ആഭ്യന്തര യുദ്ധമോ വീണ്ടും പട്ടാള ഭരണമോ; പാക്കിസ്താനില്‍ എന്താണ് സംഭവിക്കുന്നത്?
പാക്കിസ്താനില്‍ എന്താണ് സംഭവിക്കുന്നത്? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവിടെനിന്നുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ആരും ചോദിക്കാവുന്ന ചോദ്യമാണിത്.
ആഭ്യന്തര യുദ്ധത്തിലേക്ക് പോവുകയാണ് പാക്കിസ്താന്‍ എന്നാണ് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. പട്ടാള ഭരണ സാദ്ധ്യത വീണ്ടും വരികയാണോ എന്നും പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
എന്നാല്‍, ഇതെല്ലാം ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് എന്നാണ് പാക്കിസ്താനിലെ ഔദ്യോഗിക മാധ്യമങ്ങള്‍ പറയുന്നത്.
ഇന്ത്യയാണ് പുതിയ സംഘര്‍ഷങ്ങളുടെ കേന്ദ്രമെന്നും ജിയോ ന്യൂസ് അടക്കമുള്ള മാധ്യമങ്ങളും ആരോപിക്കുന്നു.
പക്ഷേ, അത്ര ലളിതമല്ല കാര്യങ്ങള്‍ എന്നതാണ് വാസ്തവം. കറാച്ചി അടക്കമുള്ള മേഖലകള്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥയിലാണ്. എന്നാല്‍, പാക് മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്.
അവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യം, വിലക്കയറ്റം, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ എന്നിവ ജനജീവിതം ദുസ്സമാക്കിയിട്ടുണ്ട്. ഇംറാന്‍ ഖാന്റെ ഭരണത്തിനെതിരെ ജനവിരുദ്ധ വികാരം ശക്തമാണ്. ഈ അവസരം രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് പ്രതിപക്ഷം.
ഇംറാന്‍ ഖാന്‍ സര്‍ക്കാറിനെതിരെ വമ്പിച്ച പ്രതിപക്ഷ പ്രകടനങ്ങള്‍ അടുത്ത ദിവസങ്ങളിലും നടക്കാനിരിക്കയാണ്. തലസ്ഥാനമായ ഇസ്‌ലാമബാദ് അടക്കം സംഘര്‍ഷഭരിതമാവുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നത്.
പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളായപാക്കിസ്ഥാന്‍ മുസ്ലിം ലീഗ്-എന്‍ (പിഎംഎല്‍-എന്‍), പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) എന്നിവ ഉള്‍പ്പെടെ പതിനൊന്നു കക്ഷികളാണ് പാക്കിസ്ഥാന്‍ ജനാധിപത്യ പ്രസ്ഥാനം (പിഡിഎം) എന്ന പേരില്‍ ഇംറാന്‍ ഭരണകൂടത്തിന് എതിരായി സംയുക്ത പ്രക്ഷോഭം ആരംഭിച്ചത്.
മത പാര്‍ട്ടിയായ ജംഇയ്യത്തുല്‍ ഉലമായെ ഇസ്ലാം (എഫ്) തലവന്‍ മൗലാന ഫസലുര്‍ റഹമാനാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്.
നവാസ് ഷരീഫിന്റെ പിഎംഎല്‍-എന്‍, മുന്‍പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും മകന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയും നയിക്കുന്ന പിപിപി എന്നിവര്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത മാറിയതാണ് പുതിയ സഖ്യത്തെ അപകടകരമാക്കുന്നത്.
സര്‍ക്കാറിനെ പുറത്താക്കുന്നതിനുള്ള പ്രതിപക്ഷ പ്രക്ഷോഭം ഈ മാസം 16-ന് പഞ്ചാബ് പ്രവിശ്യയിലെ ഗുജ്‌റന്‍വാലയിലാണ് തുടക്കം കുറിച്ചത്. രണ്ടു ദിവസത്തിനുശേഷം കറാച്ചിയിലും സര്‍ക്കാറിന്റെ എതിര്‍പ്പുകളെല്ലാം മറികടന്ന് പതിനായിരങ്ങള്‍ പങ്കെടുത്ത വമ്പന്‍ സമ്മേളനം നടന്നു.
ചികില്‍സയ്ക്കായി ലണ്ടനിലേക്ക് പോയി മുങ്ങിയ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വീഡിയോ വഴി ഗുജ്‌റന്‍വാലയില്‍ നടത്തിയ പ്രസംഗം വിവാദമായിരുന്നു.
സുപ്രീം കോടതിവിധിയിലൂടെ 2017 ല്‍ ഭരണം നഷ്ടപ്പെട്ട നവാസ് ഷരീഫ് അഴിമതികേസുകളില്‍ ജയിലിലായിരുന്നു. അതിനിടയിലാണ്, ലാഹോര്‍ ഹൈക്കോടതിയുടെ അനുമതിയോടെ ഹൃദ്രോഗ ചികില്‍സയ്ക്കായി കഴിഞ്ഞ നവംബറില്‍ ഷരീഫ് നാലാഴ്ചത്തേക്കു ലണ്ടനിലേക്കു പോയത്.
എന്നാല്‍, പത്തുമാസം കഴിഞ്ഞിട്ടും ഷരീഫ് തിരിച്ചുവന്നില്ല. തുടര്‍ന്ന് ഷരീഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. സ്വത്തുക്കള്‍ കണ്ടുകെട്ടി.
സര്‍ക്കാറിനെ പോലും നിയന്ത്രിക്കുന്ന ശക്തികളായ സൈന്യത്തിനും ചാര സംഘടനയായ ഐ എസ് ഐയ്ക്കും എതിരെ ലണ്ടനില്‍നിന്നും വീഡിയോ സന്ദേശത്തിലൂടെ പൊട്ടിത്തെറിക്കുകയായിരുന്നു നവാസ് ഷെരീഫ്.
പട്ടാളത്തലവനായ ജനറല്‍ ഖമര്‍ ജാവേദ് ബാജ്‌വയെയും ഐഎസ്‌ഐ മേധാവി ലെഫ്. ജനറല്‍ ഫയിസ് ഹമീദിനെയും പേരെടുത്തു പറഞ്ഞ് നടത്തിയ പ്രസംഗം, രാജ്യം കുട്ടിച്ചോറാക്കിയതിനു കാരണം സൈന്യവും ഐ എസ് ഐയും ആണെന്നാണ് ആരോപിച്ചത്.
കഴിവുകെട്ട ഒരു പാവ ഗവണ്‍മെന്റിനെ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചതിന് ജനറല്‍ ബാജ്‌വയും ലെഫ്. ജനറല്‍ ഹമീദും ഉത്തരം പറയേണ്ടിവരുമെന്നായിരുന്നു നവാസ് ഷെരീഫ് പറഞ്ഞത്.
സൈനിക മേധാവിയെയും ചാരസംഘടനാ മേധാവിയെയും പരസ്യമായി വിമര്‍ശിക്കുക എന്നത് പാക്കിസ്താനില്‍ അസാധാരണമാണ്. അതിന്റെ ഞെട്ടലിലാണ് സൈന്യവും ഐ എസ് ഐയും സര്‍ക്കാറും
കറാച്ചി സമ്മേളനത്തിന് മുന്നോടിയായാണ് കഴിഞ്ഞ ദിവസം ആഭ്യന്തര യുദ്ധത്തിന് സമാനമായ സംഭവങ്ങള്‍ നടന്നത്. ഇവിടെ പൊലീസും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലും വെടിവെപ്പും നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
വെടിവയ്പ്പില്‍ 10 പൊലീസുകാര്‍ മരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
നവാസ് ഷരീഫിന്റെ മകളും പ്രതിപക്ഷ സഖ്യത്തിലെ മുന്‍നിര സംഘടനയായ പിഎംഎല്‍-എന്‍ വൈസ് പ്രസിഡന്റുമായ മറിയം ഷരീഫിന്റെ ഭര്‍ത്താവ് മുഹമ്മദ് സഫ്ദറിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് പുതിയ സംഭവങ്ങള്‍. കറാച്ചി റാലിയ്ക്ക് തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്.
മുഹമ്മദ് സഫ്ദറിനെ അറസ്റ്റ് ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവ് സിന്ധ് പൊലീസ് നടപ്പാക്കാത്തതിനെ തുടര്‍ന്ന് അര്‍ധ സൈനിക വിഭാഗമായ പാക്കിസ്ഥാന്‍ റേഞ്ചേഴ്സ് പ്രവിശ്യ പൊലീസ് മേധാവി മുഷ്താഖ് മെഹറിനെ തട്ടിക്കൊണ്ടുപോയി അറസ്റ്റ് ഉത്തരവില്‍ ഒപ്പിടുവിക്കുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് മേധാവിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അവധിയില്‍ പോയത് പ്രശ്നം സങ്കീര്‍ണ്ണമാക്കി.
സൈന്യം രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണം ഉയര്‍ന്നു. പൊലീസ് സര്‍ക്കാര്‍ വിരുദ്ധ നിലപാടിലേക്ക് മാറി.
തന്നെ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്ത പൊലീസ് മേധാവി നിഷേധിച്ചെങ്കിലും ഹൃദയവേദനയും അവജ്ഞയുമുണ്ടാക്കുന്ന ചില സംഭവങ്ങള്‍ നടന്നതായി സിന്ധ് പൊലീസ് ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി വ്യക്തമാക്കിയിരുന്നു.
അതിനിടെ, നവാസ് ഷരീഫിനെ വിട്ടുനല്‍കണമെന്ന് പാക്കിസ്താന്‍ ബ്രിട്ടനോട് തുടര്‍ച്ചയായി ആവശ്യപ്പെടുകയാണ്. എന്നാല്‍, ഇക്കാര്യത്തില്‍, തീരുമാനം ഉണ്ടായിട്ടില്ല.
ജയിലിലായ മുഹമ്മദ് സഫ്ദറിന് എല്ലാ സൗകര്യങ്ങളും നല്കാന് ഇന്ന് കോടതി ഉത്തരവിട്ടു. വീട്ടില്‍നിന്നുള്ള ഭക്ഷണവും മരുന്നും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കാനാണ് കോടതി വിധി.
സംയുക്ത പ്രതിഷേധം അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കം തുടരുമ്പോഴും കൂറ്റന്‍ റാലികള്‍ക്കുള്ള ഒരുക്കങ്ങളിലാണ് പ്രതിപക്ഷ നേതാക്കള്‍.
പെഷവാര്‍, മുല്‍ട്ടാന്‍, ലാഹോര്‍ എന്നീ നഗരങ്ങളിലും സര്‍ക്കാര്‍ വിരുദ്ധ റാലികള്‍ ഉടന്‍ നടക്കാനിരിക്കയാണ്.
ഇതിന്റെ തുടര്‍ച്ചയായി പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജനുവരിയില്‍ ഇസ്ലാമാബാദില് പാര്‍ലമെന്റ് മന്ദിരത്തിലേക്കു ലോങ് മാര്‍ച്ച് നടക്കും.
അവിശ്വാസ പ്രമേയം, പാര്‍ലമെന്റില്‍നിന്നും പ്രവിശ്യാ നിയമസഭകളില്നിന്നുമുള്ള കൂട്ടരാജി തുടങ്ങിയ പരിപാടികളും പ്രതിപക്ഷം മുന്നോട്ടുവെയ്ക്കുന്നുണ്ട്.
ജനുവരിക്കുള്ളില്‍ പാക്കിസ്താനിലെ അവസ്ഥ വീണ്ടും രൂക്ഷമാകാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.
അങ്ങനെയെങ്കില്‍, ആഭ്യന്തര കലാപവും പട്ടാള ഭരണവും അടക്കമുള്ള സാദ്ധ്യതകള്‍ അസ്ഥാനത്താവില്ല.