങള്‍ ആഹാരമാക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറയുന്നു. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ബലൂണുകൾ കണവ അല്ലെങ്കിൽ ജെല്ലിഫിഷ് പോലെ കാണപ്പെടും.
സമുദ്ര സസ്തനികൾ, കടൽ പക്ഷികൾ, ആമകൾ എന്നിവ ബലൂണുകളെ തെറ്റിദ്ധരിച്ച് ഭക്ഷണമാക്കുന്നു. വിക്ടോറിയിലെ കാടുകളില്‍ പല മൃഗങ്ങളുടെ ദേഹത്തും കൊമ്പുകളിലുമെല്ലാമായി ബലൂണിന്‍റെ അവശിഷ്ടങ്ങള്‍ പറ്റിപ്പിടിച്ചിട്ടുണ്ട്. ഇത് കാലക്രമത്തില്‍ ഗുരുതരമായ വനമലിനീകരണത്തിന് കാരണമാകും.
പറത്തിവിടുന്ന ബലൂണുകള്‍ ജലാശയത്തിലും കാട്ടിലും എത്തിചേരുന്നത് പരിസ്ഥിതിക്ക് ഒരുപോലെ പ്രശ്നമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കുടുംബാംഗങ്ങളുടെ വിയോഗത്തെ തുടര്‍ന്ന് ശവസംസ്കാര വേളകളില്‍ ബലൂണ്‍ പറത്തിവിടുന്നത് വിക്ടോറിയ പോലുള്ള സംസ്ഥാനങ്ങളില്‍ പ്രധാന പരിപാടിയാണ്.
പ്രധാനപ്പെട്ട വ്യക്തികളാരെങ്കിലും മരിക്കുകയാണെങ്കില്‍ നൂറ് കണക്കിന് ഹീലിയം ബലൂണുകളാണ് ആകാശത്തേക്ക് ഉയരുക. ഇത്തരം ഹീലിയം ബലൂണുകളില്‍ 90 ശതമാനവും ഏകദേശം 8 കിലോമീറ്റര്‍ ഉയരത്തിലെത്തുന്നു. അവിടെ വച്ച് വായുമര്‍ദ്ദത്തിലെ വ്യത്യാസത്തെ തുടര്‍ന്ന് അവയില്‍ ഭൂരിഭാഗവും അവിടെ വച്ച് പൊട്ടുന്നു.
ഇത്തരത്തില്‍ പൊട്ടി പല കഷ്ണങ്ങളായി തീരുന്ന ബലൂണുകള്‍ കാറ്റിന്‍റെ ഗതിയനുസരിച്ച് നിരവധി കിലോമീറ്ററുകള്‍ സഞ്ചരിച്ച് ജലാശയങ്ങളിലോ കാടുകളിലോ വീഴുന്നു. ഇത് മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് തടസമാകുമെന്നും അതിനാലാണ് ബലൂണുകള്‍ക്ക് പിഴ ഈടാക്കുന്നതെന്നുമാണ് പരിസ്ഥിതി വിഭാഗത്തിന്‍റെ നിലപാട്.
ശവസംസ്കാര ചടങ്ങുകളില്‍ ബലൂണ്‍ പറത്തുന്നത് പോലുള്ള ആചാരങ്ങള്‍ ഒഴിവാക്കി മരം നടുക, ജലാശയങ്ങള്‍ വൃത്തിയാക്കുക തുടങ്ങിയത് പോലുള്ള പരിസ്ഥിതി സൌഹാര്‍ദ്ദ പരിപാടികള്‍ ചെയ്യണമെന്നും അധികൃതര്‍ പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona