പലർക്കും ഇന്നും കോണ്ടം കടയിൽ ചെന്ന് ചോദിച്ചു വാങ്ങാൻ വല്ലാത്ത ചമ്മലാണ്. അതിനി കൗതുകം തീർക്കാനൊരുമ്പെടുന്ന ടീനേജ് പയ്യനായാലും, നവ വിവാഹിതനായ യുവാവായാലും  ശരി പലർക്കും ഇന്നും അക്കാര്യത്തിൽ വല്ലാത്ത വൈക്ലബ്യമാണ്. ലോകത്താദ്യമായി ഒരു മനുഷ്യൻ തന്റെ ലിംഗത്തെ സംരക്ഷിക്കുന്നതിനെപ്പറ്റി ആലോചിച്ചത് ഇന്നേക്ക് 13000 വർഷം മുമ്പാണ്. ഇത്രയും കാലത്തെ കോണ്ടത്തിന്റെ പരിണാമപഥങ്ങളിൽ ഗർഭവും, ഗുഹ്യരോഗങ്ങളും ഒഴിവാക്കാൻ വേണ്ടി മനുഷ്യൻ തന്റെ ലിംഗം കയറ്റിയിട്ടുള്ളത് ചെമ്മരിയാടിന്റെ കുടൽ മുതൽ, സ്വർണ്ണവും റബ്ബറും ലാറ്റക്‌സും വരെ എന്തെന്തൊക്കെ വസ്തുക്കളിലേക്കാണ് എന്നറിയുമോ? കോണ്ടം എന്ന ഗര്ഭനിരോധനോപാധിയുടെ  രസകരമായ നാൾവഴികളിലേക്കും അതിലെ നാഴികക്കല്ലുകളിലേക്കും ഒന്ന് സഞ്ചരിക്കാം. 

മനുഷ്യനെ ഈ ലോകത്തുള്ള മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തനാക്കുന്ന ഒരു വസ്തുത, അവൻ പലകാരണങ്ങളാൽ തന്റെ പ്രത്യുത്പാദനത്തെ നിയന്ത്രിക്കാൻ ആഗ്രഹിച്ചിട്ടുള്ളവനാണ് എന്നതാണ്. ചിലപ്പോൾ അവൻ അതിനെ മനഃപൂർവം വർധിപ്പിക്കാൻ ശ്രമിക്കും, മറ്റുചിലപ്പോൾ ബോധപൂർവം കുറയ്ക്കാനും. കോണ്ടം അഥവാ ഗര്ഭനിരോധന ഉറകൾ മനുഷ്യന് ഏറെ ഉപകാരമുള്ള ഒരു കണ്ടുപിടുത്തമാണ്. അത് നമ്മളെ ഗുഹ്യരോഗങ്ങളിൽ നിന്ന് കാത്തു സൂക്ഷിക്കും, ഇച്ഛയ്ക്ക് വിരുദ്ധമായി ഗർഭമുണ്ടാകാതെ കാക്കും, കുടുംബാസൂത്രണം എളുപ്പമാക്കും. കോണ്ടം എന്ന ഈ ഗർഭനിരോധനോപാധിയുടെ പരിണാമചരിത്രം ഏറെ രസകരമാണ്. 

ചരിത്രത്തിൽ കോണ്ടത്തിന്റെ ഉപയോഗം ആദ്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത് ബിസി 11000 -ൽ ഫ്രാൻസിലെ ചില ഗുഹാചിത്രങ്ങളിലാണ്. അതിനു ശേഷം, ബിസി 3000 ൽ പുരാതന ഈജിപ്തിലെ ചിലർ ബന്ധപ്പെടുന്ന വേളകളിൽ തങ്ങളുടെ  ലിംഗങ്ങളെ  ചെമ്മരിയാടിന്റെ ബ്ലാഡർ കൊണ്ടുണ്ടാക്കിയ ഉറകളാൽ മൂടിയതിന്റെ ചരിത്ര രേഖകൾ ഉണ്ട്.  രണ്ടുദ്ദേശ്യമുണ്ടായിരുന്നു ആ അസാധാരണ പ്രവൃത്തിക്ക്. ഒന്ന്, ഗർഭധാരണം തടയുക. രണ്ട്, ഗുഹ്യരോഗങ്ങളെ അകറ്റി നിർത്തുക. വെള്ളിയിലും സ്വർണ്ണത്തിലും വരെ നിർമിക്കപ്പെട്ട സംരക്ഷണ കവചങ്ങൾ അക്കാലങ്ങളിൽ ആളുകൾ ഉപയോഗിച്ചിട്ടുണ്ട്.  

 

കൊളംബസിന്റെ ആഗോളയാത്രകളുടെ കാലത്താണ് സിഫിലിസ് ലോകത്ത് പൊട്ടിപ്പുറപ്പെടുന്നത്. പറങ്കിപ്പുണ്ണ് എന്നറിയപ്പെട്ടിരുന്ന ഈ രോഗത്തിന് കാരണം ട്രിപ്പൊനിമ പാലിഡം എന്ന ബാക്ടീരിയ ആയിരുന്നു. ഏറെ അവജ്ഞയും വേദനയും ഉണ്ടാക്കിയിരുന്ന ഈ രോഗത്തെ ചെറുക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ ഗവേഷണപരിശ്രമങ്ങളാണ് നമ്മൾ ഇന്നുകാണുന്ന രീതിയിലുള്ള കോണ്ടങ്ങളുടെ കണ്ടെത്തലിലേക്ക് നയിച്ചത്. 

 

പതിനേഴാം നൂറ്റാണ്ടിൽ തന്നെ മൃഗങ്ങളുടെ തോലും, കുടലും, പേശികളും ഒക്കെ ഉപയോഗിച്ചുള്ള കോണ്ടങ്ങൾ നിർമ്മിക്കപ്പെട്ടു തുടങ്ങി. ഒരാഴ്ചത്തെ സമ്പാദ്യമെങ്കിലും ചെലവിട്ടാൽ മാത്രമേ ഒരു പ്രൊഫഷണൽ കോണ്ടം വാങ്ങാൻ സാധിക്കൂ എന്ന അവസ്ഥയായിരുന്നതിനാൽ, ഉന്നതകുലജാതരായ സമ്പന്നരായ കാസനോവകൾ മാത്രമേ അക്കാലത്ത് അതേപ്പറ്റി ചിന്തിച്ചിരുന്നുള്ളൂ. 

കോണ്ടത്തിന്റെ ചരിത്രം റബ്ബറിന്റെ ചരിത്രത്തോട് തോളോട് തോൾ ചേർന്ന് പോകുന്ന ഒന്നാണ്. രണ്ട് വ്യവസായങ്ങളിലെയും ഏറ്റവും വലിയ നാഴികക്കല്ലുകളിൽ ഒന്ന് സംഭവിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. 1839 -ൽ ചാൾസ് ഗുഡ് ഇയർ വൾക്കനൈസേഷൻ എന്ന പ്രക്രിയ കണ്ടെത്തുന്നു. കട്ടിയുള്ള റബ്ബറിനെ സൾഫർ ചേർത്ത് ചൂടാക്കുമ്പോൾ അത് കുറേക്കൂടി മയമുള്ളതായി മാറുന്നു. ഈ പ്രക്രിയയാണ് വൾക്കനൈസേഷൻ എന്നറിയപ്പെട്ടിരുന്നത്. ഈ കണ്ടുപിടുത്തം 1860 ആയപ്പോഴേക്കും കോണ്ടം വ്യാവസായികമായി ഉത്പാദിപ്പിക്കപ്പെടാൻ കാരണമായി. തപാലിലും മറ്റും കോണ്ടം അയച്ചുകിട്ടാൻ തുടങ്ങിയിരുന്നു അപ്പോൾ തന്നെ. 

അടുത്ത നാഴികക്കല്ല് ഒന്നാം ലോക മഹായുദ്ധമാണ്. ഇതിനിടയിലുള്ള കാലത്ത് ഗർഭനിരോധനം, നിയന്ത്രണം എന്നിവ മതത്തിന്റെ സ്വാധീനമുണ്ടായിരുന്ന ഗവൺമെന്റുകൾ നിരോധിച്ച ചരിത്രവും ഉണ്ടായി. കോണ്ടം ഉപയോഗിച്ചവരെ അതിന്റെ പേരിൽ വിചാരണ ചെയ്ത തുറുങ്കിലടച്ച കാലമുണ്ടായി. അതിനൊക്കെ മാറ്റമുണ്ടാവുന്നത് ഒന്നാം ലോകമഹായുദ്ധത്തോടെയാണ്. അന്ന് തുടക്കത്തിൽ കോണ്ടങ്ങൾ അമേരിക്കൻ സൈനികർക്കിടയിൽ വിതരണം ചെയ്യപ്പെട്ടിരുന്നില്ല എങ്കിലും, രാത്രി വേശ്യാലയങ്ങൾ സന്ദർശിച്ചു വരുന്നവരോട് തങ്ങളുടെ സ്വകാര്യ ഭാഗങ്ങൾ ഒരു 'പ്രൊഫ്‌ലാക്ടിക്' കിറ്റ് കൊണ്ട് കഴുകാൻ നിർദേശിക്കപ്പെട്ട. അത് സോപ്പുവെള്ളത്തിൽ കവിഞ്ഞൊന്നും അല്ലായിരുന്നു. അതുകൊണ്ടുതന്നെ അത് വിശേഷിച്ച് ഫലമൊന്നും ഉണ്ടാക്കിയില്ല. അമേരിക്കൻ സൈനികർക്കിടയിൽ വേശ്യാസമ്പർക്കം മൂലം സിഫിലിസ്, ഗൊണേറിയ, ഹെർപ്പിസ് തുടങ്ങിയ നിരവധി ഗുഹ്യരോഗങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യമുണ്ടായി. വലിയൊരു വിഭാഗം സൈനികർക്ക് തങ്ങളുടെ ഗുഹ്യരോഗങ്ങളുടെ പേരിൽ യുദ്ധമുഖത്തേക്ക് ചെല്ലാൻ പറ്റാത്തത്ര അവശതയുണ്ടാകുന്ന ദുരവസ്ഥ വന്നു. ആ സാഹചര്യത്തിൽ സൈനികമേധാവികൾ തങ്ങളുടെ ഭടന്മാരോട് കഴിവതും വേശ്യാലയ സന്ദർശനങ്ങൾ ഒഴിവാക്കാൻ കർശന നിർദേശം പുറപ്പെടുവിച്ചു എങ്കിലും ആ നിർദേശങ്ങൾ പലപ്പോഴും അവഗണിക്കപ്പെട്ടു. ഒന്നാം ലോകമഹായുദ്ധത്തിനിടെ 18,000 -ലധികം അമേരിക്കൻ സൈനികരാണ് ഗുഹ്യരോഗങ്ങളാൽ കിടപ്പിലായത്. അതോടെ സൈന്യത്തിന്റെ കോണ്ടത്തോടുള്ള സമീപനത്തിൽ മാറ്റം വന്നു. 

 

 

അടുത്തതായി കടന്നുവന്ന നാഴികക്കല്ല് ലാറ്റെക്സിന്റെ കണ്ടുപിടുത്തമാണ്. അത് അതുവരെ ഉണ്ടായിരുന്ന കട്ടിയുള്ള പരുക്കനായ കോണ്ടങ്ങളെ തലനാരിഴയോളം നേർത്തതാക്കി. അതോടെ കോണ്ടം ധരിച്ചുള്ള സെക്സ് എന്നത് പണ്ടത്തേക്കാൾ സുഖകരമായ അനുഭവമാക്കി മാറി. 1937 -ൽ അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDI) കോണ്ടത്തെ ഒരു 'ഡ്രഗ്' ആയി ക്‌ളാസ്സിഫൈ ചെയ്തു. അതോടെ എല്ലാ കോണ്ടം നിർമാതാക്കളും കർശനമായ ഗുണനിലവാര ചട്ടങ്ങൾ പാലിക്കാൻ നിർബന്ധിതരായി. അതോടെ അന്ന് നിര്മിക്കപ്പെട്ടിരുന്ന 75 ശതമാനം കോണ്ടങ്ങളും ആ ചട്ടങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു. തങ്ങളുടെ സാങ്കേതിക വിദ്യ മെച്ചപ്പെടുത്തി, ഗുണനിലവാരം കൂട്ടാൻ ആ കമ്പനികൾ നിർബന്ധിതരായി. ബാറുകളിൽ നിന്നും, കുഞ്ഞുകടകളിൽ നിന്നുമൊക്കെ കോണ്ടങ്ങൾ അപ്രത്യക്ഷമായി. കോണ്ടം കിട്ടണം എങ്കിൽ മെഡിക്കൽ ഷോപ്പിൽ തന്നെ പോകണം എന്നായി. 

 

 

രണ്ടാം ലോകമഹായുദ്ധം വന്നപ്പോഴേക്കും ലൈംഗിക രോഗങ്ങൾ ചെറുക്കാനുള്ള പ്രധാന ആയുധമായി കോണ്ടങ്ങൾ മാറിയിരുന്നു.അന്ന് പ്രലോഭനങ്ങളിൽ വീണുപോകാതിരിക്കാൻ അമേരിക്കൻ സൈനികർക്ക് ബോധവൽക്കരണം നൽകിക്കൊണ്ട് പുറത്തിറക്കിയ പോസ്റ്ററുകളിൽ പലതിലും സ്ത്രീവിരുദ്ധതയ്‌ക്കൊപ്പം, കോണ്ടങ്ങളുടെയും സാന്നിധ്യമുണ്ടായിരുന്നു.യുദ്ധാനന്തരകാലം കോണ്ടത്തിന്റെ പ്രസക്തി ഏറി വന്ന കാലം കൂടിയായിരുന്നു. അമേരിക്കൻ യുവതയുടെ അമ്പത് ശതമാനവും അക്കാലത്ത് പരസ്പരം ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെട്ടപ്പോൾ കോണ്ടങ്ങൾ ധരിച്ചു. അത് ലൈംഗിക ശുചിത്വത്തിന്റെ ഭാഗമായി മാറി. അക്കാലത്തുതന്നെ സുരക്ഷ ഉറപ്പില്ലാത്ത ലൈംഗികബന്ധങ്ങളിൽ ഗുഹ്യരോഗങ്ങൾ ഒഴിവാക്കാൻ എന്നതിനോടൊപ്പം കുടുംബങ്ങളിൽ ഗർഭനിരോധനോപാധി എന്ന നിലക്കും കോണ്ടങ്ങൾ ഉപയോഗിച്ചുതുടങ്ങിയിരുന്നു. 

 

 

അറുപതുകളും എഴുപതുകളും അമേരിക്കയിലും, ലോകത്തെമ്പാടും തന്നെ, ഒരു ലൈംഗിക വിപ്ലവം ഉണ്ടായ കാലമാണ്. ചിരപുരാതനമായ, വിവാഹത്തിന്റെ സംരക്ഷണത്തിനുള്ള, കുടുംബപശ്ചാത്തലത്തിലുള്ള സുരക്ഷിത ലൈംഗിക ബന്ധങ്ങളിൽ നിന്ന് പുറത്തുകടന്ന് സമൂഹം ഒരു ഹിപ്പി/ജിപ്സി സംസ്കാരത്തെ പരീക്ഷണാർത്ഥം ആശ്ലേഷിച്ച കാലമായിരുന്നു അത്. അന്നത്തെ യുവതീയുവാക്കൾ പലപ്പോഴും വേണ്ടത്ര പരിചയമില്ലാത്തവരുമായും ബന്ധപ്പെട്ടു. 'വൺ നൈറ്റ് സ്റ്റാൻഡു'കൾ സാധാരണമായി. അതോടെ കോണ്ടം എന്നത് ഒരു ആവശ്യവസ്തുവിന്റെ സ്ഥാനം ആർജ്ജിച്ചു. ബന്ധപ്പെടും മുമ്പ് സ്ത്രീകൾ പുരുഷന്മാരോട് 'കോണ്ടം' ഉണ്ടോ എന്ന് ചോദിക്കുകയും, ഉണ്ടെങ്കിൽ മാത്രം ബന്ധപ്പെടാൻ അനുവദിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. അതോടെ പുരുഷന്മാർ, ഒരത്യാവശ്യമുണ്ടായാൽ എടുത്തുപയോഗിക്കാൻ വേണ്ടി കോണ്ടങ്ങൾ അവരുടെ പേഴ്‌സുകളിൽ സൂക്ഷിക്കാൻ വരെ തുടങ്ങി. അമേരിക്കൻ സെക്സ് ലൈഫിന്റെ സെന്റർ സ്റ്റേജിൽ കോണ്ടങ്ങൾ ഒരു കസേര വലിച്ചിട്ട് നെഞ്ചുവിരിച്ചിരിക്കാൻ തുടങ്ങി എന്ന് സാരം. 

 

 

എൺപതുകളിൽ ഒരു മഹാവ്യാധിയുടെ രൂപത്തിൽ മറ്റൊരു നാഴികക്കല്ല് കോണ്ടത്തെ തേടിയെത്തി. ആ രോഗത്തിന്റെ പേര് ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രം അഥവാ എയിഡ്സ്  എന്നായിരുന്നു. അത് പരാതിയിരുന്നതോ ഹ്യൂമൻ ഇമ്മ്യൂണോ വൈറസ് അഥവാ എച്ച് ഐ വിയും. ജനം രോഗത്തെ എച്ച്ഐവി - എയിഡ്സ് എന്ന് വിളിച്ചു. മരണകാരണമായ മാറിയിരുന്ന, വളരെ എളുപ്പത്തിൽ പിടികൂടിയിരുന്ന, ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗം എന്ന നിലയ്ക്ക് സാമൂഹികമായ ഭ്രഷ്ടിനു വരെ കരണമായിരുന്ന എയിഡ്സ് എന്ന ഭീഷണി വന്നതോടെ കൊണ്ടണ്ടാളുടെ വില്പന പത്തിരട്ടിയായി. എൺപതുകളിലും തൊണ്ണൂറുകളിലും മനുഷ്യ ജീവനും മരണത്തിനുമിടയിൽ നിന്ന നേർത്ത ഒരു സ്തരമായി കോണ്ടം മാറി. " എയിഡ്സ് എന്നത് സ്വവർഗാനുരാഗികൾക്കിടയിൽ മാത്രം പടരുന്നൊരു രോഗമല്ല, അത് നിങ്ങൾക്കും വരാം. വന്നാൽ മരണം ഉറപ്പാണ്. അതുകൊണ്ട് കോണ്ടം ധരിക്കൂ, എയിഡ്സ് പകരാനുള്ള സാധ്യത കുറയ്‌ക്കൂ..." എന്നായിരുന്നു അന്നത്തെ പരസ്യങ്ങൾ. തൊണ്ണൂറുകളിൽ കോണ്ടങ്ങൾക്ക് ഉണ്ടായ വലിയ ഡിമാൻഡ് അവയുടെ ടെലിവിഷൻ പരസ്യങ്ങളിലും കാര്യമായ വർദ്ധനവുണ്ടാക്കി. 

ഇന്ത്യയിലെ കോണ്ടം ചരിത്രം 

നാല്പതുകളിൽ തന്നെ ഇന്ത്യയിലേക്ക് കോണ്ടങ്ങൾ ഇറക്കുമതി ചെയ്യപ്പെട്ടിരുന്നു എങ്കിലും,  രാജ്യത്ത് ആദ്യമായി ഒരു കോണ്ടം നിർമ്മിക്കപ്പെടുന്നത് 1968 -ലായിരുന്നു. 'ഡീലക്സ് നിരോധ്' എന്ന ബ്രാൻഡിൽ ആയിരുന്നു അത് നിർമ്മിക്കപ്പെട്ടത്. അറുപതുകളിൽ തുടങ്ങിയ ജനസംഖ്യാ നിയന്ത്രണ പദ്ധതികൾ ചെറിയ തോതിലെങ്കിലും വിജയിച്ചതിനു പിന്നിൽ ഈ നിരോധ് എന്ന ഉത്പന്നത്തിന് അനല്പമായ പങ്കുണ്ട്. സർക്കാർ കമ്പനിയായ തിരുവനന്തപുരത്തെ ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് ആണ് കോണ്ടങ്ങൾ നിർമിച്ചത്. ജപ്പാനിലെ ഒക്കമോട്ടോ ഇന്ഡസ്ട്രീസിന്റെ സാങ്കേതിക സഹകരണത്തോടെയാണ് അന്ന് പേരൂർക്കടയിൽ ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങുന്നത്. അക്കാലത്തെ ഇന്ത്യയുടെ ജനസംഖ്യ 47 കോടി ആയിരുന്നു.

 

 

മാർക്കെറ്റിൽ ലാറ്റക്സ് പുറത്തിറക്കിയ ആകെ കോണ്ടങ്ങളുടെ എണ്ണമോ വെറും പത്തുലക്ഷവും. ഇരുപത്തഞ്ചു പൈസ ആയിരുന്നു അന്ന് ഒരു കോണ്ടത്തിന്റെ വില. വേണ്ടത്ര കോണ്ടങ്ങൾ നിർമിക്കാൻ ലാറ്റക്സിന് സാധിക്കാതിരുന്നതിനാൽ അന്ന് അമേരിക്ക, ജപ്പാൻ, കൊറിയ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത കൊണ്ടനാലും 'നിരോധ്' എന്ന പേരിൽ തന്നെ ലാറ്റക്സ് വിറ്റഴിച്ചു. ഇറക്കുമതി ചെയ്തതോടെ ഒരു കോണ്ടത്തിന്റെ വില അഞ്ചു പൈസയിലേക്ക് കുറയ്ക്കാൻ ലാറ്റക്സിന് കഴിഞ്ഞു. 1985 -ൽ ബെൽഗാമിലെ ഫാക്ടറി വന്നതോടെ പ്രൊഡക്ഷൻ ഇരട്ടിപ്പിക്കാനും, വർഷത്തിൽ 80 കോടിയോളം കോണ്ടങ്ങൾ നിർമിക്കാനും ലാറ്റക്സിന് കഴിഞ്ഞു. ഇന്ന് ലോകത്ത് ഏറ്റവും അധികം, വൈവിധ്യമാർന്ന കോണ്ടങ്ങൾ ഉത്പാദിപ്പിക്കുന്ന സ്ഥാപനം ലാറ്റക്സ് തന്നെയാണ്. 

