Burmese Python: പെരുമ്പാമ്പിന്‍റ വയറ് കീറിയപ്പോള്‍ ഞെട്ടി; 122 മുട്ടകള്‍ കൂടെ മാന്‍ കൊമ്പും കുളമ്പും
ഫ്ലോറിഡയിലെ ( Florida)പിക്കായുൺ സ്ട്രാൻഡ് സ്റ്റേറ്റിന്‍റെ വനപ്രദേശത്തിന്‍റെ ഭാഗമായ ചതുപ്പുനിലങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസം ഒരു പെരുമ്പാമ്പിനെ പിടികൂടി. ഇതുവരെ പിടികൂടിയവയില്‍ വച്ച് ഏറ്റവും വലിയത്. എവർഗ്ലേഡ്സിലെ (Everglades) ചതുപ്പുനിലങ്ങള്‍ നിന്ന് അവളെ പൊക്കിയെടുക്കാന്‍ മൂന്ന് പേര്‍ക്ക് കഷ്ടപ്പെടേണ്ടിവന്നെന്ന് റിപ്പോര്‍ട്ടുകള്‍. ഏതാണ്ട് നൂറു കിലോയ്ക്കടുത്തായിരുന്നു ഭാരം. ഫോറിഡയിലെ കാടുകളില്‍ നിന്ന് പിടികൂടിയവയില്‍ വച്ച് ഏറ്റവും വലുതായിരുന്നു അത്. സൗത്ത് വെസ്റ്റ് ഫ്ലോറിഡയിലെ കൺസർവേൻസിയിലെ ഗവേഷകർ അവളുടെ ഭാരം അളന്നപ്പോള്‍ 97.5 കിലോയായിരുന്നു ഭാരം. 17.7 അടി നീളം.
പിടികൂടുമ്പോള്‍ അവള്‍ പ്രത്യേകിച്ച് അസ്വസ്ഥതകളൊന്നു കാണിച്ചില്ല. കാരണം ജിപിഎസ് ട്രാന്‍സിസ്റ്ററുകള്‍ ഘടിപ്പിച്ച ആണ്‍ പെരുമ്പാമ്പുകളുടെ സഹായത്തോടെയായിരുന്നു അവളെ പിടികൂടിയതെന്ന് നാഷണല്‍ ജിയോഗ്രഫിക്ക് എഡിറ്റര്‍ ഡഗ്ലസ് പറയുന്നു. പിടികൂടിയ ശേഷം അവളെ ദയാവധത്തിന് വിധേയമാക്കി.
ഏപ്രില്‍ വരെ വിവിധ പരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കാനായി മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കും. അതുവഴി ബര്‍മ്മീസ് പെരുമ്പാമ്പുകളെ കുറുച്ചുള്ള കൂടുതല്‍ പഠന നിരീക്ഷമങ്ങള്‍ സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആണ്‍ സ്കൗട്ട് പെരുമ്പാമ്പുകളെ ഉപയോഗിച്ച് പെണ്‍ പെരുമ്പാമ്പുകളെ പിടികൂടുകയാണ് പതിവ്.
ഇതിനായി ആണ്‍ സ്കൗട്ട് പെരുമ്പാമ്പുകളെ പിടികൂടി അവയ്ക്ക് ജിപിഎസ് ഘടിപ്പിക്കുകയും ചതുപ്പ് നിലത്തേക്ക് തുറന്ന് വിടുകയും ചെയ്യും. ഇത്തരം ആണ്‍ പാമ്പുകള്‍ പ്രത്യുല്‍പാദനത്തിനായി പെണ്‍പാമ്പുകളെ തേടി അലയുന്നു. ഒടുവില്‍ ഇവ ഒരു പെണ്‍പാമ്പിന്‍റെ അടുത്തേക്കോ അല്ലെങ്കില്‍ ആണ്‍പെണ്‍ പാമ്പുകളുടെ കൂട്ടത്തിലേക്കോ ചെല്ലുന്നു.
തുടര്‍ന്ന് ജിപിഎസ് സംവിധാനത്തിന്‍റെ സഹായത്തോടെ ഇവയെ ട്രാക്ക് ചെയ്തശേഷം ഇവയെ പിടികൂടി കൊന്ന് കളയുന്നു. ഇത്തവണ പിടികൂടിയ പാമ്പിന്‍റെ വയറിന്‍റെ മധ്യഭാഗം കീറിയാണ് ദയാവധത്തിന് വിധേയമാക്കിയത്. തുടർന്ന് കൊഴുപ്പ് പാളിക്ക് താഴെയുള്ള ഭാഗത്തേക്ക് പ്രവേശിക്കാൻ ഗവേഷകര്‍ക്ക് അതിന്‍റെ വാരിയെല്ലുകൾ തകര്‍ക്കേണ്ടിവന്നു.
അവളുടെ വയറില്‍ 122 അണ്ഡങ്ങളാണ് ഉണ്ടായിരുന്നത്. ഫ്ലോറിഡയില്‍ കൊല്ലപ്പെടുത്തിയ പെരുമ്പാമ്പുകളില്‍ നിന്ന് ലഭിച്ച ഏറ്റവും ഉയര്‍ന്ന മുട്ടകളുടെ കണക്കാണിത്. എന്നാല്‍, ഇവയില്‍ ഒന്നില്‍ പോലും ബീജസങ്കലനം നടന്നിരുന്നില്ലെന്നും ഗവേഷകര്‍ പറയുന്നു.
കൂടുതല്‍ പരിശോധനയില്‍ പൊരുമ്പാമ്പിന്‍റെ വയറ്റില്‍ നിന്നും വെളുത്ത വാലുള്ള മാനിന്‍റെ കൊമ്പിന്‍റെയും കുളമ്പിന്‍റെയും ഭാഗങ്ങള്‍ കണ്ടെത്തി. കൂടാതെ രോമാവശിഷ്ടങ്ങളും വാലിന്‍റെ ഭാഗവും ദഹിക്കാതെ ഉണ്ടായിരുന്നതായും ഗവേഷകര്‍ പറയുന്നു. വംശനാശഭീഷണി നേരിടുന്ന ഫ്ലോറിഡ പാന്തറുകളുടെ പ്രധാന ഇരയാണ് വെളുത്ത വാല്‍ മാനുകള്‍.
ഏതാണ്ട് 200 ഓളം ഫ്ലോറിഡ പാന്തറുകളാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. ഫ്ലോറിഡ പാന്തറുകളുടെ പ്രധാന ഭക്ഷണമായ വെളുത്ത വാല്‍ മാനുകളെ ബര്‍മ്മീസ് പെരുമ്പാമ്പുകള്‍ കൊന്നൊടുക്കുന്നത് ആശങ്കാജനകമാണെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗവേഷകരും പറയുന്നു.
ഇത്തവണ ഉപയോഗിച്ച ഡിയോണ്‍ എന്ന പുരുഷ സ്കൗട്ട് ഗവേഷകരെ ഈ വമ്പന്‍ പെൺ പെരുമ്പാമ്പിന്‍റെ അടുത്തേക്കാണ് നയിച്ചത്. കൊലപ്പെടുത്തിയ പെരുമ്പാമ്പിന് മൂക്കിന്‍റെ അറ്റം മുതൽ തലയോട്ടിയുടെ പിൻഭാഗം വരെ ഏകദേശം ആറിഞ്ച് നീളമുണ്ടായിരുന്നു. അവളുടെ ശരീരത്തിന്‍റെ ഏറ്റവും വീതിയുള്ള ഭാഗത്ത് ഏകദേശം 25 ഇഞ്ച് വ്യാസവും.
ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് 2013 മുതൽ 25,000 പൗണ്ട് ഭാരമുള്ള 1,000-ലധികം പെരുമ്പാമ്പുകളെ കൺസർവേൻസി ടീം ഇത്തരത്തില്‍ പിടികൂടി കൊന്നു കളഞ്ഞിട്ടുണ്ട്. '2000 മുതൽ, ഫ്ലോറിഡ ഫിഷ് & വൈൽഡ് ലൈഫ് 15,000 പെരുമ്പാമ്പുകളെ കൊല്ലുകയോ നീക്കം ചെയ്യുകയോ ചെയ്തിട്ടുണ്ട്.
2017 മുതൽ ഓരോ വർഷവും 1,000-ത്തിലധികം പെരുമ്പാമ്പുകളെയാണ് ഇത്തരത്തില്‍ ഇല്ലാതാക്കുന്നത്. എന്നാൽ ഇനിയും എത്ര പാമ്പുകള്‍ ഫ്ലോറിഡയിലെ കാട്ടില്‍ ഉണ്ടാകുമെന്ന് പറയാന്‍ പറ്റില്ലെന്ന് ഗവേഷകരും പറയുന്നു. തെക്കുകിഴക്കൻ ഏഷ്യയാണ് പെരുമ്പാമ്പുകളുടെ ജന്മദേശം.
എന്നാല്‍ 1970 മുതൽ ഫ്ലോറിഡയുടെ പരിസ്ഥിതിയില്‍ ഇവ ഭീകരമായ നാശം വിതക്കുകയാണെന്ന് ഗവേഷകര്‍ പറയുന്നു. ബര്‍മ്മയില്‍ നിന്ന് പെരുമ്പാമ്പുകള്‍ ഫ്ലോറിഡയിലെങ്ങനെ എത്തീയെന്നല്ലേ ? വന്യമൃഗങ്ങളെ വര്‍ത്തുമൃഗങ്ങളായി മാറ്റുന്നത് ലോകമെങ്ങും വലിയൊരു ബിസിനസ് സംരംഭമാണ്.
ഇത്തരത്തില്‍ വീട്ടില്‍ ഓമനയായി വളര്‍ത്താനായി വാങ്ങിക്കുന്ന വന്യമൃഗങ്ങളില്‍ പലതും വലുതാകുമ്പോള്‍ ഉടമസ്ഥന് ഭാരമാകുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉടമകള്‍ മൃഗങ്ങളെ വനങ്ങളിലേക്ക് രഹസ്യമായി തുറന്ന് വിടുന്നു. വനാന്തരങ്ങള്‍ ഇവ പെറ്റുപെരുകുന്നു.
ഇങ്ങനെ പെറ്റുപെരുകുന്ന ഇവ തദ്ദേശീയ വന്യമൃഗങ്ങളുടെ വംശനാശത്തിന് കാരണമാകുന്നെന്നും ഗവേഷകര്‍ പറയുന്നു. വെളുത്ത വാലുള്ള മാനുകളെ ബര്‍മ്മീസ് പെരുമ്പാമ്പുകള്‍ ഭക്ഷണമാക്കുമ്പോള്‍ വംശനാശ ഭീഷണി നേരിടുന്ന ഫ്ലോറിഡ പാന്തറിന്‍റെ ഇഷ്ടഭക്ഷണമാണ് ഇല്ലാതാകുന്നത്. ഇത് ഇവയുടെ വംശനാശത്തിന്‍റെ വേഗത കൂട്ടുന്നു.
ഇത്തരം പെരുമ്പാമ്പുകളെ കണ്ടെത്തുന്നത് ഏറെ വിഷമകരമാണെന്ന് ഗവേഷകര്‍ പറയുന്നു. കാരണം അവ എപ്പോഴും ഉള്‍കാടുകളില്‍, പ്രത്യേകിച്ചും ചതുപ്പുനിലങ്ങളിലാകും കഴിയുക. അതിനാല്‍ അവയെ കണ്ടെത്താനായി ആണ്‍ സ്കൗട്ട് പെരുമ്പാമ്പുകളെ ഉപയോഗിക്കുന്നു. ഫ്ലോറിഡയില്‍ 73 വ്യത്യസ്ത ഇനം പെരുമ്പാമ്പുകളുണ്ടെന്ന് കരുതുന്നു. 24 സസ്തനികളും 47 പക്ഷികളും രണ്ട് തരം പല്ലികളെയും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍, ബര്‍മ്മീസ് പെരുമ്പാമ്പുകള്‍ ഫ്ലോറിഡയുടെ തദ്ദേശീയ പാരിസ്ഥിതികാവസ്ഥയെ തകിടം മറിക്കുന്നു. നിലവില്‍ ഏതാണ്ട് 30,000 മുതൽ 3,00,000 വരെ പെരുമ്പാമ്പുകൾ ഫ്ലോറിഡയുടെ വനാന്തരങ്ങളിലുണ്ടെന്ന് ഗവേഷകര്‍ കരുതുന്നു. ഇവയെ കുറിച്ച് പഠിക്കാന്‍ അവയെന്ത് കഴിക്കുന്നുവെന്നും എത്ര മുട്ടകള്‍ വരെ ഉത്പാദിപ്പിക്കുമെന്നും അറിയേണ്ടത് ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു.