കൊവിഡ് കാലം ആയതുകൊണ്ട് ഇപ്പോള്‍ ആളുകള്‍ ടെലിഫോണിലും ഓണ്‍ലൈന്‍ ആയുമൊക്കെ മന:ശാസ്ത്ര ചികിത്സ തേടുന്ന ഒരു സമയമാണല്ലോ ഇത്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സ ആവശ്യമില്ലാത്ത മാനസിക പ്രശ്നങ്ങള്‍ക്ക് ടെലി-സൈക്കോളജി സംവിധാനം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയും. ഏകദേശം 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ സമയം വരെയാണ് ഒരു തവണ മന:ശാസ്ത്ര ചികിത്സയ്ക്ക് ആവശ്യമായി വരിക. 

ഓരോ പ്രശ്നങ്ങളുടെയും സങ്കീര്‍ണ്ണത അനുസരിച്ചാവും എത്ര ദിവസം ചികിത്സ നീണ്ടു നില്‍ക്കും എന്നു പറയാന്‍ കഴിയുക. മുന്‍കൂട്ടി അപ്പോയിന്‍മെന്‍റ് എടുത്തശേഷം മാത്രം വിളിക്കുക. ആ സമയം മറ്റു തിരക്കുകള്‍ എല്ലാം മാറ്റിവെച്ച് വിശദമായി പ്രശ്നങ്ങള്‍ എന്താണെന്ന് പറയാനും കൃത്യമായി രോഗ വിവരങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും മനസ്സിലാക്കിയെടുക്കാനും ശ്രമിക്കുക. 

നേരിട്ട് ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ സമീപിക്കുന്നതുപോലെ തന്നെയായിരിക്കും ചികിത്സാ രീതികള്‍. മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുന്നവരോടുള്ള നമ്മുടെ സമൂഹത്തിന്‍റെ മനോഭാവത്തില്‍ ഇനിയും മാറ്റം വരേണ്ടതായുണ്ട്. 

കൊവിഡിനൊടൊപ്പം വന്നു ചേര്‍ന്നിരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങള്‍, ജോലി നഷ്ടപ്പെടുന്ന അവസ്ഥ, വീട്ടില്‍ നിന്നും അകന്നു നില്‍ക്കേണ്ടി വരിക, കുടുംബപ്രശ്നങ്ങള്‍, കുട്ടികളുടെ ഉത്തരവാദിത്വവും ജോലിയും ഒരുമിച്ച് കൊണ്ടു പോകേണ്ട സാഹചര്യം ഉണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദം, ആത്മഹത്യാ പ്രവണത എന്നിങ്ങനെ നിരവധി പ്രശ്നങ്ങള്‍ ഈ സമയം മാനസിക സമ്മര്‍ദ്ദം കൂടാന്‍ കാരണമാകുന്നുണ്ട്.

മാനസിക പ്രശ്നങ്ങള്‍ക്ക്‌ ചികിത്സ തേടാന്‍ മടിക്കാതെ ഇരിക്കുക...

കഴിഞ്ഞ ദിവസം ഒരു ടെലി സൈക്കോളജി സെഷനിടയില്‍ തുടരെ തുടരെ മറ്റൊരു കോള്‍ വന്നുകൊണ്ടിരുന്നു. തുടര്‍ച്ചയായി വിളിച്ചുകൊണ്ടിരുന്നപ്പോള്‍ ആ കോള്‍ അറ്റന്‍ഡ് ചെയ്ത് പ്രശ്ന പരിഹാരത്തിന് വേണ്ടി വിളിക്കുകയാണ്‌ എങ്കില്‍ ഒരു മണിക്കൂറിനുശേഷം വിളിക്കൂ എന്നു പറഞ്ഞപ്പോള്‍ ആ സ്ത്രീയ്ക്ക് വല്ലാതെ ദേഷ്യം വന്നു.

 “എനിക്ക് പ്രശ്നപരിഹാരം ഒന്നും വേണ്ട. എനിക്ക് ചില സങ്കടങ്ങള്‍ പറയാനുണ്ട്. അതൊന്നും ഒരിക്കലും തീരുന്ന പ്രശ്നമല്ല. എനിക്ക് ഇപ്പോള്‍ ആരോടെങ്കിലും അതൊന്നു പറയണം, എനിക്ക് ഇപ്പോള്‍ അത്ര മാത്രം മതി. എനിക്ക് നിങ്ങളുടെ പ്രശന്പരിഹരവും ചികിത്സയും ഒന്നും വേണ്ട”. 

ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ വിളിച്ചതിന് ശേഷം എനിക്കു പ്രശ്നപരിഹാരം വേണ്ട, എനിക്ക് ചികിത്സ വേണ്ട എന്നൊക്കെ പറയുന്നത് വളരെ രസകരമായ ഒരു കാര്യമാണ് എന്നു തോന്നിയാലും, ആ സ്ത്രീ വലിയ മാനസിക പ്രശ്നങ്ങളിലൂടെ കടന്നുപോകുകയാണ് എന്നത് ഉറപ്പാണ്‌. ഒരിക്കലും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല, ഇതെല്ലാം അനുഭവിക്കാന്‍ താന്‍ വിധിക്കപ്പെട്ടവളാണ് എന്ന ഒരു ചിന്തയാണ് അവര്‍ക്ക്. 

