കടലിൽ ജീവൻ നിലനിർത്തിയത് മൂത്രവും ആമയുടെ ചോരയും കുടിച്ച്, അവിശ്വസനീയം ഈ അതിജീവനം...
ആളുകളില്ലാത്ത ഒറ്റപ്പെട്ട ദ്വീപുകളിലും കടലിലും വനങ്ങളിലും എല്ലാം കുടുങ്ങിപ്പോയ മനുഷ്യരെ കുറിച്ചുള്ള ഒരുപാട് കഥകള്‍ കേട്ടിട്ടുണ്ട്, സിനിമകള്‍ കണ്ടിട്ടുണ്ട്. 'കാസ്റ്റ് എവേ' (Cast Away) അങ്ങനെ ഒരു സിനിമ ആയിരുന്നു. വിമാനം തകർന്ന് ആരുമില്ലാത്ത ദ്വീപിലൊറ്റയ്ക്ക് അകപ്പെട്ടുപോയ ഒരാളുടെ അതിജീവനകഥ. എന്നാൽ, ആ സിനിമയെപ്പോലും വെല്ലുന്ന ജീവിതമായിരുന്നു ജോസ് സാല്‍വദോര്‍ ആല്‍വരിംഗ എന്ന യുവാവിന്റേത്. ദ്വീപിലല്ല, മറിച്ച് സമുദ്രത്തിലാണ് നീണ്ട 14 മാസം അയാൾ കുടുങ്ങിപ്പോയത്. അദ്ദേഹത്തിന്റെ അവിശ്വസനീയമായ അതിജീവന കഥ!
സാല്‍വദോറന്‍ മത്സ്യത്തൊഴിലാളിയാണ് ആല്‍വരിംഗ. മുപ്പത്തിയാറാമത്തെയോ മുപ്പത്തിയേഴാമത്തെയോ വയസില്‍ 2014 ജനുവരി 30 -നാണ് അയാള്‍ തിരികെ എത്തുന്നത്. അതുവരെയുള്ള 14 മാസങ്ങള്‍ അയാള്‍ പസഫിക് സമുദ്രത്തില്‍ ഒരു ബോട്ടില്‍ കരകാണാനാവാതെ അലഞ്ഞുതിരിയുകയായിരുന്നു. ആ യാത്ര 2012 നവംബര്‍ 17 -ന് തുടങ്ങിയതാണ്. കുഞ്ഞുകുഞ്ഞു പക്ഷികള്‍, പച്ചമീനുകള്‍, ആമകള്‍ എന്നിവയെയെല്ലാം കഴിച്ചാണ് അയാള്‍ തന്‍റെ ജീവന്‍ നിലനിര്‍ത്തിയത്.
ജനുവരി 30 -ന് എബോൺ അറ്റോളിന്റെ ഭാഗമായ ടൈൽ ഐസ്‌ലെറ്റ് എന്ന ചെറുദ്വീപിലെ കരയിലേക്ക് എങ്ങനെയോ ആല്‍വരിംഗ എത്തിപ്പെട്ടു. നാട്ടുകാരായ എമി ലിബോക്മെറ്റോയും റസ്സൽ ലെയ്കിഡ്രിക്കുമാണ് അദ്ദേഹത്തെ നഗ്നനായി കണ്ടെത്തുന്നത്. ഒരു കത്തിയും പിടിച്ച് സ്പാനിഷിൽ എന്തൊക്കെയോ അലറിവിളിച്ചു കൊണ്ടിരിക്കുകയായിരുന്നു ആല്‍വരിംഗ അപ്പോള്‍. ഏതായാലും, ഫെബ്രുവരി 10 -ന് എൽ സാൽവദോറിലെ കുടുംബവീട്ടിലേക്ക് പറക്കുന്നതിനുമുമ്പ് മജുറോയിലെ ഒരു ആശുപത്രിയിൽ അദ്ദേഹത്തിന് ചികിത്സ ഉറപ്പാക്കിയിരുന്നു. എങ്ങനെയാണ് അദ്ദേഹത്തെ കാണാതെയാവുന്നത്? എങ്ങനെയാണ് അദ്ദേഹം കടലില്‍ അകപ്പെട്ടു പോകുന്നത്. നീണ്ട ഒരു വര്‍ഷക്കാലം എങ്ങനെയാണ് ജീവന്‍ നിലനിര്‍ത്തിയത്? ഒടുവില്‍ രക്ഷപ്പെട്ടതെങ്ങനെയാണ്?
സാല്‍വദോറിലാണ് ആല്‍വരിംഗ ജനിച്ചതും വളര്‍ന്നതുമെല്ലാം. 2002 -ൽ എൽ സാൽവദോറിൽ നിന്ന് മെക്സിക്കോയിലേക്ക് പോയ അദ്ദേഹം അവിടെ ഒരു മത്സ്യത്തൊഴിലാളിയായി നാലുവർഷം ജോലി ചെയ്തു. ഒരു കാലം വില്ലെർമിനോ റോഡ്രിഗസിന് വേണ്ടി ജോലി ചെയ്തു. എട്ട് വര്‍ഷമായി കുടുംബവുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല.
2012 നവംബർ 17 -ന് മെക്സിക്കോയിലെ ചിയാപാസ് തീരത്ത് പിജിജിയാപാനടുത്തുള്ള കോസ്റ്റാ അസുൽ എന്ന മത്സ്യബന്ധന ഗ്രാമത്തിൽ നിന്ന് ആല്‍വരിംഗ കടലിലേക്ക് മത്സ്യബന്ധനത്തിനായി പുറപ്പെട്ടു. 23 വയസുള്ള എസെക്വീല്‍ കോർഡോബ എന്ന് പേരായ ഒരു സഹപ്രവർത്തകനോടൊപ്പമാണ് അദ്ദേഹം ഇറങ്ങിയത്. പരിചയസമ്പന്നനായ മത്സ്യത്തൊഴിലാളിയായ ആല്‍വരിംഗ 30 മണിക്കൂർ നേരത്തെ ആഴക്കടൽ മത്സ്യബന്ധനമാണ് മനസില്‍ കണ്ടിരുന്നത്. ഈ സമയത്ത് സ്രാവുകൾ, മാലിൻ, ഓലപുടവൻ എന്നിവയെ പിടിക്കാമെന്നാണ് അദ്ദേഹം പ്രതീക്ഷിത്. എന്നാൽ, സാധാരണയായി അദ്ദേഹത്തിനൊപ്പം മീന്‍പിടിക്കാന്‍ എത്താറുള്ളയാള്‍ക്ക് അന്നദ്ദേഹത്തോടൊപ്പം ചേരാനായിരുന്നില്ല. അങ്ങനെ വലിയ അനുഭവസമ്പത്തൊന്നുമില്ലാത്ത കോർഡോബയുമായി പോകാന്‍ ആല്‍വരിംഗ തീരുമാനിച്ചു. അയാളെ അദ്ദേഹത്തിന് നേരത്തെ വലിയ പരിചയമോ ഒന്നും ഇല്ലായിരുന്നു.
എന്നാല്‍, ആ സമയത്ത് കടലിൽ കൊടങ്കാറ്റുണ്ടായി. അത് നീണ്ടുനിന്നത് അഞ്ച് ദിവസമാണ്. ആ കാറ്റില്‍ അവരുടെ ബോട്ടിലെ മോട്ടോര്‍ അടക്കം പലതും തകരാറിലായി. 500 കിലോഗ്രാം മത്സ്യങ്ങളെ അവർ പിടികൂടിയിരുന്നു, മോശം കാലാവസ്ഥയിൽ ബോട്ട് കൈകാര്യം ചെയ്യാനായി അതിനെ ഉപേക്ഷിക്കാന്‍ അവര്‍ ഇരുവരും നിർബന്ധിതരായി. റേഡിയോയുടെ ബാറ്ററിയുടെ ചാർജ്ജ് തീരുന്നതിന് മുമ്പ് ആല്‍വരിംഗ തന്‍റെ ബോസിനെ വിളിച്ച് സഹായം അഭ്യർത്ഥിച്ചു. കപ്പലുകളോ, നങ്കൂരമോ, ലൈറ്റുകളോ, കരയുമായി ബന്ധപ്പെടാൻ മറ്റ് വഴികളോ ഇല്ലാത്തതിനാൽ, ബോട്ട് തുറന്ന സമുദ്രത്തിലൂടെ സഞ്ചരിക്കാൻ തുടങ്ങി. കൊടുങ്കാറ്റിൽ മത്സ്യബന്ധന ഉപകരണങ്ങളുടെ ഭൂരിഭാഗവും നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തു. ഒടുവില്‍, ആല്‍വരിംഗയും കോര്‍ഡോബയും വിരലിലെണ്ണാവുന്ന അടിസ്ഥാന സാധനങ്ങളും ഭക്ഷണവും മാത്രം കപ്പലിൽ അവശേഷിച്ചു.
ആല്‍വരിംഗയുടെ ബോസ് തെരച്ചില്‍ ആരംഭിച്ചു. എന്നാല്‍, രണ്ട് ദിവസത്തെ തെരച്ചിലിനൊടുവില്‍ പ്രതീക്ഷ നഷ്‍ടപ്പെട്ട ബോസും സംഘവും തെരച്ചില്‍ അവസാനിപ്പിച്ചു. ദിവസങ്ങള്‍ ആഴ്ചകളായി... എന്തെല്ലാം കിട്ടുന്നുവോ അതില്‍ നിന്നെല്ലാം ഭക്ഷണം കണ്ടെത്താന്‍ ആല്‍വരിംഗയും കോര്‍ഡോബയും ശ്രമിച്ചു. അവർ മീന്‍, ജെല്ലിഫിഷ്, ആമ ഇവയെ എല്ലാം പിടികൂടി, തന്‍റെ നഗ്നമായ കൈകള്‍ കൊണ്ട് കടല്‍പ്പക്ഷികളെയും. മഴപെയ്യുമ്പോള്‍ ആ വെള്ളമാണ് ഇരുവരും കുടിക്കാന്‍ എടുത്തിരുന്നത്. എന്നാല്‍, മിക്കവാറും നേരങ്ങളില്‍ അത് ലഭ്യമായിരുന്നില്ല. അങ്ങനെ മിക്കനേരങ്ങളിലും കടലാമകളുടെ ചോരയും തങ്ങളുടെ മൂത്രവും കുടിച്ച് ഇരുവർക്കും ജീവന്‍ നിലനിര്‍ത്തേണ്ടി വന്നു.
എന്നാല്‍, ഏറെക്കുറെ നാല് മാസമായപ്പോഴേക്കും കോര്‍ഡോബയ്ക്ക് എല്ലാ പ്രതീക്ഷയും നഷ്‍ടപ്പെട്ടു. പച്ചഭക്ഷണം കഴിച്ച് കഴിച്ച് അദ്ദേഹത്തിന് അസുഖവും ബാധിച്ചു. പിന്നാലെ ഭക്ഷണമെന്തെങ്കിലും കഴിക്കാന്‍ വിസമ്മതിക്കുകയും പട്ടിണി കിടന്ന് മരിക്കുകയും ചെയ്‍തു. അതോടെ, ആല്‍വരിംഗയ്ക്ക് ആകെ നിരാശ ബാധിച്ചു. കുറച്ച് ദിവസത്തേക്ക് ആത്മഹത്യ ചെയ്യണം എന്ന ചിന്ത അയാളെ ഭരിച്ചു. എന്നാല്‍, ആല്‍വരിംഗ ഒരു കടുത്ത ക്രിസ്‍തീയ മതവിശ്വാസി ആയിരുന്നു. ആത്മഹത്യ പാപമായി കണക്കാക്കിയിരുന്നതിനാല്‍ മാത്രം അദ്ദേഹം ആ വഴി തെരഞ്ഞെടുത്തില്ല.
താന്‍ മരിക്കുകയാണെങ്കില്‍ തന്‍റെ ശരീരം തിന്നില്ല എന്ന് സത്യം ചെയ്യിച്ചിരുന്നു കോര്‍ഡോബ ആല്‍വരിംഗയെക്കൊണ്ട്. അതിനാല്‍, ആ ശവശരീരം ബോട്ടില്‍ തന്നെ സൂക്ഷിച്ചു അദ്ദേഹം. അതിനോട് സംസാരിച്ചുപോലും തുടങ്ങി. എന്നാല്‍, കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തനിക്ക് ഭ്രാന്ത് പിടിക്കുന്നു എന്ന് മനസിലായ ആല്‍വരിംഗ ആ മൃതദേഹം കടലില്‍ എറിഞ്ഞു കളഞ്ഞു. ആ സമയങ്ങളിൽ താന്‍ തന്‍റെ പ്രിയപ്പെട്ട ഭക്ഷണങ്ങളും വീട്ടുകാരെയും ആവര്‍ത്തിച്ചു സ്വപ്‍നം കണ്ടിരുന്നു എന്നും അദ്ദേഹം പിന്നീട് പറയുകയുണ്ടായി.
ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോൾ ചില കണ്ടെയ്നർ കപ്പലുകൾ കണ്ടതായി ആല്‍വരിംഗ അവകാശപ്പെട്ടു. പക്ഷേ, സഹായാഭ്യർത്ഥന അവരുടെ ശ്രദ്ധയിലെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ചന്ദ്രനെ നിരീക്ഷിച്ചാണ് അദ്ദേഹം സമയം കണക്കാക്കിയിരുന്നത്. തന്റെ പതിനഞ്ചാമത്തെ ലൂണാര്‍ സൈക്കിള്‍ കണക്കാക്കിയതിനുശേഷം അദ്ദേഹത്തിന് ഒടുവിൽ കര കണ്ടെത്താനായി. മാർഷൽ ദ്വീപുകളുടെ വിദൂരകോണായിരുന്ന ഒരു ചെറിയ, വിജനമായ ദ്വീപ്... 2014 ജനുവരി 30 -ന് അദ്ദേഹം തന്റെ ബോട്ട് ഉപേക്ഷിച്ച് കരയിലേക്ക് നീന്തി, അവിടെത്തന്നെ ഉള്ള ദമ്പതികളുടെ ഉടമസ്ഥതയിലുള്ള ഒരു ബീച്ച് ഹൗസിൽ എത്തി. അപ്പോഴേക്കും ആ യാത്ര തുടങ്ങിയിട്ട് 438 ദിവസം ആയിരുന്നു.
പിന്നീട് പൊലീസ് എത്തുകയും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‍തു. അപ്പോഴേക്കും തന്നെ ആല്‍വരിംഗയുടെ ആരോഗ്യം അങ്ങേയറ്റം മോശമായിരുന്നു എന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ തന്നെ പറയുകയുണ്ടായി. നിര്‍ജ്ജലീകരണം അദ്ദേഹത്തെ തളര്‍ത്തിയിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്ന് മുതല്‍ തന്നെ ഐവി ഡ്രിപ് നല്‍കിത്തുടങ്ങി. അയാളെ വിറക്കുകയും നടക്കാന്‍ പറ്റാതാവുകയും ചെയ്‍തിരുന്നു.
കുറേ വര്‍ഷങ്ങളായി ആല്‍വരിംഗ തന്‍റെ കുടുംബവുമായി ഒരു ബന്ധവും സൂക്ഷിച്ചിരുന്നില്ല. കാണാതായതിനെ തുടര്‍ന്ന് അദ്ദേഹം മരിച്ചുവെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. അതിനാല്‍ തന്നെ അദ്ദേഹം തിരികെ വന്നതില്‍ അവര്‍ക്ക് അങ്ങേയറ്റം സന്തോഷമായി. മകള്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു.
എങ്കിലും ഇത്രയും നീണ്ട കാലം ആർക്കെങ്കിലും ഇങ്ങനെ ജീവൻ നിലനിർത്താനാവുമോ എന്ന സംശയം അന്ന് ഒരുപാടുപേർ പ്രകടിപ്പിച്ചു. അതിനെച്ചൊല്ലി ഒരുപാട് പഠനങ്ങളും നടക്കുകയുണ്ടായി. എന്നാൽ, എല്ലാ തെളിവുകളും ആൽവരിംഗ പറഞ്ഞത് സത്യാമായിരുന്നു എന്നതിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു. അദ്ദേഹത്തോട് സംസാരിച്ച ശേഷം ആ കഥ പിന്നീട് പുസ്‍തകരൂപത്തിൽ ഇറങ്ങുകയുമുണ്ടായി.
അതിനിടെ തങ്ങളുടെ മകന്റെ ശവശരീരം വിശന്നപ്പോൾ ആല്‍വരിംഗ തിന്നുവെന്നും പറഞ്ഞ് കോർഡോബയുടെ വീട്ടുകാർ കേസ് കൊടുത്തുവെങ്കിലും അദ്ദേഹവും വക്കീലും അത് നിഷേധിച്ചു. കോർഡോബയുടെ അമ്മ വിതുമ്പലോടെ ആൽവരിംഗയെ ആശ്ലേഷിക്കുന്ന ചിത്രവും അന്ന് പകർത്തപ്പെടുകയുണ്ടായി. ഏതായാലും, അന്ന് ആൽവരിംഗയുടെ അതിജീവനകഥ വലിയ വാർത്ത തന്നെയായിരുന്നു.
(ചിത്രങ്ങളിൽ കരയിലെത്തിയ ശേഷം ജോസ് സാല്‍വദോര്‍ ആല്‍വരിംഗ. കടപ്പാട്: ഗെറ്റി ഇമേജസ്)