Asianet News MalayalamAsianet News Malayalam

കൊവിഡ് 19; ഇമ്മ്യൂണിറ്റി അമിതമായാൽ ആപത്ത്; ഡോക്ടറുടെ കുറിപ്പ്

കൊവിഡ് രോഗം പിടിപെടുന്ന എല്ലാവരും മരണപ്പെടുന്നില്ല. ചിലരിൽ മാത്രം അത് തീവ്രമായി രോഗമുണ്ടാക്കുന്നു. അവരിൽ കുറേ പേർ മരണപ്പെടുന്നു. അമിതമായ 'immune response' ഇതിൽ പ്രധാന പങ്കു വഹിക്കുന്നുവെന്ന് കൊച്ചിയിലെ സൺറെെസ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. രാജീവ് ജയദേവൻ പറയുന്നു. 

dr Rajeev Jayadevan face book post immune response in covid 19
Author
Trivandrum, First Published Aug 19, 2020, 3:29 PM IST

കൊറോണ വെെറസ് എന്ന മാരക​രോ​ഗം ലോകമെങ്ങും വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. രോ​ഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് കൊവിഡ് പിടിപെടാനുള്ള സാധ്യതയെന്ന് വിദ​ഗ്ധർ പറയുന്നു. ​കൊവിഡ് രോഗം പിടിപെടുന്ന എല്ലാവരും മരണപ്പെടുന്നില്ല. ചിലരിൽ മാത്രം അത് തീവ്രമായി രോഗമുണ്ടാക്കുന്നു. അവരിൽ കുറേ പേർ മരണപ്പെടുന്നു. അമിതമായ immune response ഇതിൽ പ്രധാന പങ്കു വഹിക്കുന്നുവെന്ന് കൊച്ചിയിലെ സൺറെെസ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. രാജീവ് ജയദേവൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം....

ഇമ്മ്യൂണിറ്റി അമിതമായാൽ ആപത്ത്

ഡോ. രാജീവ് ജയദേവൻ 19 ആഗസ്റ്റ്

കൊവിഡ് രോഗം പിടിപെടുന്ന എല്ലാവരും മരണപ്പെടുന്നില്ല. ചിലരിൽ മാത്രം അത് തീവ്രമായി രോഗമുണ്ടാക്കുന്നു, അവരിൽ കുറേ പേർ മരണപ്പെടുന്നു. അമിതമായ immune response ഇതിൽ പ്രധാന പങ്കു വഹിക്കുന്നു.

മനസിലാക്കാനുള്ള എളുപ്പത്തിനായി, മരണം ഉണ്ടാവാൻ കാരണം എന്ത് എന്ന് ഇപ്പോഴത്തെ latest ആയ അറിവുകൾ ഒരു നാടകത്തിൽ എന്ന പോലെ നാലു രംഗങ്ങളായി (scenes) ചുരുക്കി പറയാം.

ചിത്രം ശ്രദ്ധിക്കുക, ശ്വാസം മൂക്കിൽ കൂടി കടന്ന് alveolus വരെ എത്തുന്നതു വരെയുള്ള പ്രധാന ഇടങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്, ഈ നാടകത്തിലെ ഓരോ രംഗവും ഓരോ ലൊക്കേഷനിൽ ആണ് അരങ്ങേറുക.

രംഗം ഒന്ന്

മാസ്‌ക് ധരിക്കാതെ സമൂഹം കൂട്ടം കൂടി മുന്നോട്ടു പോവുമ്പോൾ അന്തരീക്ഷത്തിലൂടെ ചെറുകണങ്ങൾ (small droplets or aerosol) വഴി സഞ്ചരിച്ചെത്തിയ വൈറസിനെ നാം ഉള്ളിലേക്ക് ശ്വസിക്കാൻ ഇടയാകുന്നു.

വൈറസ് മൂക്കിലും തൊണ്ടയിലും മറ്റുമാണ് പ്രധാനമായും ബാധിക്കുക. ഇവിടെയുള്ള ലൈനിങ് വൈറസുകളെ തുരത്താൻ കഴിവുറ്റതാണ്. Innate immunity ഏറ്റവും ശക്തമായി ഇവിടെ കാണപ്പെടുന്നു. പ്രധാനമായും നമ്മുടെ മ്യൂക്കസ് (mucus എന്ന അൽപം കനമുള്ള ദ്രാവകം), അതിന്റെ നൈസർഗികമായ ആന്റിവൈറൽ പ്രവർത്തനം മൂലം വൈറസുകൾ തൊണ്ടയിലെ കോശങ്ങളിൽ അധികം കടന്നാക്രമിക്കാതെ കാത്തു കൊള്ളുന്നു.

വീടിന് സുരക്ഷയായി ഒരു വലിയ മതിൽ കെട്ടുന്നതു പോലെയാണ് ഇതിൻറെ റോൾ (കോശങ്ങൾ വീടാണെങ്കിൽ mucus ആണ് മതിൽ). അതു ചാടിക്കടന്നു വേണം വൈറസ് അകത്തു കയറാൻ. അതു കൊണ്ടു തന്നെ തൊണ്ടയിലോ മൂക്കിലോ സാധാരണ ജലദോഷത്തെക്കാൾ വലുതൊന്നും ഈ വൈറസിനും ചെയ്യാൻ സാധിക്കുന്നില്ല.

ശരീരം സ്വമേധയാ ഉൽപാദിപ്പിക്കുന്ന അത്ഭുതകരമായ അണുനശീകരണ സിദ്ധികളുള്ള മ്യൂക്കസിന്റെ "ബലം" കൃത്രിമമായി "കൂട്ടാനും" മറ്റും അസാധ്യമാണ്. നീരാവിയും ചൂടു വെള്ളവുമൊക്കെ പ്രകൃതി തന്നിരിക്കുന്ന സംരക്ഷണത്തെ കോട്ടപ്പെടുത്തുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു, കാരണം അതിൻറെ physical composition വളരെ delicate ആണ്.

രംഗം രണ്ട്‌

തൊണ്ട കഴിഞ്ഞുള്ള, ശ്വാസകോശത്തിലേക്കുള്ള തുരങ്കങ്ങളിൽ (large airways) ഉടനീളം മ്യൂക്കസ്-നു പുറമേ, പ്രതലത്തിൽ വന്നടിയുന്ന അണുക്കളെ തുരത്തുന്ന വളരെ സൂക്ഷ്‌മമായ ചൂലുകൾ ഉണ്ട്, cilia സീലിയ എന്നു വിളിക്കും. ഇവ എക്കാലവും ഉള്ളിൽ നിന്നും പുറത്തേക്കുള്ള ഒരേ ദിശയിൽ തന്നെ ഒരു ചൂലു പോലെ വീശിക്കൊണ്ടേയിരിക്കും. ഇവയുടെ പ്രവർത്തനം കൊണ്ടാണ് ശ്വാസകോശത്തിൽ നിന്നും മാലിന്യങ്ങൾ അടങ്ങിയ കഫം ഇടയ്ക്ക് തൊണ്ടയിൽ എത്തുന്നതും നാം അത് പുറത്തേക്കു കളയുന്നതും.

രംഗം മൂന്ന്

പക്ഷെ ശ്വാസകോശം അങ്ങിനെയല്ല. അതിന്റെ ഏറ്റവും ഉള്ളിൽ സ്ഥിതി ചെയ്യുന്ന അൽവിയോളസ് (alveolus) എന്ന അറയ്ക്കുള്ളിൽ മേൽപ്പറഞ്ഞ സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും തന്നെയില്ല. കാരണം oxygen വലിച്ചെടുക്കുന്ന വളരെ ലോലമായ ഭിത്തികളുള്ള അറയാണത്. മ്യൂക്കസ് അവിടെ ഉണ്ടാവാൻ പാടില്ല, ഉണ്ടായാൽ oxygen വലിച്ചെടുക്കാൻ കഴിയാതെ വരും. അവിടെ ആകെ സെക്യൂരിറ്റി ആയി നിൽക്കുന്നത് നമ്മുടെ macrophage (മാക്രോഫേജ്) ആണ്. ഇവനൊറ്റയ്ക്ക് വലുതായൊന്നും ചെയ്യാൻ കഴിവില്ല. എങ്കിലും വൈറസ് വന്നു എന്നറിഞ്ഞാൽ അവൻ ഉച്ചത്തിൽ അലറി വിളിക്കും. (cytokine production) എന്നു വച്ചാൽ “ഓടി വായോ ഓടി വായോ കള്ളൻ കേറി” എന്നാണ് പരിഭാഷ.