പിന്നെ മറ്റാരോടൊക്കെയോ അല്ലെങ്കില്‍ അവരുടെ ഇപ്പോഴത്തെ സാഹചര്യങ്ങളോടോ ഒക്കെയുള്ള ദേഷ്യം ആ ഫോണില്‍ സംസാരിച്ച വ്യക്തിയോട് അവര്‍ പ്രകടിപ്പിച്ചു എന്നേയുള്ളൂ. 'Diplacement' എന്ന അവസ്ഥ. ‘അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്’- എന്നൊരു ചൊല്ലുണ്ടല്ലോ. മാനസിക സമ്മര്‍ദ്ദം വലിയ അളവില്‍ ഉയരുമ്പോള്‍ ദേഷ്യം ആരോടാണോ ഉള്ളത് അവരോട് പ്രകടമാക്കാതെ തിരിച്ചു പ്രതികരിക്കില്ല എന്നുറപ്പുള്ള ആളുകളോട് അതു കാണിക്കുന്ന രീതി പല ആളുകളിലും കാണാം. 

ഇത്തരം രീതികള്‍ പരിഹരിക്കപ്പെടാതെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രമിക്കാതെ എല്ലാം എന്‍റെ വിധിയാണ് എനിക്ക് പ്രശ്ന പരിഹാരം വേണ്ട എന്ന് പറയുന്നത് ശരിയായ ഒരു രീതിയല്ല. അതു തുടരുന്നത് ഒരു വ്യക്തിയുടെ സാമൂഹിക ബന്ധങ്ങളെയും കുടുംബ ബന്ധത്തെയും ഒക്കെ തകര്‍ച്ചയില്‍ എത്തിക്കുന്ന അവസ്ഥ സൃഷ്ടിക്കും. 

ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെടുന്ന അവസ്ഥ മനസ്സിനെ വിഷാദ അവസ്ഥയിലേക്ക് കൊണ്ടെത്തിക്കും.
മന:ശാസ്ത്ര ചിത്സയെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍ സൈക്കോളജിസ്റ്റിനെ കാണുക എന്നാല്‍ വെറുതെ സംസാരിച്ചിരിക്കുക എന്ന തോന്നല്‍ പൊതുസമൂഹത്തിന് ഉണ്ടാവാന്‍ കാരണം നമ്മുടെ നാട്ടിലെ ചില വ്യാജ മന:ശാസ്ത്ര ചികിത്സകരാണ്. 

മന:ശാസ്ത്രത്തില്‍ 'Cognitive Behaviour Therapy', 'Rational Emotive Behaviour Therapy', 'Humanistic Psychotherapy' എന്നിങ്ങനെ വളരെ ഫലപ്രദമായ സൈക്കോതെറാപ്പികള്‍ നിരവധിയുണ്ട്. മന:ശാസ്ത്ര ചികിത്സയില്‍ പരിശീലനം നേടാത്ത ഏതൊരാള്‍ക്കും സാധ്യമാകുന്ന ഒന്നാണ് ചികിത്സ എങ്കില്‍ നൂറ് ശതമാനം മാനസികാരോഗ്യമുള്ള സമൂഹമായി മാറാന്‍ നമുക്ക് കഴിഞ്ഞേനെ.

ശാരീരിക രോഗങ്ങള്‍ക്ക് കിട്ടേണ്ട അതേ പ്രാധാന്യം മാനസിക പ്രശ്നങ്ങള്‍ക്കും ലഭിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വിഷാദമോ, മറ്റു മാനസിക പ്രശ്നങ്ങളോ നേരിടുന്ന ആളുകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ശാരീരിക രോഗം ബാധിച്ച ആളുകള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കാള്‍ കുറച്ച് കാണാന്‍ കഴിയില്ല. ആത്മഹത്യ പോലെയുള്ള തീരുമാനങ്ങളിലേക്ക് ആളുകള്‍ പോകുന്നത് അവരുടെ മനസിന്‍റെ വേദന അവര്‍ക്ക് സഹിക്കാവുന്ന പരിധി വിട്ടു പോകുമ്പോഴാണ്. 

വ്യാജ മന:ശാസ്ത്ര ചികിത്സകരുടെ കെണിയില്‍ പെടാതെ സൂക്ഷിക്കുക...‌
 
പല വ്യാജ സൈക്കോളജി കോഴ്സുകളുടെയും പരസ്യങ്ങള്‍ കൊവിഡ് കാലത്ത് സമൂഹ മാധ്യമങ്ങളിലും മറ്റും അധികമായി കണ്ടു വരുന്നുണ്ട്. രണ്ടു ദിവസംകൊണ്ടും ഒരാഴ്ച കൊണ്ടു സൈക്കോളജി പഠിച്ചു തീര്‍ക്കാം എന്ന വമ്പന്‍ വാഗ്ദാനങ്ങളുമായാണ് ഇവര്‍ വരുന്നത്. എന്നാല്‍  ഇപ്പോള്‍ ആളുകളില്‍ മാനസിക പ്രശ്നങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഇത്തരം വ്യാജ കോഴ്സുകളും വ്യാജ ചികിത്സകരും കൂടിവരാനുള്ള സാധ്യത വളരെ അധികമാണ്. 

