അതിര്‍ത്തിയില്‍ സൈനീക വിന്യാസം; ഉക്രെയിനെതിരെ റഷ്യന്‍ പടയൊരുക്കമോ ?
റഷ്യയുടെ തെക്ക് പടിഞ്ഞാറന്‍ രാജ്യമായ ഉക്രെനെതിരെ സൈനീക നീക്കത്തിന് പ്രസിഡന്‍റ് വ്ലാദമിര്‍ പുട്ടിന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഉക്രെനിയന്‍ അതിര്‍ത്തിയിലും ക്രിമിയന്‍ ഉപദ്വീപിലുമായി റഷ്യ 1,50,000 സൈനീകരെയും യുദ്ധവിമാനങ്ങളടക്കം നിരവവധി സൈനീക വാഹനങ്ങളും സജ്ജമാക്കിയതായി ഏറ്റവും പുതിയ സാറ്റലൈറ്റ് ചിത്രങ്ങള്‍ കാണിക്കുന്നു. ഉക്രെയ്ൻ വിദേശകാര്യ മന്ത്രാലയം ഉൾപ്പെട്ട ചർച്ചകൾക്ക് ശേഷം തിങ്കളാഴ്ച യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി ജോസെപ് ബോറെൽ സൈനീക വാർത്ത സ്ഥിരീകരിച്ചു. ഉക്രെനിയൻ അതിർത്തികളിൽ റഷ്യയുടെ എക്കാലത്തെയും ഉയർന്ന സൈനിക വിന്യാസമാണിതെന്ന് അദ്ദേഹം പറഞ്ഞു. സൈനീക ശേഷി കൂട്ടാനുള്ള സാധ്യത കാണുന്നതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ റഷ്യ, ക്രിമിയയുടെ തെക്കന്‍ തീരത്തുള്ള കാച്ചിക് തടാകത്തിന് സമീപത്തെ ക്യാമ്പ് മാറ്റി സ്ഥാപിച്ചു.
ഏപ്രിൽ 13 ന് പ്ലാനറ്റ് ലാബ്സ് പകര്‍ത്തിയ ഉപഗ്രഹ ചിത്രങ്ങളില്‍ റഷ്യന്‍ പ്രദേശത്ത് കുറഞ്ഞത് 1,000 ത്തോളം വാഹനങ്ങൾ നിര്‍ത്തിയിട്ടിരിക്കുന്നതായി കാണിക്കുന്നു. ഈ ചിത്രങ്ങള്‍ക്ക് ഒരു മാസം മുമ്പ് മാർച്ച് 15 ന് എടുത്ത മറ്റൊരു ചിത്രത്തിൽ ഇതിന്‍റെ പകുതി വാഹനങ്ങള്‍ പോലും ഇവിടെ കാണാനില്ല.
പ്രധാന ക്യാമ്പിന്‍റെ പടിഞ്ഞാറ് ഭാഗത്ത് ഒരു മൈൽ ചുറ്റളവിൽ കാച്ചിക് തടാകത്തിന്‍റെ തീരത്ത് മറ്റൊരു ഉപക്യാമ്പും റഷ്യ നിര്‍മ്മിച്ചു. ക്രിമിയയിൽ 40,000 പുതിയ റഷ്യൻ സൈനികര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന് ഉക്രെയ്ൻ മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് കൂടാതെ മറ്റൊരു 40,000 പേരെ കൂടി ഇവിടേയ്ക്ക് റഷ്യ അയച്ചെന്നും ഉക്രെയിന്‍ ആരോപിച്ചിരുന്നു.
ഉക്രെയിനില്‍ മോസ്കോ പിന്തുണയുള്ള വിഘടനവാദികളുമായുള്ള ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിനിടെയിലും റഷ്യൻ സൈന്യം തെക്കുപടിഞ്ഞാറൻ അയൽ രാജ്യമായ ഉക്രെയിന് ചുറ്റും സൈനീക സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നത് ആശങ്ക ഏറ്റുന്നു.
റഷ്യയുടെ ശക്തമായ സൈനീക സാന്നിധ്യം ഉക്രെയ്നിൽ വീണ്ടും വെടിയൊച്ചകള്‍ മുഴങ്ങുമോയെന്ന ഭീതിയുയര്‍ത്തുകയാണ്. എന്നാല്‍, നാറ്റോയുടെ നീക്കങ്ങൾക്ക് മറുപടിയായാണ് അതിർത്തിയിലെ തങ്ങളുടെ സൈനീകാഭ്യാസങ്ങളെന്നതാണ് റഷ്യയുടെ നിലപാട്.
റഷ്യയുടെ പടിഞ്ഞാറൻ വ്യാമാതിര്‍ത്തിയില്‍ രണ്ട് സൈന്യങ്ങളെയും മൂന്ന് വ്യോമാക്രമണ യൂണിറ്റുകളെയും വിന്യസിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി സെർജി ഷൊയിഗു കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. 'രണ്ടാഴ്ചയ്ക്കുള്ളിൽ' സൈനീകാഭ്യാസങ്ങൾ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, മോസ്കോയിൽ നിന്നുള്ള സൈനീക ഭീഷണികളെ നേരിടാന്‍ ഉക്രെയിന്‍ മറ്റ് യൂറോപ്യന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ പിന്തുണയ്ക്കായി ശ്രമിക്കുകയാണെന്നാണ് പുറത്ത് വരുന്ന വിവരം.
റഷ്യയുടെ പുതിയ സൈനീക നീക്കത്തെകുറിച്ച് യൂറോപ്യന്‍ യൂണിയനില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ റഷ്യയ്‌ക്കെതിരെ 'പുതിയ മേഖലാ ഉപരോധം' വേണമെന്ന് ഉക്രെയിന്‍ ഉപപ്രധാമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ദിമിട്രോ കുലെബ ആവശ്യം ഉന്നയിച്ചു. ഇത് യൂറോപ്യന്‍ യൂണിയനെ സമ്മര്‍ദത്തിലാക്കി. എന്നാൽ നിലവിൽ കൂടുതൽ ഉപരോധങ്ങൾ നിർദ്ദേശിക്കുകയോ പരിഗണനയിലോ ഇല്ലെന്ന് ബോറെൽ അറിയിച്ചു.
റഷ്യൻ നഗരമായ വൊറോനെഷിന് സമീപത്ത്, പുതിയ ക്യാമ്പിന് 500 മൈൽ വടക്കും ഉക്രേനിയൻ അതിർത്തിയിൽ നിന്ന് 150 മൈല്‍ അകലെയായാണ് പുതിയ ക്യാമ്പ് നിർമ്മിച്ചതെന്ന് ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നു.
10 ദിവസം മുമ്പ് ആദ്യം പ്രസിദ്ധീകരിച്ച വൊറോനെഷ് ക്യാമ്പിന്‍റെ ഉപഗ്രഹ ചിത്രങ്ങളില്‍ മൊബൈൽ മിസൈൽ ലോഞ്ചറുകളും കവചിത പേഴ്‌സണൽ കാരിയറുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ അണിനിരത്തിയതായി കാണാം. വാഹനങ്ങള്‍ക്ക് അല്പം ദൂരെയായി കാലാള്‍പ്പടയുടെ കൂടാരങ്ങളും ഒരുക്കിയിട്ടുണ്ട്.
ഈ പ്രദേശത്ത് ഇപ്പോൾ 80,000 ത്തിനും 1,15,000 ത്തിനും ഇടയ്ക്ക് സൈകരുണ്ടെന്നാണ് വിലയിരുത്തല്‍. 2014 ൽ ക്രിമിയയെ പിടിച്ചെടുക്കാൻ പുട്ടിൻ ഉത്തരവിട്ടതിന് ശേഷമുള്ളതിനേക്കാള്‍ റഷ്യന്‍ സൈന്യം ഈ പ്രദേശത്തുണ്ടെന്ന് കരുതുന്നു.
നാറ്റോ സൈനികരെ ശക്തിപ്പെടുത്തുന്നതിനോടുള്ള പ്രതികരണമല്ല സൈനീക സാന്നിധ്യമെന്നും അത് സൈന്യത്തിന്‍റെ പരിശീലനം മാത്രമാണെന്നും റഷ്യയും അവകാശപ്പെടുന്നു.
