ഈ ചിത്രം പകർത്തിയത് ഒരു പെൺഫോട്ടോഗ്രാഫറാണ്, ഇന്ത്യയിലെ ആദ്യ വനിതാ ഫോട്ടോജേണലിസ്റ്റിനെ അറിയാം
സ്വതന്ത്ര ഇന്ത്യയുടെ ആദ്യകാല ചിത്രങ്ങളിൽ ചിലത് കാണുമ്പോൾ, അവ എടുത്തത് ഒരു സ്ത്രീയാണെന്ന കാര്യം നമ്മളിൽ പലർക്കും അറിയുന്നുണ്ടാകില്ല, അവരാണ് ഹോമൈ വ്യാരവല്ല. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഫോട്ടോ ജേണലിസ്റ്റ്. ഗുജറാത്തിലെ ഒരു പാർസി കുടുംബത്തിൽ ജനിച്ച ഹോമൈ കുട്ടിക്കാലത്തിന്റെ ഭൂരിഭാഗവും യാത്രയിലായിരുന്നു. അവരുടെ അച്ഛൻ ഒരു യാത്രാ നാടക സംഘത്തിലെ നടനായിരുന്നു. എന്നാൽ, പിന്നീട് കുടുംബം മുംബൈയിലേക്ക് താമസം മാറുകയും അവിടെ അവർ ജെജെ സ്കൂൾ ഓഫ് ആർട്ടിൽ ചേരുകയും ചെയ്തു. ഇന്ത്യയിലെ ആദ്യ വനിതാ ഫോട്ടോ ജേണലിസ്റ്റ് ഹോമൈയെ കുറിച്ച് അറിയാം. അവരുടെ പ്രശസ്തമായ ചിത്രങ്ങളും കാണാം.
ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ മനേശ വ്യാരവല്ലയെ കണ്ടുമുട്ടുമ്പോൾ, ഹോമൈ കോളേജിൽ പഠിക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ അവർ വിവാഹം ചെയ്തു. അദ്ദേഹമാണ് അവർക്ക് ഫോട്ടോഗ്രാഫിയുടെ ലോകം പരിചയപ്പെടുത്തി നൽകുന്നത്. ആ യാത്ര വെറുതെയായിരുന്നില്ല. അവർ ഫോട്ടോഗ്രാഫിയെ ജീവനെപ്പോലെ ചേർത്തുപിടിച്ചു. മികവുറ്റ പല ചിത്രങ്ങളും അവരുടെ ക്യാമറയിൽ പതിഞ്ഞു. ചരിത്രത്തിലെ പ്രധാന സംഭവങ്ങളിൽ പലതിനും അവരുടെ ക്യാമറക്കണ്ണുകൾ സാക്ഷിയായി.
കോളേജിൽ പഠിക്കുമ്പോൾ തന്നെ അവർക്ക് ആദ്യത്തെ ചിത്രമെടുക്കാൻ ഒരു അവസരം ലഭിച്ചു. ഒരു പിക്നിക് ഫോട്ടോ ആയിരുന്നു അത്. എന്നാൽ, അന്ന് മനോഹരങ്ങളായ ചിത്രങ്ങൾ അപൂർവമായതിനാലോ എന്തോ ഇത് ഒരു പ്രാദേശിക പത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. അതിലൂടെ തന്നെ ഹോമൈ ശ്രദ്ധിക്കപ്പെട്ടു. താമസിയാതെ കൂടുതൽ കൂടുതൽ ഫ്രീലാൻസ് ജോലികൾ ഹോമൈക്ക് ലഭിക്കാനും തുടങ്ങി. എന്നാൽ അതൊരു തുടക്കം മാത്രമായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ പല പ്രധാനസംഭവങ്ങളും പിന്നീടവർ പകർത്തുകയുണ്ടായി.
പിന്നീട് ബ്രിട്ടീഷ് ഇൻഫർമേഷൻ സർവീസിലെ ഫോട്ടോഗ്രാഫർമാരായി ഹോമൈക്കും ഭർത്താവിനും ജോലി ലഭിച്ചതിനെ തുടർന്ന് 1942 -ൽ അവരിരുവരും ദില്ലിയിലേക്ക് താമസം മാറുകയും ചെയ്തു. അങ്ങനെ, അക്കാലത്ത് ദില്ലിയിൽ ജോലി ചെയ്തിരുന്ന കുറച്ച് ഫോട്ടോ ജേണലിസ്റ്റുകളിലൊരാളായി മാറി ഹോമൈ.