ചികിത്സ തേടി വരുന്ന ആളുകളുടെ പ്രശ്നങ്ങള്‍ വെറുതെ കേട്ടതിനു ശേഷം “എല്ലാം മാറും മോളെ, നീ സമാധാനിക്ക്” എന്നു പറയുന്നതല്ല മന:ശാസ്ത്ര ചികിത്സ. യോഗ്യരായ മന:ശാസ്ത്രജ്ഞര്‍ എന്നാല്‍ എന്താണെന്ന് പലര്‍ക്കും സംശയം ഉണ്ടാവും. മൂന്നു വര്‍ഷം സൈക്കോളജി ബിരുദവും, രണ്ടുവര്‍ഷം സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും, അതിനുശേഷം എം.ഫില്‍. ബുദ്ധി പരിശോധന, പഠന വൈകല്യ പരിശോധന, മറ്റു മന:ശാസ്ത്ര പരിശോധനകള്‍ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ക്കായി റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (RCI) അംഗീകാരം നേടിയ M.Phil ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളെ സമീപിക്കുക. 

പല മാനസിക പ്രശ്നങ്ങളും ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല. വിശദമായ സൈക്കോളജിക്കല്‍ പരിശോധനകള്‍ക്കും മാനസികാരോഗ്യ പ്രവര്‍ത്തകര്‍ എല്ലാവരും ചേര്‍ന്നു നടത്തുന്ന വളരെ നേരത്തെ ചര്‍ച്ചകള്‍ക്കും ഒടുവില്‍ മാത്രമായിരിക്കും രോഗനിര്‍ണ്ണയം നടത്താനും ചികിത്സ നല്‍കാനും സാധ്യമാവുക. മനുഷ്യ മനസ്സ് അത്രത്തോളം സങ്കീര്‍ണ്ണമാണ് എന്നിരിക്കെ ഒരാഴ്ച മാത്രം നീണ്ടു നില്‍ക്കുന്ന കോഴ്സുകള്‍ പഠിച്ചു സൈക്കോളജിസ്റ്റ് ആക്കാം എന്നു വാഗ്ദാനം നല്‍കുന്നവരെ സൂക്ഷിക്കുക.

കേരള സംസ്ഥാന മാനസികാരോഗ്യ അതോറിറ്റിയും ദേശിയ ആരോഗ്യ മിഷനും നടത്തിയ ഒരു സർവ്വേ തെളിയിക്കുന്നത് കേരളത്തിൽ എട്ടു പേരിൽ ഒരാൾക്ക് ചികിത്സ ആവശ്യമായ മാനസിക പ്രശ്നം ഉണ്ടെന്നാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ കാണിക്കുന്നത് ഓരോ 40 നിമിഷത്തിലും ആത്മഹത്യകള്‍ നടക്കുന്നു എന്നാണ്. 

ഇന്ത്യയില്‍ പത്തില്‍ ഒന്‍പതാളുകള്‍ ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നു. ഇതു കൊവിഡിന് മുന്‍പുള്ള കണക്കുകളാണ്. മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത സൈക്കോളജിസ്റ്റ് എന്നവകാശപ്പെട്ടു ചികിത്സ വാഗ്ദാനം ചെയ്യുന്ന വ്യാജ ചികിത്സകരെ ഒരുപാടാളുകള്‍ സമീപിക്കുന്നു എന്നതിനാലാണ് പലപ്പോഴും മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കപെടാതെ പോകുന്നത്.

മാനസിക പ്രശ്നങ്ങള്‍ കൂടാന്‍ സാധ്യതയുള്ള ഈ കൊവിഡ് കാലത്ത് ആരെയും അറിയിക്കാതെ മനസ്സില്‍ സങ്കടങ്ങള്‍ മൂടി വയ്ക്കുന്ന പ്രവണത ദോഷം ചെയ്യും. ചികിത്സ തേടുന്ന വിവരം മറ്റുള്ളവര്‍ അറിയുമോ എന്ന ഭയത്തിലും വലുതാണ് ഓരോ ജീവനും എന്നു മനസ്സിലാക്കി മാനസികാരോഗ്യം നിലനിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ തേടാന്‍ മടികാണിക്കാതെ ഇരിക്കുക.

കുട്ടികള്‍ക്ക് 'എന്തെങ്കിലും' കഴിക്കാന്‍ കൊടുക്കല്ലേ; ഇതാ അറിയേണ്ട അഞ്ച് കാര്യങ്ങള്‍...

എഴുതിയത്:

പ്രിയ വര്‍ഗീസ് (M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
Telephone consultation only
For enquiries call: 8281933323