കോണ്ടം ഇന്ത്യയിൽ ആദ്യമായി വൻതോതിൽ വിതരണം ചെയ്യാൻ ഉറപ്പിച്ചപ്പോൾ ആദ്യം അതിനു കണ്ടെത്തിയ പേര് 'കാമരാജ്' എന്നായിരുന്നു. കാമദേവൻ എന്ന സങ്കല്പത്തെ ഓർമ്മിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. എന്നാൽ, അന്ന് കോൺഗ്രസ് ഭരണമായിരുന്നു രാജ്യത്ത്. അന്നത്തെ കോൺഗ്രസ് പ്രസിഡന്റ് കിംഗ് മേക്കർ കാമരാജും. ആ പേരിട്ടാൽ, കോൺഗ്രസ് അണികളിൽ നിന്ന് എതിർപ്പുണ്ടാകും എന്ന് ഭയന്നാണ് അന്ന് പേരുമാറ്റി 'നിരോധ്' എന്നാക്കിയത്. ആ വാക്കിന്റെ ഹിന്ദി അർഥം സംരക്ഷണം എന്നായിരുന്നു. 

കാലം മാറി, കഥ മാറി 

പണ്ട് കോണ്ടം എന്നാൽ, ജീവനും സ്വൈരജീവിതത്തിനും ഭീഷണിയായിരുന്ന ഗുഹ്യരോഗങ്ങളെ ചെറുക്കാനുള്ള ഉപാധി എന്ന നിലക്ക് ഉപയോഗിക്കേണ്ടി വന്നിരുന്ന ഒരേയൊരു സൈസിൽ മാത്രം ലഭിച്ചിരുന്ന ഒട്ടും സുഖകരമല്ലാത്ത ഒരു അനുഭൂതിയായിരുന്നു. എന്നാൽ, സാങ്കേതിക വിദ്യയിലുണ്ടായ വളർച്ച കോണ്ടങ്ങളിലും വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കി. ഇന്ന് വിവിധ സൈസുകളിൽ, വിവിധ മെറ്റിരിയലുകളിൽ, വിവിധ തരത്തിലുള്ള ലൂബ്രിക്കന്റുകളോടെ, വിവിധ ടെക്സ്ച്ചറുകളിൽ, ഡോട്ടഡായും, റിബ്ബ്ഡ് ആയും ഇരുട്ടിൽ തിളങ്ങുന്നതായും, എന്തിന് സുഗന്ധവും രുചിയും അടക്കം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കോണ്ടങ്ങൾ വിപണിയിൽ ലഭ്യമാണ്. വീടുകളുടെ സ്വീകരണമുറികളിലെ ഷോക്കേസുകളിൽ അച്ഛനമ്മമാർ സ്ഫടികത്താമ്പാളങ്ങളിൽ മക്കൾ കാണാൻ വേണ്ടി, പുറത്തേക്കു പോകുമ്പോൾ എടുത്ത് പോക്കറ്റിൽ വെച്ച് പോകാൻ വേണ്ടി കോണ്ടങ്ങൾ വാങ്ങി വെക്കുന്ന കാലമാണിന്ന്. പരിഷ്കൃത രാജ്യങ്ങളിലെ നൈറ്റ് ക്ലബ്ബ്കളിലും കോളേജുകളിലും നഗരത്തിലെ മാളുകളിലും ഒക്കെ കോണ്ടം വെൻഡിങ് മെഷീനുകൾ ഇന്ന് സർവസാധാരണമാണ് .

സുരക്ഷിതമാണ് എന്ന് നൂറുശതമാനം ഉറപ്പില്ലാത്ത ഏതൊരു ലൈംഗിക ബന്ധത്തിലും കോണ്ടം ഉപയോഗിക്കുക എന്നത് മാത്രമാണ് ലൈംഗികസുരക്ഷിതത്വം നേടാനുള്ള ഒരേയൊരു വഴി എന്ന യാഥാർഥ്യത്തെ കഴിയുന്നത്ര ജനങ്ങളുടെ പൊതുബോധത്തിന്റെ ഭാഗമാക്കാനുള്ള പരിശ്രമത്തിലാണ് ഇന്നും ലോകമെമ്പാടുമുള്ള ആരോഗ്യസംഘടനകളും, ഗവണ്മെന്റുകളും.