റഷ്യൻ പിന്തുണയുള്ള വിമത ഗ്രൂപ്പുകൾ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന കിഴക്കൻ ഉക്രെയ്നിലെ ഡോൺബാസ് മേഖലയിലെ ആക്രമണത്തിന് റഷ്യ സൈന്യത്തെ ഉപയോഗിച്ചേക്കാമെന്ന് ഭയനിലനില്‍ക്കുന്നു. എന്നാല്‍, ഇത് അമേരിക്കയുടെ പുതിയ പ്രസിഡന്‍റിന്‍റെ നീക്കമറിയാനുള്ള പുട്ടിന്‍റെ തന്ത്രമാണെന്ന വാദവും ഉയരുന്നു.
നേരത്തെ ഉക്രെയിന്‍ പ്രദേശത്തെ സംഘര്‍ഷം ലഘൂകരിക്കാന്‍ ബൈഡന്‍, പുടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പുടിനെ കൊലയാളി എന്ന് വിശേഷിപ്പിച്ച ബെഡന്‍റെ നടപടിക്ക് ശേഷം റഷ്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധങ്ങളില്‍ വിള്ളല്‍ സംഭവിച്ചിരുന്നു.
സംഘര്‍ഷം മുറുകിയതോടെ ഉക്രേനിയൻ പ്രസിഡന്‍റ് വോളോഡൈമർ സെലൻസ്കി കഴിഞ്ഞ ആഴ്ച ഫ്രാൻസ് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോനുമായി പാരീസും ജർമ്മൻ ചാൻസലർ ആഞ്ചല മെർക്കലുമായി വീഡിയോ ലിങ്ക് വഴി സംസാരിച്ചിരുന്നു.
മറ്റ് രാജ്യങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ബ്രിട്ടന്‍ മാത്രം ഉക്രെയിനിലേക്ക് രണ്ട് യുദ്ധക്കപ്പലുകള്‍ അയച്ചു. വിമാന വേദ്ധ മിസൈലുകളും ഒരു അന്തർവാഹിനി വേദ്ധ ടൈപ്പ് 23 ഫ്രിഗേറ്റുമുള്ള വൺ ടൈപ്പ് 45 ഡിസ്ട്രോയർ മെഡിറ്ററേനിയനിലെ ബ്രിട്ടന്‍റെ റോയൽ നേവിയുടെ കാരിയർ ടാസ്‌ക് ഗ്രൂപ്പിൽ നിന്ന് പുറപ്പെട്ട് ബോസ്ഫറസ് വഴി കരിങ്കടലിലേക്ക് പോകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
മുൻകൂട്ടി ആസൂത്രണം ചെയ്ത വിന്യാസമാണെന്നും ഇത് പതിവ് സൈനീക നടപടിമാത്രമാണെന്നും പ്രതിരോധ മന്ത്രാലയം പറയുമ്പോഴും റഷ്യയും ഉക്രെയ്നും തമ്മിലുള്ള സംഘര്‍ഷമാണ് നടപടിക്ക് പിന്നില്‍. കൂടാതെ മുൻകൂട്ടി ആസൂത്രണം ചെയ്തതിനാല്‍ ആറ് റോയൽ എയർഫോഴ്സ് ടൈഫൂൺ സൂപ്പർ ജെറ്റുകൾ കിഴക്കൻ യൂറോപ്പിലേക്ക് പോകുമെന്ന് യുകെ പ്രതിരോധ മേധാവികൾ സ്ഥിരീകരിച്ചെന്ന് ഡെയ്ലിമെയില് റിപ്പോര്‍ട്ട് ചെയ്തുന്നു.
ക്രെംലിനിലെ സൈനീക വിന്യാസത്തെ ഒരു സൈനിക അഭ്യാസമെന്നാണ് റഷ്യ ഔദ്ധ്യോഗികമായി വിശേഷിപ്പിച്ചത്. എന്നാല്‍, റഷ്യൻ സ്റ്റേറ്റ് ടിവി കഴിഞ്ഞ ആഴ്ച മോസ്കോ ഒരു യുദ്ധത്തിൽ നിന്ന് ഒരു പടി അകലെയാണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
2014 ല്‍ റഷ്യ കിഴക്കൻ ഉക്രെയ്ൻ പിടിച്ചടക്കിയപ്പോൾ 14,000 ൽ അധികം ആളുകളാണ് കൊല്ലപ്പെട്ടത്. സുരക്ഷയെന്ന വ്യാജേന കിഴക്കൻ ഉക്രെയ്ൻ വീണ്ടും പിടിച്ചെടുക്കാൻ റഷ്യ പദ്ധതിയിട്ടിരിക്കുകയാണെന്ന് സുരക്ഷാ വിദഗ്ധർ ഭയപ്പെടുന്നു.
കിഴക്കൻ ഉക്രെയ്നിൽ സംഘർഷങ്ങൾ കുറയ്ക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍, തിങ്കളാഴ്ച റഷ്യൻ പ്രതിരോധ മേധാവികൾ 'മോക്ക് ശത്രു' വിനെതിരായ വ്യോമാക്രമണ പരിശീലനത്തിന്റെ വീഡിയോകൾ പുറത്തുവിട്ടു.
“ഉയർന്നതും താഴ്ന്നതും വളരെ താഴ്ന്നതുമായ ഉയരങ്ങളിൽ തന്ത്രപരമായ സാങ്കേതിക വിദ്യകൾ നടപ്പാക്കി,” റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു. കൂടുതൽ ഫൂട്ടേജുകളിൽ ഹെവിവെയ്റ്റ് ടു -160 'വൈറ്റ് സ്വാൻ', ടു -95 എംഎസ് തന്ത്രപ്രധാനമായ ബോംബറുകൾ എന്നിവ വ്യായാമങ്ങളിൽ ക്രൂയിസ് മിസൈലുകൾ വിക്ഷേപിക്കാൻ പുറപ്പെടുമ്പോൾ കാണിക്കുന്നു. വിമാനങ്ങൾ സാധാരണയായി തെക്കൻ റഷ്യയിലെ സരടോവ് കേന്ദ്രീകരിച്ചാണെങ്കിലും രാജ്യത്തിന്റെ വടക്ക് ഭാഗത്തുള്ള കോമിയിൽ നിന്നാണ് വ്യായാമങ്ങൾ നടത്തിയത്.
റിപ്പോർട്ടുകൾ പ്രകാരം റഷ്യയുടെ സൈനീക അഭ്യാസങ്ങള്‍ ഏഴ് മണിക്കൂർ നീണ്ടുനിന്നു. 'വാക്കുകൾ പര്യാപ്തമല്ല' എന്നും സഖ്യകക്ഷികൾ പ്രായോഗിക പിന്തുണ നൽകേണ്ടതുണ്ടെന്നും പുടിൻ ആക്രമിച്ചാൽ 'വളരെ വേദനാജനകമായ പ്രത്യാഘാതങ്ങൾ' ഉണ്ടാകുമെന്നും ഉക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലെബ മുന്നറിയിപ്പ് നൽകി.
മേഖലയിലെ നാറ്റോ സഖ്യകക്ഷികളായ ലിത്വാനിയ, ലാറ്റ്വിയ, എസ്റ്റോണിയ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയെത്തുടർന്നാണ് അദ്ദേഹം സംസാരിച്ചത്. കഴിഞ്ഞയാഴ്ച വെടിനിർത്തൽ കരാർ ലംഘിച്ച് ഉക്രേനിയൻ സേനയും മോസ്കോ പിന്തുണയുള്ള വിഘടനവാദികളും തമ്മിലുള്ള ഏറ്റുമുട്ടൽ കിഴക്കൻ പ്രദേശങ്ങളിൽ പൊട്ടിപ്പുറപ്പെട്ടതോടെയാണ് റഷ്യ തെക്കന്‍ മേഖലയിലെ സൈനീക സാന്നിധ്യം ശക്തിപ്പെടുത്താന്‍ തുടങ്ങിയത്.
മോസ്ക്കോ ക്രിമിയ പിടിച്ചെടുത്തതിനെത്തുടർന്ന് 2014 മുതൽ കിഴക്കൻ ഡൊനെറ്റ്സ്ക്, ലുഗാൻസ്ക് പ്രദേശങ്ങളിൽ റഷ്യൻ അനുകൂല വിഘടനവാദികളുമായി ഉക്രെയിന് യുദ്ധത്തിലാണ്. എന്നാല്‍ രാജ്യങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.