Asianet News MalayalamAsianet News Malayalam

കൂടെക്കൂടെ സോഷ്യല്‍ മീഡിയയില്‍ സ്ക്രോള്‍ ചെയ്യുന്ന ശീലമുണ്ടോ? ഇത് പ്രശ്നമാണ്...

പലരും ഇടയ്ക്കിടെ ഫോണെടുത്ത് സോഷ്യല്‍ മീഡിയയില്‍ സ്ക്രോള്‍ ചെയ്യുന്നത് കാണാം. അവരത് ബോധപൂര്‍വമായിരിക്കില്ല ചെയ്യുന്നത്. അല്ലെങ്കില്‍ത്തന്നെ ഇങ്ങനെ ചെയ്യുന്നത് കൊണ്ട് എന്താണ് പ്രശ്നമെന്നും ചോദിക്കാമല്ലോ... 

here is how overuse of social media affects your mental health
Author
First Published Jan 22, 2024, 8:32 PM IST

ഈ ഡിജിറ്റല്‍ യുഗത്തില്‍ സോഷ്യല്‍ മീഡിയയുടെ ഉപയോഗമില്ലാത്ത ആളുകള്‍ വളരെ കുറവാണ്. സ്മാര്‍ട് ഫോണില്ലാതെ തുടരാൻ  ആളുകള്‍ നന്നെ പ്രയാസപ്പെടുന്നത് തന്നെ സോഷ്യല്‍ മീഡിയയോടുള്ള ഈ അമിത ആധിക്യം മൂലമാണ്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇന്ന് സജീവമാണ്. 

പലരും ഇടയ്ക്കിടെ ഫോണെടുത്ത് സോഷ്യല്‍ മീഡിയയില്‍ സ്ക്രോള്‍ ചെയ്യുന്നത് കാണാം. അവരത് ബോധപൂര്‍വമായിരിക്കില്ല ചെയ്യുന്നത്. അല്ലെങ്കില്‍ത്തന്നെ ഇങ്ങനെ ചെയ്യുന്നത് കൊണ്ട് എന്താണ് പ്രശ്നമെന്നും ചോദിക്കാമല്ലോ... 

ഇങ്ങനെ കൂടെക്കൂടെ ഫോണെടുത്ത് സോഷ്യല്‍ മീഡിയയിലൂടെ സ്ക്രോള്‍ ചെയ്തുപോകുന്ന സ്വഭാവമുണ്ടെങ്കില്‍ തീര്‍ച്ചയായും അതില്‍ പ്രശ്നമുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ ശീലം നമ്മുടെ മാനസികാരോഗ്യത്തെ വലിയ രീതിയില്‍ പ്രതികൂലമായി ബാധിക്കുമെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നത്. എങ്ങനെയെല്ലാമാണ് ഇത് നമ്മെ ബാധിക്കുക? അറിയാം...

ഉത്കണ്ഠ...

'സോഷ്യല്‍ മീഡിയ ആംഗ്സൈറ്റി', അല്ലെങ്കില്‍ 'ഫിയര്‍ ഓഫ് മിസിംഗ് ഔട്ട്' (ഫോമോ) എന്നൊരു പ്രതിഭാസമുണ്ട്. സോഷ്യല്‍ മീഡിയ അധികമായി ഉപയോഗിക്കുന്നവരില്‍ കാണുന്നൊരു മാനസികാവസ്ഥയാണിത്. എപ്പോഴും മറ്റുള്ളവരുടെ എഴുത്തുകളും ഫോട്ടോകളും വീഡിയോകളുമെല്ലാം കണ്ട് നമുക്ക് അതില്ല- ഇതില്ല, നമ്മളങ്ങനെ അല്ല- ഇങ്ങനെ അല്ല എന്ന രീതിയില്‍ മനസ് ആംഗ്സൈറ്റിയിലേക്കോ (ഉത്കണ്ഠ) നിരാശയിലേക്കോ (ഡിപ്രഷൻ) പോവുക, നമുക്ക് കുറവുകളുണ്ടെന്ന് തോന്നുക, നമ്മുടെ ആത്മവിശ്വാസത്തെ അത് ബാധിക്കുക, ഉള്‍വലിയാൻ പ്രേരിപ്പിക്കുക എന്നിങ്ങനെ പല സങ്കീര്‍ണതകളാണ് ഈ അവസ്ഥയില്‍ നേരിടുക. 

സ്വയം തകര്‍ക്കുന്നത്...

മേല്‍പ്പറഞ്ഞതുമായി കൂട്ടിച്ചേര്‍ത്ത് പറയാവുന്നത് തന്നെയാണ് ഇതും. അതായത്, സോഷ്യല്‍ മീഡിയ എപ്പോഴും ഉപയോഗിക്കുമ്പോള്‍ നമ്മള്‍ മറ്റുള്ളവരുമായി നമ്മളെ താരതമ്യപ്പെടുത്തുന്നത് പതിവാകും. ഈ നിരന്തരമായ താരതമ്യപ്പെടുത്തല്‍ ക്രമേണ നമ്മുടെ ആത്മവിശ്വാസത്തെയും ആത്മാഭിമാനത്തെയും ബാധിക്കുന്ന നില വരെയെത്തുന്നു. 

സത്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ വരുന്ന കുറിപ്പുകളോ ഫോട്ടോകളോ വീഡിയോകളോ എല്ലാം 'സെലക്ടഡ്' ആണ്, അതല്ല സത്യത്തില്‍ ജീവിതാവസ്ഥകള്‍ എന്ന് മനസിലാക്കിയാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ. അതുപോലെ ഓരോ മനുഷ്യനും അവന്‍റേതായ പ്രാധാന്യമുണ്ട് എന്ന മനസിലാക്കലും വേണം. ദൗര്‍ഭാഗ്യവശാല്‍ ആളുകള്‍ ഇത്തരം സൂക്ഷ്മമായ ചിന്തകളിലേക്ക് പോകാതെ സോഷ്യല്‍ മീഡിയയില്‍ മുങ്ങിപ്പോകുന്ന അവസ്ഥയാണുണ്ടാകാറ്.

അഡിക്ഷൻ...

സോഷ്യല്‍ മീഡിയ ഉപയോഗം നമ്മളില്‍ സന്തോഷമുണ്ടാക്കുന്നിന്‍റെ ഭാഗമായി വീണ്ടും നമുക്കത് ഉപയോഗിക്കാൻ തോന്നുന്നു. അങ്ങനെ അഡിക്ഷൻ രൂപപ്പെടുന്നു. ഈ ഘട്ടത്തില്‍ നമ്മുടെ ബന്ധങ്ങള്‍, നമ്മുടെ ഉത്പാദനക്ഷമത, ശ്രദ്ധ എല്ലാം പ്രശ്നത്തിലാകുന്നു. കാരണം നമുക്ക് ഇതിലേക്ക് പോകണം എന്ന വ്യഗ്രതയായിരിക്കും എപ്പോഴും. ഉറക്കത്തെയും സോഷ്യല്‍ മീഡിയ അഡിക്ഷൻ വലിയ രീതിയില്‍ ബാധിക്കുന്നു. 

ഏകാന്തത...

സോഷ്യല്‍ മീഡിയയുടെ അമിതോപയോഗം മൂലം ആളുകളില്‍ ഏകാന്തതയും സാമൂഹികമായ ഉള്‍വലിയലും ഏറിവരും. ഒരു വീട്ടില്‍ തന്നെ എല്ലാം അംഗങ്ങളും വെവ്വേറെ സ്ഥലത്തിരുന്ന് ഫോണ്‍ നോക്കുന്നത് കണ്ടിട്ടില്ലേ? അതുപോലെ...

ഈ ഉള്‍വലിയലും ഒറ്റപ്പെടലും മനുഷ്യനെ മാനസികമായി എത്രമാത്രം ബാധിക്കുമെന്ന് അറിയുമോ? വിഷാദം, ബന്ധങ്ങള്‍ പ്രശ്നമാവുക, ജോലി- പഠനം എന്നിവയെല്ലാം ബാധിക്കപ്പെടുക എന്നുതുടങ്ങി ഉയര്‍ന്ന ആത്മഹത്യാപ്രവണതയിലേക്ക് വരെ ഇത് നമ്മളെ എത്തിക്കാം. 

ചെയ്യാവുന്നത്...

സമയം സെറ്റ് ചെയ്ത് സോഷ്യല്‍ മീഡിയ ഉപയോഗം കുറയ്ക്കുക തന്നെ ചെയ്യണം. ആദ്യമാദ്യം ഇത് ചെയ്യാൻ പ്രയാസമായിരിക്കും. പക്ഷേ പിന്നീട് തീര്‍ച്ചയായും സാധിക്കും. താല്‍പര്യമുള്ള മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കാം. അതുപോലെ വര്‍ക്കൗട്ട്, നടത്തം പോലുള്ള കാര്യങ്ങള്‍ ചെയ്യാം. വീട്ടില്‍ മറ്റുള്ളവരുമായി സംസാരിക്കണം. ഫോണില്‍ സംസാരം ആകാം. അത്യാവശ്യം വായന, ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ എല്ലാം ശ്രമിക്കാം. ഇതെല്ലാം സോഷ്യല്‍ മീഡിയയുടെ അമിതോപയോഗത്തെ താരതമ്യപ്പെടുത്തുമ്പോള്‍ വളരെ വളരെ നല്ല കാര്യങ്ങളാണ്. സോഷ്യല്‍ മീഡിയ ഉപയോഗം വേണ്ട എന്നേയല്ല - അത് ആവശ്യത്തിന് മാത്രം എന്ന നിലയിലേക്ക് ചുരുക്കാൻ സാധിക്കണം. അഡിക്ഷൻ ആയിപ്പോകുന്ന സാഹചര്യമൊഴിവാക്കുക. 

Also Read:- എപ്പോഴും സ്ട്രെസ് അനുഭവപ്പെടുന്നോ?; സ്ട്രെസ് കുറയ്ക്കാനിതാ ചില 'ടിപ്സ്'...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios