ആഹാരത്തിനിടെ വെള്ളം കുടിക്കുന്ന ശീലം ചിലർക്കുണ്ട്. ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നതിന് ഗുണവും ദോഷവുമുണ്ട്. അതേസമയം ഇടയ്ക്ക് വെള്ളം കുടിക്കുന്നത് ഒഴിവാക്കി പകരം ആഹാരത്തിന് മുമ്പോ അല്ലെങ്കിൽ അതിന് ശേഷമോ കുടിക്കുന്നതാണ് കൂടുതൽ നല്ലതെന്നാണ് മാക്രോബയോട്ടിക് കൗൺസിലർ ഷോണാലി സബെർവ പറയുന്നത്. 

ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ മന്ദീഭവിപ്പിക്കുന്നുവെന്നും ശരീരത്തില്‍ നീര്‍ക്കെട്ടിന് കാരണമാവുന്നുവെന്നും ചില പഠനങ്ങൾ പറയുന്നു. എന്നാല്‍ ദഹനത്തിന് വേണ്ട എന്‍സൈമുകള്‍ പ്രവര്‍ത്തിക്കുന്നത് വെള്ളത്തിന്റെ സഹായത്തോടെയാണെന്നും വെള്ളം ആഹാരത്തെ ദ്രവരൂപത്തിലാക്കി ദഹനം എളുപ്പമാക്കാനും സഹായിക്കുമെന്നും മുമ്പ് നടത്തിയ ചില പഠനങ്ങൾ പറയുന്നു. 

ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് അസിഡിറ്റി, ഗ്യാസ് എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കും. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ഇന്‍സുലിന്റെ അളവ് അസന്തുലിതമാക്കുന്നതിന് കാരണമാവുമെന്നും പറയുന്നു. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ ആഹാരത്തിനിടെ അമിതമായി വെള്ളം കുടിക്കുന്നതിന്‍റെ ഫലമായാണ് കണ്ടുവരുന്നത്. 

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്നത് തടയാനോ എക്കിള്‍ പോലുള്ള പ്രശ്നങ്ങള്‍ തടയാനോ ഇടയ്ക്ക് വെള്ളം കുടിക്കുന്നതില്‍ പ്രശ്നമില്ലെന്നാണ് ഷോണാലി പറയുന്നത് . ആഹാരത്തിന്  മുമ്പ് വെള്ളം കുടിക്കുന്നത് നല്ല ശീലമാണ്. അമിതാഹാരം ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്നും അവർ പറയുന്നു.