വിഭജനത്തിനുശേഷം ബ്രിട്ടീഷ് രാജിൽ നിന്ന് ഒരു സ്വതന്ത്ര രാജ്യത്തേക്കുള്ള ഇന്ത്യയുടെ മാറ്റം പിടിച്ചെടുക്കാൻ തന്റെ ക്യാമറ അവർ ഉപയോഗിച്ചു. ഒരു ഫോട്ടോജേണലിസ്റ്റ് എന്ന നിലയിൽ, 1947 ഓഗസ്റ്റ് 15 -ന് ചെങ്കോട്ടയിൽ ഉയർത്തിയ ആദ്യത്തെ പതാക, അവസാനത്തെ വൈസ്രോയി പ്രഭു മൗണ്ട് ബാറ്റൺ, മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, ലാൽ ബഹദൂർ ശാസ്ത്രി എന്നിവരുടെ സംസ്കാര ചടങ്ങുകൾ പോലുള്ള അനേകം നിമിഷങ്ങൾ അവർ തന്റെ ക്യാമറയിൽ പകർത്തുകയും അവ അനശ്വരമാക്കുകയും ചെയ്തു.
പ്രമുഖ സ്വാതന്ത്ര്യ നേതാക്കളുടെ ഫോട്ടോയും അവർ എടുത്ത ചിത്രങ്ങളിൽ പെടുന്നു. മഹാത്മാഗാന്ധിയുടെ മരണം പകർത്താൻ തനിക്ക് കഴിയാതിരുന്നതാണ് ഏറ്റവും വലിയ ദുഃഖമെന്ന് ഒരു അഭിമുഖത്തിൽ അവർ പറയുകയുണ്ടായി. അന്നത്തെ പരിപാടിയിൽ പങ്കെടുക്കാൻ പോയ സമയത്ത് ഭർത്താവ് മറ്റ് എന്തോ ജോലിക്കായി അവരെ തിരികെ വിളിക്കുകയായിരുന്നു. അങ്ങനെ അവർ തിരികെ ചെല്ലുകയും ചെയ്തു.
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യ സന്ദർശിച്ച പ്രമുഖരുടേയും, വിശിഷ്ടാതിഥികളുടെയും ഫോട്ടോകളും അവർ എടുത്തിട്ടുണ്ട്. ചൈനയുടെ ആദ്യ പ്രധാനമന്ത്രി ഷൗ എൻലൈ, വിയറ്റ്നാമീസ് നേതാവ് ഹോ ചി മിൻ, എലിസബത്ത് രാജ്ഞി, യുഎസ് പ്രസിഡന്റ് ജോൺ എഫ് കെന്നഡി എന്നിവരെല്ലാം അതിൽ ഉൾപ്പെടുന്നു. ആ ചിത്രങ്ങളിൽ പലതും ചരിത്രത്തിന്റെ ഭാഗങ്ങളായിത്തീർന്നു.
നിരവധി പ്രശസ്തരുടെ ഫോട്ടോയെടുത്തിട്ടുണ്ടെങ്കിലും, നെഹ്‌റുവിന്റെ ചിത്രങ്ങൾ പകർത്താനാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്ന് അവർ പറയുകയുണ്ടായി. നെഹ്റുവിന്റെ ഏറെ പരിചിതമായ ഈ ചിത്രം പകർത്തിയതും ഇന്ത്യയുടെ ആദ്യത്തെ ഈ വനിതാ ഫോട്ടോ ജേണലിസ്റ്റ് തന്നെയാണ്. ഒരു ബ്രിട്ടീഷ് നയതന്ത്രജ്ഞന്റെ ഭാര്യയാണ് ചിത്രത്തിൽ.
ചരിത്രത്തിലെ അനേകമനേകം ചിത്രങ്ങൾ ഒപ്പിയെടുത്ത അവർ പക്ഷേ തന്റെ ഭർത്താവിന്റെ മരണശേഷം ജോലി ഉപേക്ഷിച്ചു. നാല് പതിറ്റാണ്ട് നീണ്ട കരിയറിന് ശേഷം 1970 -ൽ അവർ തന്റെ ചിത്രം പകർത്തലിന്റെ ലോകത്തുനിന്നും വിരമിച്ചു. അവരുടെ ചിത്രങ്ങൾ വരും തലമുറയ്ക്ക് ഒരു നാഴികക്കല്ലായി. അവ ചരിത്രമായി പുതുതലമുറകളോട് സംവദിച്ചു.
അന്നത്തെ കാലത്ത് ഒരു പെൺ ഫോട്ടോഗ്രാഫറുടെ ക്യാമറയിലൂടെ ഇത്തരം ചിത്രങ്ങൾ പകർത്തുകയെന്നത് തീർച്ചയായും വെല്ലുവിളി തന്നെയായിരുന്നു. എങ്കിലും കാലത്തോട് കിടപിടിക്കും തരത്തിലുള്ള ജീവസുറ്റ ചിത്രങ്ങൾ തന്നെയാണ് ആ പെൺഫോട്ടോഗ്രാഫറുടെ ക്യമറയിൽ പിറവി കൊണ്ടത്. 2011 -ൽ, ഇന്ത്യയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ അവാർഡായ പത്മവിഭൂഷൺ അവർക്ക് ലഭിച്ചു. 2012 -ൽ 98 -ാമത്തെ വയസ്സിലാണ് അവർ അന്തരിച്ചത്.