പത്മനാഭസ്വാമി ക്ഷേത്രത്തിലെ പിടിയാന മതിലകം ദര്‍ശിനിയ്ക്ക് യാത്രമൊഴി
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പിടിയാന മതിലകം ദര്‍ശിനി കഴിഞ്ഞ ദിവസം രാത്രി ചരിഞ്ഞു. 52 വര്‍ഷമായി പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആനയായിരുന്ന മതിലകം ദര്‍ശിനിക്ക് ആദരസൂചകമായി പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ആനപ്രേമികളുടെ പ്രിയങ്കരിയായിരുന്നു മതിലകം ദര്‍ശിനിയെന്ന പിടിയാന. സുദര്‍ശിനിയെന്ന പടിയാന വലം വച്ച് അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. ചിത്രങ്ങള്‍ പ്രദീപ് പാലവിളാകം.
മരിക്കുമ്പോള്‍ മതിലകം ദര്‍ശിനിക്ക് 58 വയസ്സുണ്ടായിരുന്നു. ഏറെ നാളായി ഗര്‍ഭാശയ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ദര്‍ശിനി.
അതിനിടെ കഴിഞ്ഞ ദിവസം അണുബാധയേറ്റതോടെ ആരോഗ്യനില വഷളായി. 1966 ല്‍ പശ്ചിമഘട്ടത്തില്‍ നിന്ന് കൊണ്ടുവന്ന മൂന്ന് പിടിയാനകളില്‍ ഒന്നായിരുന്നു ദര്‍ശിനി.
ഇന്ദിരാഗാന്ധിയായിരുന്നു അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി. തിരുവനന്തപുരത്തെത്തിയ മൂന്ന് പിടിയാനകള്‍ക്കും ഇന്ദിര, പ്രിയ, ദര്‍ശിനി എന്നിങ്ങനെ പേര് നല്‍കി.
ദര്‍ശിനിയെ ഇഷ്ടപ്പെട്ട ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ ആനയെ ക്ഷേത്രത്തിലേക്കായി വാങ്ങി. അന്ന് തൊട്ട് ക്ഷേത്രത്തിലെ ആറട്ട്, ഉത്സവ ശീവേലിക്കും ദര്‍ശിനി അകമ്പടി സേവിച്ചു.
ഗുരുവായൂര്‍ കേശവനെ പോലെയായിരുന്നു പത്മനാഭ സ്വാമിക്ഷേത്രത്തില്‍ ദര്‍ശിനി എന്ന് രാജകുടുംബാംഗം ആദിത്യവര്‍മ്മ പറഞ്ഞു.
ഔദ്ധ്യോഗീക ബഹുമതികളോടെയാണ് ദര്‍ശിനിക്ക് വിട നല്‍കിയത്. ദര്‍ശിനിയെ ക്ഷേത്രവളപ്പില്‍ മറവ് ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും വനം വകുപ്പ് അത് പ്രായോഗികമല്ലെന്ന് അറിയിച്ചു.
തുടര്‍ന്ന് കുളത്തൂപ്പുഴ വനമേഖലയിലാണ് ദര്‍ശിനിയെ അടക്കം ചെയ്തത്.
'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona.