കാത്സ്യം, യൂറിക് ആസിഡ് തുടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരവുമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്.

കിഡ്‌നി സ്‌റ്റോൺ അഥവാ വൃക്കയില്‍ കല്ല് വളരെ സാധാരണയായി കണ്ടുവരുന്ന ഒരു രോ​ഗമാണ്. എന്നാല്‍ ഒട്ടും നിസാരമായി കാണേണ്ട രോഗവുമല്ലിത്. 27 ശതമാനം വൃക്കകളുടെ പ്രവർത്തനം തകരാറിലായ 60 വയസ്സുള്ള രോഗിയിൽ നിന്ന് ഡോക്ടര്‍മാര്‍ നീക്കിയത് 418 കിഡ്‌നി സ്‌റ്റോണുകളാണ്. ബുധനാഴ്ച ഹൈദരാബാദിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നെഫ്രോളജി ആൻഡ് യൂറോളജിയിലെ യൂറോളജിസ്റ്റുകളുടെ സംഘം ആണ് ശസ്ത്രക്രിയയിലൂടെ വൃക്ക കല്ലുകൾ നീക്കം ചെയ്തത്.

രണ്ട് മണിക്കൂറിലധികം നീണ്ടതായിരുന്നു ശസ്ത്രക്രിയ. നൂതന ഇമേജിംഗ് സാങ്കേതികവിദ്യയും അത്യാധുനിക ഉപകരണങ്ങളും വൃക്കകളുടെ പ്രവർത്തനത്തിന്‍റെ സൂക്ഷ്മമായ സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിനൊപ്പം കല്ലുകളെ നീക്കം ചെയ്യാനും ഡോക്ടര്‍മാരെ സഹായിച്ചു. വൃക്കയിലെ ചെറിയ താക്കോലുകളിലൂടെയാണ് 418 കിഡ്‌നി കല്ലുകളും വിജയകരമായി നീക്കം ചെയ്തത്. ഡോ കെ പൂർണ ചന്ദ്ര റെഡ്ഡി, ഡോ ഗോപാൽ ആർ തക്, ഡോ ദിനേശ് എം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

കാത്സ്യം, യൂറിക് ആസിഡ് തുടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരവുമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. പുറകില്‍‌ വാരിയെല്ലുകള്‍ക്ക് താഴെ വൃക്കകള്‍ സ്ഥിതി ചെയ്യുന്ന ഇടത്ത് തോന്നുന്ന അതിശക്തമായതും കുത്തിക്കൊള്ളുന്നതുമായ വേദനയാണ് വൃക്കയിലെ കല്ലിന്‍റെ ഒരു പ്രധാന ലക്ഷണമാണ്. അടിക്കടിയുള്ള മൂത്രമൊഴിക്കലും മൂത്രമൊഴിക്കുമ്പോൾ തോന്നുന്ന വേദനയും 
മൂത്രത്തിൽ രക്തം കാണുന്നതും കിഡ്നി സ്റ്റോണിന്‍റെ സൂചനയാകാം. മൂത്രത്തിന്‍റെ നിറം മാറ്റം, അതായത് മൂത്രം ചുവപ്പ്, പിങ്ക് അല്ലെങ്കിൽ തവിട്ട് നിറത്തിലാകാം കാണപ്പെടുക, മൂത്രത്തിൽ ദുർഗന്ധം വമിക്കുക, കാലുകളിൽ വീക്കം, നിൽക്കാനോ ഇരിക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയും ലക്ഷണങ്ങളാണ്. ഓക്കാനം, ഛർദ്ദി എന്നിവ ഉണ്ടാകുന്നതും വൃക്കയിലെ കല്ലിന്‍റെ സൂചനയാകാം. കടുത്ത പനിയും ക്ഷീണവും ചിലരില്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: ഈ വിറ്റാമിൻ അമിതമായി കഴിക്കുന്നത് ഹൃദ്രോഗത്തിന് കാരണമാകുമെന്ന് പഠനം

youtubevideo