തുമ്മല്‍ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. തുമ്മൽ പ്രധാനമായും രണ്ട് വിധത്തിലാണുള്ളത്. ഒന്ന്, അലർജികൊണ്ടുള്ള തുമ്മൽ. രണ്ട്, മറ്റ് രോഗങ്ങളോട് അനുബന്ധിച്ചുള്ള തുമ്മൽ. മഞ്ഞ്, തണുപ്പ്, പൊടി, പുക, പൂമ്പൊടി, സ്പ്രേ, പെയിന്റ് തുടങ്ങിയവയുടെ കണങ്ങൾ അലർജി മൂലമുള്ള തുമ്മലിനു കാരണമാകും. 

വളർത്തു മൃഗങ്ങളുടെ രോമം, വസ്ത്രങ്ങളിൽ നിന്നും പുസ്തകങ്ങളിൽ നിന്നുമുള്ള പൊടി, മാറാലകളും അതിൽ തങ്ങി നിൽക്കുന്ന പൊടികളും പലർക്കും തുമ്മലുണ്ടാക്കും. വിവിധ തരം പനികൾ, മൂക്കിൽ ദശയോ മുഴയോ വളരൽ, മൂക്കിന്റെ പാലത്തിനുള്ള വളവ്, നെറ്റിയിലെ കഫക്കെട്ട്, ടോൺസലൈറ്റ്സ്, ആസ്മ, വിവിധ ഇനം ചുമകൾ എന്നിവ മൂലമുണ്ടാകുന്നതാണ് രണ്ടാമത്തെ ഇനം തുമ്മൽ. രോഗപ്രതിരോധ ശക്തി കുറഞ്ഞവർക്കാണ് സാധാരണമായി അതിശക്തമായ തുമ്മൽ കണ്ടു വരുന്നത്. 

അധികകാലമായി പ്രമേഹമുള്ളവർക്കും ഇങ്ങനെ തുമ്മൽ വരാം. പ്രമേഹം, രോഗപ്രതിരോധ ശക്തി കുറയ്ക്കുന്നതു കൊണ്ടാണ് ചിലരിൽ ഇത്തരം തുമ്മൽ കാണാറുള്ളത്. ചൂടുള്ള ഭക്ഷണം ശീലമാക്കുക. പ്രാണായാമം പോലുള്ള യോഗാസനം നിർബന്ധമാക്കുക. ഫാനും എസിയും നിയന്ത്രിക്കുക എന്നിവയിലൂടെ തുമ്മൽ ഒരു പരിധിവരെ നിയന്ത്രിക്കാനാകും. അലർജി പ്രതിരോധിച്ചാൽ മാത്രമേ തുമ്മൽ ഒരു പരിധി വരെ കുറയ്ക്കാനാവുകയുള്ളൂ. 

അലർജി എങ്ങനെ പ്രതിരോധിക്കാം...?

 1. ചെറുപ്രാണികൾ വളരുവാൻ പറ്റാത്ത തരത്തിലുള്ള തുണിത്തരങ്ങളുപയോഗിച്ചുള്ള കിടക്കയോ തലയണയുറയോ ഉപയോഗിക്കുന്നത് നല്ലതാണ്. എല്ലാ ആഴ്ചയും വിരികൾ, പുതപ്പുകൾ എന്ന നല്ല ചൂടു വെള്ളത്തിലിട്ട് കഴുകണം.

2. നല്ല നിലവാരമുള്ള ഫിൽട്ടറുള്ള വാക്വം ക്ലീനറുപയോഗിച്ച് രണ്ടാഴ്ചയിൽ കൂടുമ്പോഴെങ്കിലും വീട് മൊത്തം വൃത്തിയാക്കണം.
    
3. എല്ലാ പ്രതലങ്ങളും നനഞ്ഞ തുണികൊണ്ട് തുടയ്ക്കുക.തുണികൊണ്ടുള്ള കളിപ്പാട്ടങ്ങളും ഇടയ്ക്കിടെ കഴുകുക.

4. വായു ചംക്രമണം ഉറപ്പുവരുത്തുക. ഇതിന് എക്സ്‌ഹോസ്റ്റ് ഫാൻ സഹായകരമാകും വാതാവരണത്തിന്റെ ജലാംശം 50 ശതമാനത്തിൽ താഴെ കുറയ്ക്കുവാൻ വേണ്ടി ഡീ ഹ്യൂമിഡി ഫയർ ഉപയോഗിക്കുന്നതു നന്നായിരിക്കും.

5. വീടിനുള്ളിൽ സാധനങ്ങൾ വൃത്തിയോടുകൂടി വയ്ക്കുക. പാറ്റ പോലുള്ള ചെറുപ്രാണികൾ വളരാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.

6. തൊലി കുത്തിയുള്ള അലർജിയുടെ പരിശോധന, രക്തത്തിൽ എച്ച്.ബി, ഈസിനോഫിൽ കോശങ്ങളുടെ അളവ്, അലർജിയുണ്ടാക്കുന്ന പദാർത്ഥങ്ങൾ കൊണ്ടുള്ള ആഹ്വാനം എന്നീ പരിശോധനകൾ വഴി രോഗം സ്ഥിരീകരിക്കാം.