തീരത്ത് ഉണര്‍വേകി ചാകര; ആഘോഷമാക്കി തീരദേശവാസികള്‍
പ്രക്ഷുബ്ദമായ കടലും കാലാവസ്ഥ മുന്നറിയിപ്പുമൊക്കെ നിശബ്ദമാക്കിയ തിരുവനന്തപുരം വിഴിഞ്ഞം തീരത്ത് കഴിഞ്ഞ രണ്ട് ദിവസമായി ലഭിച്ച ചാകര തീരത്ത് ഉത്സവ പ്രതീതി ഉണർത്തി. ഏറെക്കാലത്തിന് ശേഷം കടലമ്മ കനിഞ്ഞത് മത്സ്യതൊഴിലാളികളെയും ആവേശത്തിലാക്കി. കഴിഞ്ഞ ദിവസം നെയ്മീനും വേളാപാരയായും ആവോലിയുമാണ് ചാകരയായി തീരമണഞ്ഞെതങ്കിൽ ഇന്നലെ ടൺകണക്കിന് കത്തിക്കാരയും ക്ലാത്തി മീനുമാണ് മത്സ്യതൊഴിലാളികളുടെ വല നിറച്ചത്.
നീണ്ട ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് ഇന്നലെ തിരുവനന്തപുരത്തിന്‍റെ തീരദേശമൊന്ന് ഉണര്‍ന്നത്.
രണ്ട് ദിവസമായി ലക്ഷക്കണക്കിന് രൂപയുടെ മത്സ്യം കൈ നിറയെ ലഭിച്ചതോടെ പട്ടിണിയിലും പരിവട്ടത്തിലും കഴിഞ്ഞുവന്ന മത്സ്യതൊഴിലാളികളുടെയും കുടുംബങ്ങളുടെയും മനസും വയറും നിറഞ്ഞു.
കോവിഡ് ലോക്ക് ഡൌണിനെ തുടർന്ന് മത്സ്യബന്ധനം നിറുത്തിവെച്ചതിന് ശേഷം വായ്ക്ക് രുചിയോടെ കഴിക്കാനായി പിടയ്ക്കണ പച്ചമീന് കാത്തിരുന്നവരും ഏറെ ക്കാലത്തിന് ശേഷം ആവശ്യത്തിന് മത്സ്യം ലഭിച്ച സന്തോഷത്തിലായിരുന്നു.
സാധാരണ 500 ഉം 600 രൂപകൊടുത്ത് വാങ്ങിയിരുന്ന നെയ്മീൻറെ ഇന്നലത്തെ വില കിലോക്ക് 200 ഉം അതിന് താഴെയും ആയതോടെ മീൻ വാങ്ങാനും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മീൻ വില താഴ്ന്നത് ചെറുകിട കച്ചവടക്കാർക്കും സന്തോഷം പകർന്നു.
25 ഓളം വളളക്കാർക്കാണ് ഇന്നലെ ക്ലാത്തിയും കത്തിക്കാരയും ചാകരയായി ലഭിച്ചത്. ഒരു ടൺ ക്ലാത്തിക്ക് ഒന്നര ലക്ഷം രൂപവരെയായിരുന്നു വില. ലോക്കൽ മാർക്കറ്റിൽ വിലിയ ഡിമാൻറില്ലാത്ത കത്തിക്കാരയ്ക്കും ക്ളാത്തിക്കും വിദേശ മാർക്കറ്റിൽ ആവശ്യക്കാർ ഏറെയാണ്.
അതുകൊണ്ട് തന്നെ ഈ മീനുകൾ ലേലത്തിലെടുക്കുന്ന ചെറുകിട കച്ചവടക്കാർ വിദേശ കയറ്റുമതിക്കാർക്ക് ഇത് കൈമാറുകയാണ് ചെയ്യുന്നത്. കത്തിക്കാരയ്ക്ക് പുറമേ കൊഴിയാള, കല്ലൻ കണവ, വാള, ചൂര എന്നീ മീനുകളും ഇന്നലെ മോശമല്ലാത്ത രീതിയിൽ ലഭിച്ചതും തീരത്തിനാവേശമായി.