ഈ സിഗ്നലുകൾ കിട്ടിയാൽ ഉടൻ സമീപത്തുള്ള രക്തധമനികളിൽ കൂടി റോന്തു ചുറ്റുന്ന പട്ടാളക്കാർ ഓടിയെത്തും (WBC). പിന്നെ അവിടെ ഒരു ഏറ്റുമുട്ടലാണ്. അതിൽ എഴുതിയാൽ തീരത്തയത്രയും കഥാപാത്രങ്ങളും അവർ തമ്മിലുള്ള communication-ഉം (ആശയവിനിമയം) നടക്കുന്നു. ഈ ആശയവിനിമയം പ്രധാനമായും സൈറ്റോകിൻസ്‌ cytokines എന്ന chemicals വഴിയാണ് നടക്കുന്നത് (ഉറുമ്പുകൾ തമ്മിൽ കമ്മ്യൂണിക്കേറ്റ ചെയ്യാൻ pheromones ഫെറോമോൺസ് (മണം) പ്രയോഗിക്കാറുള്ളതു പോലെ)

അങ്ങനെ, ഈ വൈറസിനെ കീഴ്പെടുത്തുന്നതു വരെ, ശ്വാസകോശത്തിൽ വലിയ അലാറം മുഴങ്ങിക്കൊണ്ടിരിക്കുന്നു, കൂടുതൽ പോരാളികൾ (WBC) എത്തിക്കൊണ്ടിരിക്കുന്നു. കാര്യം സാധിച്ചു കഴിഞ്ഞാൽ അലാറം നിലയ്ക്കുന്നു, ഓടി വന്ന എല്ലാവരും പിരിഞ്ഞു പോവുകയും ചെയ്യും. അതായത് വൈറസ് നശിച്ചു പോയി, happy ending.

ഏറിയാൽ ചെറിയ ഒരു ചുമയും പനിയും മാത്രമേ ഇതിനിടയിൽ രോഗിക്ക് തോന്നുകയുള്ളൂ.

ഇനി, രംഗം നാല്.

എന്തോ കാരണവശാൽ ചിലർക്ക് ഈ അലാറം, അഥവാ സൈറൺ, ഓണായാൽ ഓഫ് ആവുകയില്ല. മലഞ്ചരിവിൽ കൂടി ഓടുന്ന കാറിൻറെ ബ്രേക്ക് പൊട്ടുകയും, അക്സിലറേറ്റർ ഫുൾ സ്‌പീഡ്‌ പൊസിഷനിൽ സ്റ്റക്ക് ആവുകയും കൂടി ചെയ്താൽ എന്തു ചെയ്യും? അതു പോലെയുള്ള ഒരു paradox (വിരോധാഭാസം) സംഭവിക്കാറുണ്ട്.

അതായത് ബെല്ലും ബ്രേയ്‌ക്കും ഇല്ലാതെ ഇമ്മ്യൂണിറ്റി താണ്ഡവമാടുകയാണ്. രോഗിക്ക് ശാസം മുട്ടുന്നു, നില പെട്ടെന്നു വഷളാവുന്നു. ഒരു മരുന്നും ഫലിക്കാത്ത അവസ്ഥ.

നമ്മുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട ഇമ്മ്യൂണിറ്റി നമ്മുടെ സ്വന്തം ശ്വാസകോശത്തെ ബോംബിട്ടു നശിപ്പിക്കുന്ന ഈ ഭീകരമായ അവസ്ഥ ആർക്ക്, എപ്പോൾ, എന്തു കൊണ്ട് ഉണ്ടാവുന്നു എന്ന് ശരീരത്തിനു മാത്രം അറിയാം. ശാസ്‌ത്രലോകത്തിന് ഇത് ഇന്നും അജ്ഞാതമായി നില കൊള്ളുന്നു.

ഇതോടൊപ്പം മറ്റവയവങ്ങളിലും പ്രശ്‌നങ്ങൾ ഉണ്ടാവുന്നു: രക്തം കട്ട പിടിക്കുന്നു, വൃക്കകൾ തകരുന്നു അങ്ങനെ പോകുന്നു രംഗം നാല്. ഇതിനെ അതിജീവിച്ചവർ കുറച്ചു പേർ ഉണ്ട്; അത് നൂതനമായ ICU പരിരക്ഷ കൊണ്ടു മാത്രമാണ്.

Cytokine storm: ഒരുദാഹരണം പറയാം. ഉറങ്ങി കിടക്കുന്ന കുഞ്ഞിൻറെ കവിളത്ത് ഒരു കൊതുക് വന്നിരുന്നു എന്നിരിക്കട്ടെ. കുഞ്ഞിനെ സംരക്ഷിക്കുന്ന ആൾ വളരെ മൃദുവായി ഒരു വിരൽ കൊണ്ട് അതിനെ അകറ്റുന്നു. എല്ലാം ഓക്കെ ആയി. ഇനി, ഇതേ വ്യക്‌തി ഒരു കോടാലിയുമായി വന്ന് കൊതുകിനെ കൊല്ലാൻ ശ്രമിച്ചാലോ?

ഏകദേശം ഇതു പോലെയാണ് നമ്മുടെ ഇമ്മ്യൂണിറ്റി കോവിഡുമായി ഇടപെടുന്നത്. ഭാഗ്യത്തിന് മിക്കപ്പോഴും ആവശ്യത്തിനുള്ള ആവേശമേ കാട്ടുന്നുള്ളൂ. ചിലരിൽ മാത്രം ഉണ്ടാവുന്ന അമിതമായ, അനിയന്ത്രിതമായ ഇമ്മ്യൂണിറ്റിയാണ് cytokine storm എന്ന് പറയാറുള്ളത്.

“ഇമ്മ്യൂണിറ്റി കൂട്ടുക” എന്നൊക്കെ പറയുമ്പോൾ സൽമാൻ ഖാൻ ജിംനേഷ്യത്തിൽ പോയി മസിൽ ഉണ്ടാക്കുന്നതു പോലെ അത്ര സിംപിളാണ് എന്ന് ചിലരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതു മാറ്റണം.

ചുരുക്കിപ്പറഞ്ഞാൽ, 1 + 1 = 2 എന്ന രീതിയല്ല ഇമ്മ്യൂണിറ്റിയുടേത്.

ഉത്തരം ഇല്ലാത്ത ചില ചോദ്യങ്ങൾ ഇതാ:

1. ചില രോഗാവസ്ഥയുള്ളവരിൽ COVID തീവ്രമായി കണ്ടു വരുന്നു; എന്നാൽ ഇതേ രോഗങ്ങളുള്ള എല്ലാവരിലും അങ്ങനെ സംഭവിക്കുന്നില്ല. ഇവർ തമ്മിലുള്ള വ്യത്യാസം എന്ത്? (ഭക്ഷണവും വിറ്റാമിനും ഒന്നും അല്ല; ഇതൊക്കെ സമൃദ്ധമായി ലഭിക്കുന്ന നാടുകളിലാണ് ഏറ്റവും കൂടുതൽ മരണനിരക്കും)

2. ആരോഗ്യവാന്മാരായവരിൽ ചിലർക്ക് മാത്രം എന്തു കൊണ്ട് തീവ്രമായ രോഗം പിടിപെടുന്നു? എന്തു കൊണ്ട് അതേ ശ്രേണിയിൽ (age, weight, lifestyle, general health status, ethnicity) പെട്ട മറ്റുള്ളവർക്ക് ലക്ഷണങ്ങൾ പോലും ഉണ്ടാവുന്നില്ല?

ശാസ്ത്രത്തിൽ ഏതൊരു ചോദ്യത്തിനും ഉത്തരങ്ങൾ കണ്ടെത്തുന്ന രീതി, ഊഹാപോഹങ്ങളും മുൻവിധികളും വഴിയല്ല, മറിച്ച്‌ സത്യസന്ധമായ, ക്ഷമയോടെയുള്ള റിസർച്ച് മുഖേനയാണ്.

പിന്നെ പഴങ്ങളും പച്ചക്കറികളും ഉറക്കവും വ്യായാമവും ഒക്കെ ശരീരത്തിനും മനസിനും നല്ലതാണ്. നല്ല ദഹനവും നടന്നു കിട്ടും.

പക്ഷെ ഇവയുടെ കുറവല്ല കൊവിഡ് മരണങ്ങൾക്ക് കാരണം.

അതിനുള്ള ഉത്തരം ഗവേഷകർക്ക് കണ്ടെത്താൻ സാധിക്കട്ടെ. ശാസ്‌ത്രത്തിൽ കുറുക്കുവഴികൾ ഇല്ല.

നമുക്കു കാത്തിരിക്കാം, ക്ഷമയോടെ, കരുതലോടെ.

ഇന്ത്യയിൽ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം 12 ശതമാനം വര്‍ദ്ധിക്കുമെന്ന് ഐസിഎംആര്‍....
 

Follow Us:
Download App:
  • android
  • ios