ഏപ്രിൽ മാസം കയറ്റുമതിയിൽ മൂന്ന് മടങ്ങ് വർധനയുണ്ടായെന്ന് കേന്ദ്ര സർക്കാർ; ഇന്ധന ഇറക്കുമതിയിലും വർധന
രാജ്യത്ത് നിന്നുളള കയറ്റുമതിയിൽ മൂന്ന് മടങ്ങ് വർധനയുണ്ടായെന്ന് കേന്ദ്ര സർക്കാർ. സർക്കാർ കണക്കുകൾ പ്രകാരം ഏപ്രിലിൽ 3,063 കോടി ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്.
ലോക്ക്ഡൗൺ പ്രതിസന്ധി ശക്തമായിരുന്ന പോയ വർഷം ഏപ്രിലിൽ കയറ്റുമതി 1,036 കോടി ഡോളർ മാത്രമായിരുന്നു. ഇറക്കുമതിയിൽ ഗണ്യമായ വർധന ഉണ്ടായി. 4,572 കോടി ഡോളറിന്റേതാണ് 2021 ഏപ്രിൽ മാസത്തെ ഇറക്കുമതി. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇത് 1,712 കോടി ഡോളർ ആയിരുന്നു.
ഇന്ധന ഇറക്കുമതിയിലും ഗണ്യമായ വർധനയുണ്ടായി. 2020 ഏപ്രിലിൽ ഇന്ധന ഇറക്കുമതി 466 കോടി ഡോളറായിരുന്നു. 2021 ഏപിൽ മാസം ഇത് 1,080 കോടി ഡോളർ ആയി ഉയർന്നു.
പ്രതീക്ഷയോടെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ
ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ മെയ് മാസത്തിലെ ആദ്യ ആഴ്ചയിലും വൻ കുതിപ്പുണ്ടായി. 80 ശതമാനമാണ് വളർച്ച. 7.04 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങളാണ് ഒരാഴ്ച കൊണ്ട് കയറ്റി അയച്ചത്. കഴിഞ്ഞ വർഷം മെയ് ഒന്ന് മുതൽ ഏഴ് വരെ 3.91 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്.
2019 ൽ 6.48 ബില്യൺ ഡോളറിന്റെ കയറ്റുമതി നടന്നിട്ടുണ്ട്. ഇറക്കുമതിയിലും വർധനവുണ്ട്. 80.7 ശതമാനമാണ് വർധന. 8.86 ബില്യൺ ഡോളറിന്റെ ഇറക്കുമതിയാണ് മെയ് ഒന്ന് മുതൽ ഏഴ് വരെ നടന്നത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 4.91 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. 2019 ൽ ഇത് 10.39 ബില്യൺ ഡോളറായിരുന്നു.
ഏപ്രിൽ മാസത്തിൽ ഇന്ത്യയിലെ കയറ്റുമതിയിൽ മൂന്ന് മടങ്ങ് വർധനവുണ്ടായിരുന്നു. കയറ്റുമതി 30.21 ബില്യൺ ഡോളറിലേക്കാണ് ഉയർന്നത്. കയറ്റുമതിയിലെ കുതിപ്പിൽ വലിയ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ അടക്കമുള്ള സംഘടനകൾ. കൊവിഡ് വ്യാപനം രാജ്യത്തെ വലിയ പ്രതിസന്ധികളിലും ഈ നേട്ടമുണ്ടാക്കാനായതാണ് പ്രതീക്ഷ വളർത്തുന്നത്.